മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച സഹകരണ ബാങ്ക് മാനേജരുടെയും ഭാര്യയുടെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. കാറളം സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കാവുപ്പാറ ശാഖയുടെ മാനേജർ‑കം-കാഷ്യർ ആയ കാറളം കാക്കേരി വീട്ടിൽ ഷൈൻ (50), ഭാര്യ ഷീജ (45), ഷൈനിന്റെ സഹോദരി ലിഷ (46) എന്നവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി പി സെയ്തലവി തള്ളിയത്.
2022 ഏപ്രില്‍ മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 428 ഗ്രാം മുക്കുപണ്ടം ഭാര്യയുടെയും സഹോദരിയുടെയും പേരിൽ സ്വർണ്ണ പണയം വെച്ച് 19,54,000 രൂപ വായ്പയെടുത്ത സംഭവത്തില്‍ ബാങ്കിന്റെ പരാതിയിൽ കാറളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത സമയത്ത് തുക അടച്ച് മുക്കുപണ്ടം തിരിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടുവാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ബാങ്കിനെ കബളിപ്പിച്ചെടുത്ത തുക തിരികെ അടച്ചതു മൂലം കേസിൽ നിന്നും പ്രതികളെ ഒഴിവാക്കാനാകില്ലെന്നും പ്രതിയ്ക്കും കൂട്ടാളികള്‍ക്കും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനുമെല്ലാം ഇടയാക്കുമെന്നുമുള്ള പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.