
കോടിക്കണക്കിന് രൂപയുടെ സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാറിൽ അധികാരം നിലനിർത്തിയെങ്കിലും പുതിയ എൻഡിഎ സർക്കാരിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക അടിത്തറയെ തകർക്കുന്ന രീതിയിലുള്ള ഈ പ്രഖ്യാപനങ്ങൾ ദീർഘകാല ലക്ഷ്യങ്ങളോടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ബിഹാറിന്റെ പൊതുചെലവുകൾക്കായി സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്നത് കേന്ദ്ര സർക്കാരിൽ നിന്നുള്ള ഫണ്ടുകളെയാണ് എന്നതാണ് പ്രത്യേകത. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ നാലിൽ മൂന്ന് ഭാഗവും കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതത്തിലൂടെയും ഗ്രാന്റുകളിലൂടെയുമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന സൗജന്യ പദ്ധതികൾ സംസ്ഥാന ഖജനാവിന് താങ്ങാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ നിരവധി പദ്ധതി പ്രഖ്യാപനങ്ങളായിരുന്നു നടത്തിയത്. ഇവയെല്ലാം എൻഡിഎയുടെ പ്രകടന പത്രികയിലും ഉൾപ്പെടുത്തിയിരുന്നു. ഓരോ വീടിനും പ്രതിമാസം 125 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകൾ, കർഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം, സാമൂഹ്യ സുരക്ഷാ പെൻഷൻ തുക ഇരട്ടിയാക്കൽ, ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം, മുഖ്യമന്ത്രിയുടെ വനിതാ തൊഴിൽ പദ്ധതി പ്രകാരം 2 ലക്ഷം രൂപ വരെ സഹായം, 50 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കൽ, അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം, വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം തുടങ്ങിയ വന്‍ പ്രഖ്യാപനങ്ങളാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായത്. പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് ലഭിക്കുന്ന ധനസഹായം പ്രതിവർഷം 3,000 രൂപ വര്‍ധിപ്പിച്ച് 9,000 രൂപയാക്കുമെന്നും നിതീഷ് കുമാർ വാഗ്ദാനം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ പദ്ധതികളിൽ പലതും സംസ്ഥാന സർക്കാർ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വനിതാ തൊഴിൽ പദ്ധതി പ്രകാരം 1.3 കോടിയിലധികം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറിയിരുന്നു. ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും ഈ തുകയുടെ ഒരു ഭാഗം വിതരണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആഴ്ചകളിൽ സംസ്ഥാന ഖജനാവിൽ നിന്ന് മൊത്തം 1.25 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 12,500 കോടി രൂപ നേരിട്ടുള്ള ആനുകൂല്യമായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.