25 December 2024, Wednesday
KSFE Galaxy Chits Banner 2

യുവരാജ് @ 40 നോട്ടൗട്ട് ; സിക്സര്‍ കിങ്ങിന് പിറന്നാള്‍

Janayugom Webdesk
December 12, 2021 9:01 am

ജീവിതത്തിലും ക്രിക്കറ്റ് പിച്ചിലും എന്നും പോരാളിയായ സൂപ്പര്‍താരം യുവരാജ് സിങ്ങിന് ഇന്ന് 40-ാം പിറന്നാള്‍. 1981 ഡിസംബര്‍ 12 നായിരുന്നു ജനനം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യുവരാജാവായിരുന്നു അദ്ദേഹം.ലോക ക്രിക്കറ്റില്‍ സിക്‌സര്‍ കിങ് എന്ന നാമം കൂടിയുണ്ട് യുവിക്ക്. കാൻസര്‍ എന്ന മാരക രോഗം മറച്ചുവെച്ച് 2011 ലോകകപ്പില്‍ പൊരുതിയപ്പോള്‍ ടൂര്‍ണമെന്റിലെ തന്നെ താരം. ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 362 റണ്‍സും 15 വിക്കറ്റുകളും. ഇന്ത്യക്കായി 304ഏകദിനങ്ങളില്‍ നിന്നും 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറികളും നേടി. 8701 റണ്‍സാണ് സമ്പാദ്യം. 40 ടെസ്റ്റുകള്‍ മാത്രമേ യുവിക്ക് കളിക്കാൻ സാധിച്ചുളളു. 1900 റണ്‍സും പത്ത് വിക്കറ്റുകളും നേടി. 58 ടി20യില്‍ നിന്നും 1177 റണ്‍സും എട്ട് അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 

ടി20 പ്രഥമ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്‌റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവി നേടിയ ആറു സിക്‌സറുകളെന്നും ലോക ക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ സുവര്‍ണനേട്ടമായി നിലകൊളളും. ഇന്ത്യൻ ടീമില്‍ താൻ ഒഴിച്ചിട്ട നാലാം നമ്പരില്‍ പല പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും യുവി ഉണ്ടാക്കിയ ആധിപത്യം തുടരാൻ ആര്‍ക്കും കഴിഞ്ഞില്ല. ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഫീല്‍ഡിങ് മികവ് കൊണ്ടും കാലങ്ങളോളം ഇന്ത്യയുടെ വിശ്വസ്തന്‍. വലിയ ടൂര്‍ണമെന്റിലെ താരം എന്നുതന്നെ യുവിയെ വിശേഷിപ്പിക്കാം. മുൻ നിര തകരുമ്പോള്‍ ടീവി ഓഫ് ചെയ്‌തിരുന്ന ഇന്ത്യൻ ആരാധകരെ കൊണ്ട് തന്നില്‍ വിശ്വാസമുറപ്പിക്കാം എന്ന് പഠിപ്പിച്ചവൻ. 

കെനിയയിൽ നടത്തിയ ഐസിസി നോക്കൗട്ട് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നടത്തിയ പടനീക്കത്തിലൂടെയായിരുന്നു യുവിയുടെ രംഗപ്രവേശം. യുവി 84 റൺസ് നേടിയ മത്സരം ഇന്ത്യ ജയിച്ചു. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയുടെ തണലിൽ യുവരാജ് സിങ് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായി വളരുകയായിരുന്നു. 2000 ലെ അണ്ടര്‍ 19 ലോകകപ്പിൽ 203 റൺസും 12 വിക്കറ്റും നേടിയ മിന്നും പ്രകടനത്തിലൂടെയാണ് യുവരാജ് സിങ് എന്ന ഇടങ്കയ്യൻ ബാറ്റ്സ്മാൻ ശ്രദ്ധ നേടിയത്. യുവരാജ് സിങ് കളത്തിലിറങ്ങിയാൽ ഇന്ത്യ ട്രോഫിയുമായി മടങ്ങുന്ന ഒരു കാലം ഇന്ത്യൻ ടീമിനുണ്ടായിരുന്നു. 2007ൽ ആദ്യ ലോക ട്വന്റി 20 മത്സരവും 2011ലെ ലോകകപ്പും ഇന്ത്യ നേടിയതും യുവിയുടെ കരുത്തിലായിരുന്നു. 2019ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച യുവി തിരിച്ചെത്തുന്നു എന്ന സര്‍പ്രൈസ് കൂടി പിറന്നാളിനുണ്ട്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ വെച്ചു നടന്ന ഏകദിന മത്സരത്തില്‍ താന്‍ 127 പന്തില്‍ 150 റണ്‍സ് നേടിയതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് താൻ തിരിച്ചുവരുന്നു എന്ന സൂചന നല്‍കിയത്.

വിരമിക്കലിന് ശേഷം അബുദാബി ടി10 ലീഗിലും ഗ്ലോബല്‍ ടി20 കാനഡയിലും പങ്കെടുത്ത യുവി റോഡ് സേഫ്റ്റി സീരീസില്‍ ഇന്ത്യ ലെജന്‍ഡ്‌സിനായും കളിച്ചിരുന്നു. വിരമിക്കലിന് ശേഷം വിദേശ ലീഗുകളില്‍ കളിച്ചതിനാല്‍ ഇനി ആഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും കളിക്കാന്‍ യുവിക്ക് അനുമതി ലഭിക്കാന്‍ സാധ്യതയില്ല. അതിനാല്‍ അടുത്ത വര്‍ഷത്തെ റോഡ് സേഫ്റ്റി സീരീസിലാവും താരം തിരിച്ചു വരവ് നടത്തുകയെന്നാണ് സൂചന. ക്രിക്കറ്റ് ലോകത്തെ സിക്സര്‍ കിങ്ങിന് പിറന്നാള്‍ ആശംസകള്‍.
ENGLISH SUMMARY;Fourty th birth­day of Yuvraj Singh
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.