ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റും സെെനിക ഭരണാധികാരിയുമായിരുന്ന പര്‍വേസ് മുഷറഫ് അന്തരിച്ചു. അമിലോയിഡോസിസ് എന്ന അപൂര്‍വ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. യുഎഇയിലെ അമേരിക്കന്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 1943ൽ ഡൽഹിയിലായിരുന്നു പർവേസ് മുഷറഫിന്റെ ജനനം. വിഭജനാനന്തരം മുഷറഫിന്റെ കുടുംബം പാകിസ്ഥാനിലെ കറാച്ചിയിലേക്ക് കുടിയേറുകയായിരുന്നു. 2001ല്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് സൈനിക മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നടത്തിയ സൈനിക അട്ടിമറിയിലൂടെയാണ് പര്‍വേസ് മുഷറഫ് പാകിസ്ഥാന്റെ പത്താമത് പ്രസിഡന്റായി അധികാരത്തിലെത്തുന്നത്. ഇക്കാലയളവിലാണ് ഇന്ത്യയുമായി കാര്‍ഗില്‍ യുദ്ധം നടന്നത്. എട്ട് വര്‍ഷത്തിനു ശേഷം 2008ല്‍ ഇംപീച്ച്മെന്റ് നടപടികള്‍ ഒഴിവാക്കാന്‍ മുഷറഫ് സ്ഥാനമൊഴിയുകയായിരുന്നു.
മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധവും രാജ്യദ്രോഹക്കുറ്റങ്ങളും ഉള്‍പ്പെടെ നിരവധി കേസുകള്‍ പര്‍വേസിനെതിരെയുണ്ട്.
2007ല്‍ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിലുള്‍പ്പെടെ 2019ല്‍ മുഷറഫിന് പെഷവാറിലെ പ്രത്യേക കോടതി വധശിക്ഷയും വിധിച്ചിരുന്നു. പിന്നീട് ലാഹോർ ഹൈക്കോടതി വധശിക്ഷ റദ്ദാക്കി. 2013 ഡിസംബറിലാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കേസെടുത്തത്. പിന്നാലെ രാജ്യം വിട്ട അദ്ദേഹം ദുബായില്‍ താമസിച്ച് വരികയായിരുന്നു. 2010ല്‍ മുഷറഫ് ഓള്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ് എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.
റോയല്‍ കോളജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസ്, പാകിസ്ഥാന്‍ മിലിറ്ററി അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം 1964ലാണ് പര്‍വേസ് മുഷറഫ് സൈന്യത്തിന്റെ ഭാഗമാവുന്നത്. ബ്രീട്ടിഷ് സൈന്യത്തിന്റെ പരീശീലനവും നേടിയിട്ടുണ്ട്.
സെക്കന്‍ഡ് ലഫ്റ്റനന്റായിരുന്ന പര്‍വേസ് 1965ലെ ഇന്ത്യ — പാക് യുദ്ധത്തില്‍ ഖേംകരന്‍ സെക്ടറില്‍ പാകിസ്ഥാന്‍ സെെന്യത്തെ നയിച്ചിട്ടുണ്ട്. 1971ലെ ഇന്ത്യയുമായുള്ള യുദ്ധത്തില്‍ കമാന്‍ഡോ ബറ്റാലിയന്റെ കമ്പനി കമാന്‍ഡറുമായിരുന്നു. ബേനസീര്‍ ഭൂട്ടോയുടെ കാലത്താണ് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തസ്തികയിലെത്തിയത്. 1998ല്‍ നവാസ് ഷെരീഫ് സൈനിക മേധാവിയായി നിയമിക്കുകയും ചെയ്തു. കരസേനാമേധാവി എന്ന സ്ഥാനം നിലനിര്‍ത്തിയാണ് അട്ടിമറിയിലൂടെ അധികാരത്തിലെത്തിയത്. സെഹ്ബയാണ് ഭാര്യ. അയ്‌ല, ബിലാല്‍ എന്നിവരാണ് മക്കള്‍.
English Summary: Former President of Pakistan Pervez Musharraf passed away
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.