5 November 2024, Tuesday
KSFE Galaxy Chits Banner 2

മായം ചേര്‍ത്ത കുരുമുളക് വിപണിയില്‍ സജീവം

Janayugom Webdesk
July 22, 2022 11:05 pm

നിയന്ത്രണമില്ലാത്ത ഇറക്കുമതിയും വിലയിടിവും മൂലം നട്ടംതിരിയുന്ന കുരുമുളക് കൃഷിക്കാരെ കൂടുതൽ ആശങ്കയിലാക്കി ഉല്പന്നത്തിൽ മായം ചേർക്കലും കള്ളക്കടത്തും വർധിക്കുന്നു. ഈ വർഷം വിവിധ പ്രശ്നങ്ങളാൽ കേരളത്തിൽ കുരുമുളക് ഉല്പാദനം കുറയുമെന്ന സൂചനകൾ പ്രകടമായിരിക്കെ, ഈ സ്ഥിതി കർഷകരെ സമ്മർദ്ദത്തിലാക്കുന്നതാണ്. മായം ചേർക്കൽ കയറ്റുുമതി രംഗത്തും തിരിച്ചടിയാകുന്നതായാണ് റിപ്പോർട്ടുകൾ. മായം ചേർക്കലിലും കള്ളക്കടത്തിലും സജീവമായിരിക്കുന്നത് ഉത്തരേന്ത്യൻ ലോബിയാണ്. പഞ്ഞി, പപ്പായ എന്നിവയുടെ കുരു വലിയ തോതിൽ ശേഖരിച്ച് ഉണക്കി കുരുമുളകിൽ കലർത്തുന്നതാണ് രീതി. ഉത്തരേന്ത്യയിലേക്കു കൊണ്ടുപോകാനായി ഇവ വില കൊടുത്ത് ശേഖരിക്കാനെത്തുന്നവരെ കർഷകരും നാട്ടുകാരും കേരളത്തിന്റെ പല ഭാഗത്തു നിന്നും പിടികൂടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. 

കൊച്ചി തുറമുഖത്തു തന്നെ കയറ്റുമതിക്കു തയാറാക്കി ദേശീയ കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സൂക്ഷിച്ച 300 കോടി രൂപയുടെ മായം ചേർത്ത കുരുമുളക് പിടിച്ചെടുത്ത സംഭവവമുണ്ടായിട്ടുണ്ട്. അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്ന് വിലയും ഗുണനിലവാരവും കുറഞ്ഞ കുരുമുളക് ധാരാളമായി അതിർത്തി കടന്നെത്തുന്നതാണ് ഈ രംഗത്തെ മറ്റൊരു വെല്ലുവിളി. ഇവ ശേഖരിച്ച് മായവും ചേർത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചുള്ള വില്പനയും വിദേശകയറ്റുമതിയും വടക്കേന്ത്യയിൽ ശക്തമാണെന്നാണ് റിപ്പോർട്ടുകൾ. 

മായം ചേർക്കുന്നതു മൂലമുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ കയറ്റുമതി വ്യാപാരികളുടെയും കർഷകരുടെയും സംഘടനകൾ തുടർച്ചയായി ചൂണ്ടിക്കാട്ടുമ്പോൾ, മായം തിരിച്ചറിയാനുള്ള വിദ്യകളെക്കുറിച്ച് പൊതുജനങ്ങളെ ഉദ്ബുദ്ധരാക്കാനുള്ള ചുമതല ആരോഗ്യ — കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറി ഉത്തരവാദിത്വത്തിൽ നിന്നൊഴിയുകയാണ് കേന്ദ്ര സർക്കാർ. രാജ്യാതിർത്തി കടന്നെത്തുന്ന കള്ളക്കടത്തിനെതിരെയും നടപടിയില്ല.
നിലവിൽ വിയറ്റ്നാം, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അനിയന്ത്രിതമായി നടക്കുന്ന ഇറക്കുമതി കുരുമുളക് കൃഷിക്കാരെ വീർപ്പുമുട്ടിക്കുകയാണ്. അതിനെതിരെയും നടപടിയാവശ്യപ്പെട്ട് പരാതികൾ ശക്തമാണെങ്കിലും അതൊരു പതിവ് പരിപാടി എന്നതിൽക്കവിഞ്ഞ പ്രാധാന്യമൊന്നും കേന്ദ്രം നൽകുന്നുമില്ല. 

Eng­lish Summary:forged pep­per runs in market
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.