
ഡോ. ശ്രീലക്ഷ്‌മി എസ്
ജൂനിയർ കൺസൾട്ടന്റ്, സൈക്കാട്രി
എസ് യു ടി ഹോസ്‌പിറ്റൽ
പട്ടം
ഡിമെന്‍ഷ്യ അഥവാ മറവി രോഗം എന്നത് വര്‍ദ്ധിച്ചു വരുന്ന ഒരു നാഡീവ്യവസ്ഥാ രോഗമാണ്. സ്വാഭാവിക ഓര്‍മ്മക്കുറവില്‍ നിന്നും വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്. രോഗം അധികരിക്കുന്ന അവസ്ഥയില്‍ ഓര്‍മ്മ, യുക്തി, പെരുമാറ്റം എന്നിവയെ ഡിമെന്‍ഷ്യ സാരമായി ബാധിക്കുന്നു. ഡിമെന്‍ഷ്യ/മേധാക്ഷയം ഗണത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് അല്‍ഷിമേഴ്സ്.
ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം. മേധാക്ഷയത്തില്‍ സാധാരണയായി കേട്ടുവരാറുള്ള സ്മൃതിനാശം/ഓര്‍മ്മക്കുറവ് മാത്രമായിരിക്കില്ല, മറിച്ച് ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട്, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ചിന്തകളിലെ വ്യതിയാനങ്ങള്‍, സാഹചര്യത്തിനൊത്തവണ്ണം തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ട്, മറവി മൂലം സ്വന്തം ജോലിയിലോ ദൈനംദിന ജീവിതത്തിലോ പ്രശ്‌നങ്ങള്‍ ഉണ്ടാവുക, സ്വതവേയുള്ള സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം സംഭവിക്കുക (ദേഷ്യം, സങ്കടം, വൈഷമ്യം, മൗനം ) എന്നിവയും ഉള്‍പ്പെടും. സാധനങ്ങള്‍ സൂക്ഷിച്ച് വച്ചിട്ട് മറന്നുപോവുക, മറ്റാരെങ്കിലും മോഷ്ടിച്ചെന്ന് ആരോപിക്കുക, അടുത്തകാലത്ത് നടന്ന കാര്യങ്ങള്‍ മറന്നുപോവുക, ഭക്ഷണം കഴിച്ചിട്ടും അത് മറന്നു പോവുക, അകാരണമായ ദേഷ്യം, പേടി തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ഈ അവസരത്തില്‍ സമഗ്രമായ മാനസിക പരിചരണം ആവശ്യമാണ്.
മുന്‍കൂട്ടിയുള്ള പരിശോധനയും രോഗ നിര്‍ണ്ണയവും
ഫലപ്രദമായി രോഗം നിയന്ത്രിക്കുന്നതിന് മുന്‍കൂട്ടിയുള്ള രോഗം നിര്‍ണ്ണയം അനിവാര്യമാണ്. ഡിമെന്‍ഷ്യ നിര്‍ണ്ണയിക്കുന്നതിനും അതിനു സമാനമായ മറ്റു രോഗ ലക്ഷണങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നതിനും ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്. ഇതിനായി Cognitive tests, Clinical evaluation, Neuro imaging എന്നിവ ചെയ്യേണ്ടതായി വരും. രോഗനിര്‍ണ്ണയം മുന്‍കൂട്ടി നടത്തുന്നതിലൂടെ രോഗം പുരോഗമിക്കുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നു.
ചികിത്സാ രീതികള്‍
ഡിമെന്‍ഷ്യ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചു കൊണ്ട് രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ആന്റിഡിപ്രസ്സന്റ്, ആന്റി സൈക്കോട്ടിക്ക്, അന്‍സിയോലൈറ്റിക് മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം സാധാരണയായി നല്‍കുന്നത്.
മരുന്നുകള്‍ ഇല്ലാതെ ചികിത്സ സാധ്യമോ?
മരുന്നുകളോടൊപ്പമാണ് മാനസികാരോഗ്യ വിദഗ്ദ്ധന്‍ മറ്റു ചികിത്സാരീതികള്‍ പാലിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ Cognitive-behavioural thetapy, തുടര്‍ന്ന് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായാല്‍ reminiscence therapy, AXpt]mse reality orientation therapy എന്നിവയാണ് മരുന്നിനോടൊപ്പം രോഗനിയന്ത്രണത്തിന് പ്രയോജനപ്രദമാകുന്നത്. രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, (സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക, പാട്ട് കേള്‍ക്കുക, ചെടിക്ക് വെള്ളം ഒഴിക്കുക, തുടങ്ങിയവ) വ്യായാമം ശീലിക്കുക എന്നിവ രോഗ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണ്.
രോഗിയെ പരിചരിക്കുന്നവരില്‍ ബോധവത്കരണം സൃഷ്ടിക്കുക
രോഗിയെ പരിചരിക്കുന്നവരെ മാനസികമായി പിന്തുണയ്‌ക്കേണ്ടത് അനിവാര്യമാണ്. പരിചരണം നല്‍കുമ്പോള്‍ സ്വയം സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരിക്കണം. അതിനായി രോഗത്തെപ്പറ്റിയുള്ള കൃത്യമായ ബോധവത്കരണം അവരില്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്. മനോരോഗ വിദഗ്ദ്ധനുമായിട്ടുള്ള ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഇത് സാദ്ധ്യമാകുന്നു. ഇത് കൂടാതെ ഇവരെ പിന്തുണയ്ക്കുന്നതിനായി നിരവധി സപ്പോര്‍ട്ട് ഗ്രൂപ്പുകളും നിലവിലുണ്ട്.
സമഗ്രമായ സമീപനം
ഡിമെൻഷ്യ രോഗത്തിന്റെ പരിചരണത്തിന് മെഡിക്കല്‍, മനഃശാസ്ത്രപരം, സാമൂഹിക ഇടപെടലുകള്‍ എന്നിവയുടെ സമഗ്രമായ സമീപനം ആണ് ആവശ്യമായിട്ടുള്ളത്. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ചികിത്സാ രീതികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. രോഗികള്‍ക്കും പരിചരണം നല്‍കുന്നവര്‍ക്കും വേണ്ടുന്ന പിന്തുണ നല്‍കുന്നതില്‍ മനോരോഗ വിദഗ്ദ്ധര്‍, നാഡീ വിദഗ്ദ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ദ്ധര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പരിചരണവും നിര്‍ദേശങ്ങളും അനിവാര്യമാണ്. ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുക. രോഗത്തെപ്പറ്റിയുള്ള കൃത്യമായ അറിവുണ്ടെങ്കില്‍ രോഗലക്ഷണങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അത് തിരിച്ചറിഞ്ഞ് ഡോക്ടറുടെ സഹായം തേടാന്‍ സാധിക്കുന്നു. ഓര്‍ക്കുക രോഗിയോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവരെയും പിന്തുണക്കേണ്ടത് അനിവാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.