19 December 2024, Thursday
KSFE Galaxy Chits Banner 2

ട്രോളിങ് നിരോധന കാലയളവില്‍ സൗജന്യ റേഷൻ: മന്ത്രി സജി ചെറിയാന്‍

‘നിസഹകരണ പ്രസ്ഥാന’വുമായി എ‑ഐ ഗ്രൂപ്പുകള്‍
Janayugom Webdesk
ഗുരുവായൂർ
June 11, 2023 9:57 pm

ട്രോളിങ് നിരോധന കാലയളവിലേക്കാവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചതായും ഫിഷറീസ് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ട്രോളിങ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവല്‍ക്കൃത മത്സ്യബന്ധനയാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതോടൊപ്പം സമ്പാദ്യ സമാശ്വാസ പദ്ധതി തുക ഗഡുക്കളായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രോളിങ് നിരോധന സമയത്ത് കടൽ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പട്രോളിങ്ങിനുമായി ഒമ്പത് തീരദേശ ജില്ലകളിലായി 20 സ്വകാര്യ ബോട്ടുകളും അഞ്ച് ഫൈബർ ബോട്ടുകളും വാടകയ്ക്ക് എടുത്ത് ആവശ്യമായ സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളുമുണ്ട്. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ 83 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ സുരക്ഷാ സേനാംഗങ്ങളായി എല്ലാ ഹാർബറുകളിലും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിയോഗിച്ചു. കടൽ പട്രോളിങ്ങിനും രക്ഷാപ്രവർത്തനങ്ങൾക്കും ആവശ്യമായ തുക ഒമ്പത് തീരദേശ ജില്ലകൾക്കും അനുവദിച്ചു.
ട്രോൾ ബാൻ കാലയളവിൽ കടൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടി വരുമ്പോൾ ഫിഷറീസ് വകുപ്പ് മറൈൻ എൻഫോർസ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഇന്ത്യൻ നേവി ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ സജ്ജരാകുവാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
ജില്ലാ തലത്തിൽ ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും മീറ്റിങ് ജില്ലാതലത്തിൽ വിളിച്ചുകൂട്ടി ട്രോൾ ബാൻ വിജയിപ്പിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോയി എന്ന് ഉറപ്പാക്കി. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കടൽ സുരക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാർ കാർഡ്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ കൈയിൽ കരുതണം. ആയത് യാനഉടമകൾ ഉറപ്പാക്കണം. ഏകീകൃത കളർ കോഡിങ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ഈ ട്രോൾ ബാൻ കാലയളവികൾ തന്നെ അടിയന്തിരമായി കളർ കോഡിങ് നടത്തണം. ഫിഷറീസ് ജില്ലാ ഓഫീസർമാർ അത് പരിശോധിച്ചു ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
eng­lish sum­ma­ry; Free ration dur­ing trolling ban peri­od: Min­is­ter Saji Cherian
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.