16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 3, 2025
March 30, 2025
March 29, 2025
March 28, 2025
March 19, 2025
March 17, 2025
March 17, 2025
March 12, 2025
March 11, 2025

‘പുലിവാല്‘പിടിച്ച് വനംവകുപ്പ് ; പുലിയെ തുറന്നുവിട്ടതിനെതിരെ കർണാടക പഞ്ചായത്ത് നിയമനടപടിക്ക്

ചാലിങ്കാലിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി
Janayugom Webdesk
കാസർകോട്
February 28, 2025 8:42 am

ഒരു ഭാഗത്ത് പുലി ഭീഷണി ഉയർത്തുമ്പോൾ മറുഭാഗത്ത് പിടികൂടിയ പുലിയെ തുറന്ന് വിട്ടതിൽവനംവകുപ്പിനെതിരെ പരാതിയുടെ പ്രളയം. ജില്ലയിലെ പുല്ലൂർ- പെരിയ പഞ്ചായത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി കമ്മാടത്തുപാറയിൽ വളർത്തുനായയെ കടിച്ചുകൊന്ന നിലയിലും കണ്ടെത്തിയിരുന്നു. പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ കുട്ടികളും രക്ഷിതാക്കളും അടക്കം അങ്കലാപ്പിലാണ്. രാത്രികാലങ്ങളിൽ ഈ ഭാഗത്തുകൂടിയുള്ള ആൾ സഞ്ചാരം ഒഴിവാക്കണമെന്നും പകൽനേരത്തുപോലും ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന വിവരമറിഞ്ഞതോടെ പ്രദേശവാസികൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന ്വസ്ഥയിലാണുള്ളത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കൊളത്തൂരിൽ നിന്നു പിടികൂടിയ പുലിയെ കർണാടകയിൽ തുറന്നുവിട്ടെന്ന് ആരോപിച്ച് കർണാടകയിലെ പാണാജെ പഞ്ചായത്ത് കേരള വനംവകുപ്പിനെതിരെ നിയമനടപടി ആരംഭിച്ചത്. 

നിയമവിരുദ്ധമായി പുലിയെ തുറന്നുവിട്ട കാസർകോട് ഡിഎഫ്ഒയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്തിൽ മെഹ്റയും അംഗങ്ങളുമാണ് സംപ്യയിലെ പൂത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പുലിയെ തുറന്നുവിട്ട ജാംബ്രി വനം ജനവാസ മേഖലയോട് ചേർന്നുനിൽക്കുന്ന ഇടമാണെന്നും കേരള വനംവകുപ്പിന്റെ നടപടി അംഗീകരിക്കാനാകാത്തതാണെന്നും പഞ്ചായത്ത് ഗ്രാമസഭയിൽ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് ഡിഎഫ്ഒയ്ക്കെതിരെ പരാതി നൽകിയത്. അതിന് പിന്നാലെ ഈ മേഖലയിൽ പുലിയെ പിടിക്കാനുള്ള കൂട് കർണാടക സ്ഥാപിച്ചു. ഈ മാസം 23 ന് കൊളത്തൂർ ആവലുങ്കാലി‍ൽ നിന്നു കൂടുവച്ചു പിടികൂടിയ പുലിയെ കേരള–കർണാടക അതിർത്തിയിലെ ജനവാസമേഖലയോടു ചേർന്ന വനത്തിൽ തുറന്നുവിട്ടുവെന്നാണ് ആരോപണം. അതേസമയം കേരളത്തിലെ ഉൾവനത്തിലാണ് പുലിയെ തുറന്നുവിട്ടതെന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ഡിഎഫ്ഒ കെ അഷ്റഫ് പറഞ്ഞു. കർണാടകയിൽ പുലിയെ തുറന്നുവിട്ടുവെന്നത് വെറും പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കർണാടക വനംവകുപ്പ് അസി. കൺസർവേറ്റർക്ക് പഞ്ചായത്തിന്റെ പരാതി കൈമാറുമെന്നും അവരുമായി ചർച്ച നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും റൂറൽ എസ്ഐ ജംബുരാജ് മഹാജൻ അറിയിച്ചു. പുലിയെ അതിർത്തിയിൽ തുറന്നുവിട്ടത് ബെള്ളൂർ പഞ്ചായത്തിൽ ഭീതിയുണ്ടാക്കിയെന്നും പുലിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബെള്ളൂർ പഞ്ചായത്ത് അധികൃതരും എൻമകജെ പഞ്ചായത്ത് അധികൃതരും രംഗത്ത് വന്നിരുന്നു. പുലിയെ വിട്ടുവെന്ന് പറയുന്ന സ്ഥലത്തിന്റെ ഒരു ഭാഗം കേരളത്തിലെ എൻമകജെ, ബെള്ളൂർ പഞ്ചായത്തുകളും മറുഭാഗം കർണാടകത്തിലെ പാണാജെ പഞ്ചായത്തുമാണ്.
ഒരു ഭാഗത്ത് പുലികളെ കൂടുവെച്ച് പിടികൂടണമെന്ന ജനങ്ങളുടെ ആവശ്യം. എന്നാൽ പിടിയിലാകുന്ന പുലികളെ എവിടെ തുറന്നുവിടുമെന്നതാണു വനംവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. പുലിയോ കടുവയോ പിടിയിലായാൽ, ജനവാസമേഖലകളിൽനിന്ന് ഏറെ അകലെയുള്ള ഉൾക്കാടുകളിൽ തുറന്നുവിടണമെന്നാണു നിയമം. 

പക്ഷേ കാസർകോട് ജില്ലയിൽ അങ്ങനെയൊരു സ്ഥലം ഇല്ലെന്നതാണ് ഉദ്യോഗസ്ഥരുടെ മുന്നിലുള്ള പ്രതിസന്ധി. ഇതിനിടെ വിവിധ മേഖലകളിൽ കാട്ടാനശല്യവും രൂക്ഷമായിട്ടുണ്ട്. എല്ലാംകൊണ്ട് പുലിവാല് പിടിച്ച അവസ്ഥയാണ് ജില്ലയിലെ വനംവകുപ്പിന്.

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.