ആലപ്പുഴ: അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞ് വാട്ട്സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിലോ ക്യുആർ കോഡ് അയച്ചും സൈബർ തട്ടിപ്പുകാർ വല വിരിക്കുന്നു. തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പും നിരീക്ഷണവുമായി സൈബർ പൊലീസും രംഗത്ത്. ഒരിക്കലും പണം സ്വീകരിക്കുന്നതിന് ക്യുആർ കോഡുകൾ സ്കാൻ ചെയ്യേണ്ടതില്ല. പക്ഷേ, അറിവില്ലായ്മ മുതലെടുത്ത് തട്ടിപ്പ് സംഘങ്ങൾ ക്യുആർ കോഡ് അയച്ച് സ്കാൻ ചെയ്യാൻ നിർദ്ദേശം നൽകി ബാങ്ക് അക്കൗണ്ട് വിവരം അടക്കം ഹാക്കർമാർ ചോർത്തി പണം തട്ടിക്കുന്നുണ്ടെന്നാണ് വിവരം.
ഒഎൽഎക്സ് അടക്കമുളള ഇടപാടുകളിലും ജാഗ്രത വേണം. ഇടപാടുകാരുടെ പ്രൊഫൈൽ ഫോട്ടോ, പേര്, ഫോൺ നമ്പർ, ചേർന്ന തീയതി എന്നിവ പരിശോധിക്കണം. തട്ടിപ്പിനെത്തുടർന്ന് അക്കൗണ്ട് ആരെങ്കിലും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് ഒഎൽഎക്സിൽ കാണാം. തുടർന്ന് ഇടപാട് നടത്തുമ്പോൾ ശ്രദ്ധിക്കണം. ക്യുആർ കോഡുകൾ നയിക്കുന്ന യുആർഎല്ലുകൾ എല്ലാം ശരിയാകണമെന്നില്ല. തട്ടിപ്പിനായി ഫിഷിംഗ് വെബ്സൈറ്റിലേക്ക് കൊണ്ടുപോകാൻ അതിന് കഴിഞ്ഞേക്കും. ക്യുആർ കോഡ് ഉപയോഗിച്ച് ലിങ്ക് തുറക്കുമ്പോൾ, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കണം. അറിയപ്പെടുന്ന സേവന ദാതാക്കളെ ആശ്രയിക്കണം. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യുആർ കോഡ് ജനറേറ്റ് ചെയ്യുക. സ്കാനർ ആപ്പ് സെറ്റിംഗ്സിൽ ഓപ്പൺ യുആർഎൽ ഓട്ടോമാറ്റിക്കലി എന്ന ഓപ്ഷൻ യുക്താനുസരണം സെറ്റ് ചെയ്യാവുന്നതാണ്.
നമ്മുടെ അറിവോടെ വെബ്സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം. കസ്റ്റം ക്യുആർ കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. സ്കാൻ ചെയ്യാൻ ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കേണ്ടതാണ്.
English Summary: fraud with QR code; Trapped under the pretense of giving money
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.