23 September 2024, Monday
KSFE Galaxy Chits Banner 2

ചതിക്കുഴിയൊരുക്കി ഓൺലൈൻ വായ്പാ ആപ്പുകൾ പെരുകുന്നു

പി ആർ റിസിയ
തൃശൂർ
February 3, 2022 9:48 pm

കോവിഡ് മഹാമാരി വരുത്തിവച്ച തൊഴിൽ നഷ്ടവും, സാമ്പത്തിക ഞെരുക്കവും മുതലെടുത്ത് ജനങ്ങളെ ചതിക്കുഴിയിൽ പെടുത്തി ഓൺലൈൻ ആപ്പുകൾ പെരുകുന്നു. ഇത്തരം ഓൺലൈൻ ആപ്പുകളുടെ വലയിൽ വീഴുന്ന മലയാളികളുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. ദിവസേന നിരവധി മലയാളികളാണ് ആപ്പുകളുടെ കെണിയിൽപ്പെടുന്നത്. ചതിയിൽ പെട്ട് പണം നഷ്ടമായതിനെ തുടർന്ന് ജീവനൊടുക്കിയവരും നിരവധി. എളുപ്പത്തിൽ പണം കിട്ടുന്ന ഓൺലൈൻ ലോണുകളാണ് ഭൂരിഭാഗം പേരെയും ആകർഷിക്കുന്നത്. എന്നാൽ ലോൺഎടുത്ത് കെണിയില്‍പ്പെട്ടവർ തിരിച്ചുകയറാനാവാതെ ഉഴലുകയാണ്. വളരെ എളുപ്പം ലോൺ വാഗ്ദാനം ചെയ്താണ് ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോക്താക്കളിലേക്ക് എത്തുന്നത്. 

ഓൺലൈൻ ചൂതാട്ട, വാതുവെപ്പ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരും അടിയന്തിരമായി പണം ആവശ്യമായിട്ടുള്ളവരുമാണ് ഇത്തരം ആപ്പുകളുടെ വലയിലാവുന്നത്. ഓൺലൈൻ പരസ്യങ്ങൾ, എസ്എംഎസ്, ഇമെയിൽ, പോലുള്ള മാർഗങ്ങളിലൂടെയും മോഹവാഗ്ദാനങ്ങളിലൂടെയും ഇവർ ഇരകളെ കണ്ടെത്തും. വലിയ പേപ്പർ ജോലികളില്ലാതെ എളുപ്പം പണം ലഭിക്കും എന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളിലേക്ക് ആളുകള്‍ ആകർഷിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. ഇങ്ങനെ പണമെടുക്കുന്നവർ വലിയ പലിശ നിരക്കിനെ വകവെക്കാറുമില്ല. 

കഴുത്തറുപ്പൻ പലിശ ചുമത്തിക്കൊണ്ടാണ് ഈ ആപ്പുകളിൽ പലതും ലോൺ നൽകുന്നത്. വായ്പകൾക്ക് 20% മുതൽ 40% വരെയുള്ള കൊള്ളപ്പലിശയും, 10 — 25 ശതമാനം പ്രോസസിംഗ് ചാർജ്ജുമാണ് ഈടാക്കുന്നത്. കേവലം ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും സോഫ്റ്റ് കോപ്പികൾ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂ. ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധി. കൃത്യമായി അടയ്ക്കാൻ സാധിച്ചാൽ എളുപ്പം രക്ഷപ്പെടാം. എന്നാൽ വീഴ്ച വന്നാൽ കളിമാറും. പിന്നീട് വായ്പാകുടിശിക അറിയിച്ചുകൊണ്ട് സന്ദേശങ്ങളും ഭീഷണിയുമാണ് ആപ്പുകളുടെ രീതി. ഫോൺ ഹാക്ക് ചെയ്ത് ഫോണിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ചുകൊടുത്ത സംഭവങ്ങളുമുണ്ട്. 

ലൈവ് ക്യാഷ്, ആസാൻ ലോൺ തുടങ്ങി നൂറുകണക്കിന് ആപ്പുകളാണ് പ്ലേസ്റ്റോറിലുള്ളത്. ഇവരിൽ ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസ് ഇല്ലാത്തവരാണ്. ആസാൻലോണിന്റെ ഭീഷണിയെ തുടർന്ന് അടുത്തിടെ തലശ്ശേരി സ്വദേശി പൂനെയിൽ ആത്മഹത്യചെയ്തിരുന്നു. തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ പൊലീസ് വലവിരിച്ചതു മൂലം ഇടയ്ക്ക് ഇവർ നിർജ്ജീവമായിരുന്നു. എന്നാൽ ഒരിടവേളക്ക് ശേഷം സംഘങ്ങൾ സജീവമായിത്തുടങ്ങിയിട്ടുണ്ട്. 

ENGLISH SUMMARY: fraud Online loan apps are proliferating
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.