17 February 2026, Tuesday

ഇൻഡസ്ഇൻഡ് ബാങ്കില്‍ ഫോറന്‍സിക് ഓഡിറ്റ്

Janayugom Webdesk
മുംബൈ
March 15, 2025 9:47 pm

ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് വ്യാപാരത്തിലെ അക്കൗണ്ടിങ് ക്രമക്കേടില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്ന് ശുപാര്‍ശ. ബാങ്കിന്റെ നിലവിലെ ഓഡിറ്റർമാരായ എംപി ചിറ്റാലെ ആന്റ് കമ്പനിയും എംഎസ്‌കെഎ ആന്റ് അസോസിയേറ്റ്സും ഈ ആവശ്യം ഉന്നയിച്ച് ഡയറക്ടര്‍ ബോർഡിന് കത്തെഴുതി. വിദേശ കറൻസി വ്യാപാരം, വിദേശ കറൻസി നിക്ഷേപങ്ങളിലെ ഡെറിവേറ്റീവ് ഇടപാടുകൾ എന്നിവയിലെ വര്‍ഷങ്ങളായി സംഭവിച്ച അക്കൗണ്ടിങ് പൊരുത്തക്കേടുകള്‍ കാരണം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് മാർച്ച് 10ന് ബാങ്ക് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ ഓഹരികള്‍ക്ക് വലിയ ഇടിവ് സംഭവിച്ചു. 2024 ഡിസംബർ വരെ 64,000 കോടി രൂപയുടെ ആസ്തിയുള്ള ബാങ്കിന് 2.35 ശതമാനം നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് അറിയിച്ചത്. ഇതിലൂടെ മാർച്ച് പാദ വരുമാനത്തിൽ ഏകദേശം 1,600 കോടി നഷ്ടം പ്രതിഫലിക്കുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ നഷ്ടം 2,000 കോടി രൂപയിൽ അധികമായിരിക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 

വിദേശനാണ്യ ഇടപാടുകളുടെ നഷ്ടം കുറയ്ക്കാന്‍ എടുത്ത ഡെറിവേറ്റീവ് പൊസിഷനില്‍ വന്ന പാകപ്പിഴയാണ് ഭീമമായ നഷ്ടത്തിലേക്കു വഴിതെളിച്ചത്. അക്കൗണ്ടിങ് പൊരുത്തക്കേടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ബാങ്കിന്റെ ഓഹരികളുടെ വില അടുത്ത ദിവസം തന്നെ 27 ശതമാനം ഇടിഞ്ഞു. മാർച്ച് മാസത്തിൽ മാത്രം 40 ശതമാനത്തിലധികം ഓഹരി വില ഇടിഞ്ഞതിനാൽ സെൻസെക്സിൽ നിന്നും നിഫ്റ്റിയിൽ നിന്നും പുറത്താകാനും സാധ്യതയുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 50 ശതമാനം വിപണി മൂല്യം കമ്പനിക്ക് നഷ്ടമായി. ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ (സിഎഫ്ഒ) അടുത്തിടെ രാജിവച്ചിരുന്നു. അതേസമയം ഇൻഡസ്ഇൻഡ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇന്നലെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബാങ്ക് നന്നായി മൂലധനം നേടിയിട്ടുണ്ടെന്നും സാമ്പത്തിക സ്ഥിതി തൃപ്തികരമാണെന്നും ആർബിഐ പറഞ്ഞു. ബാങ്ക് ആവശ്യമുള്ളതിലധികം പണം കൈവശം വച്ചിട്ടുണ്ട്. 2024 ഡിസംബറിലെ കണക്കനുസരിച്ച് ബാങ്കിന് 16.46 ശതമാനം മൂലധന പര്യാപ്തതാ അനുപാതം ഉണ്ടായിരുന്നു. ബാങ്കിന്റെ കൈവശം നൽകിയ വായ്പകളുടെ ഒരു നിശ്ചിത ശതമാനം കരുതൽ ധനമായി ഉണ്ടെന്നും ആർബിഐ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആർബിഐയെ കൂടാതെ, ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ഐസിഎഐയും ബാങ്കിന്റെ കണക്കുകൾ സ്വമേധയാ പരിശോധിക്കാൻ ആരംഭിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.