
രാജ്യത്തെ സൂക്ഷ്മ‑ചെറുകിട‑ഇടത്തരം (എംഎസ്എംഇ) വ്യവസായ സംരംഭങ്ങളുടെ തകര്‍ച്ചയിലേക്ക് വഴിതുറന്ന് ഇന്ത്യ‑യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ‌്ടിഎ) ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെയും സാന്നിധ്യത്തില്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് വ്യാപാര സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സുമാണ് സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സിഇടിഎ) ഒപ്പുവച്ചത്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് കരാര്‍ ഗുണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. മൂന്നു വര്‍ഷം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം ലഭിച്ചത്. ഉഭയകക്ഷി വ്യാപാരം 30 ബില്യണ്‍ ഡോളറില്‍ നിന്നും 2030 ഓടെ 130 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാന്‍ കരാര്‍ ലക്ഷ്യമിടുന്നു. ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യൻ കയറ്റുമതിയുടെയും താരിഫ് പൂർണമായും ഒഴിവാക്കപ്പെടും. ബ്രിട്ടീഷ് ഉല്പന്നങ്ങളായ വിസ്കി, കാറുകൾ എന്നിവയുൾപ്പെടെയുള്ള 90% ഉല്പന്നങ്ങളുടെയും താരിഫ് ഇന്ത്യ കുറയ്ക്കും. വിസ്കിയുടെ താരിഫ് 150%ൽ നിന്ന് ഉടനടി 75% ആയും അടുത്ത പത്ത് വർഷത്തിനുള്ളിൽ 30% ആയും കുറയും.
യുകെ ഉല്പന്നങ്ങളുടെ ശരാശരി താരിഫ് 15%ൽ നിന്ന് 3% ആയി കുറയും. സോഫ്റ്റ് ഡ്രിങ്ക്സ്, സൗന്ദര്യവർധക വസ്തുക്കൾ, കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ ഉല്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ബ്രിട്ടീഷ് കമ്പനികൾക്ക് കൂടുതൽ എളുപ്പമാകും. ലോകത്തെ ഏറ്റവും അതിവേഗത്തില്‍ വളരുന്ന എഫ്എംസിജി മേഖലയാണ് ബ്രിട്ടീഷ് കമ്പനികള്‍ക്ക് തുറന്നുകിട്ടുക. അതേസമയം പാലുല്പന്നങ്ങൾ, ആപ്പിൾ, ഓട്സ്, ഭക്ഷ്യ എണ്ണകൾ എന്നിവയ്ക്ക് താരിഫ് ഇളവില്ല. തുണിത്തരങ്ങള്‍, സമുദ്രോല്പന്നങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയിലാണ് കരാര്‍ ഇന്ത്യക്ക് ഗുണംചെയ്യുക.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലും രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും വലിയ തൊഴിൽദാതാക്കളുമായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) കരാര്‍ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. കരാറിന്റെ പ്രയോജനം എംഎസ്എംഇ മേഖലയില്‍ ലഭിക്കാന്‍ വലിയ തോതില്‍ നിക്ഷേപം നടത്തേണ്ടതായി വരും. കഴിഞ്ഞ 11 വർഷത്തിനിടയിൽ അഡാനി-റിലയന്‍സ് തുടങ്ങിയ വൻകിട ബിസിനസ് ഗ്രൂപ്പുകൾക്ക് അനുകൂലമായ മോഡി സർക്കാരിന്റെ സമീപനം കാര്‍ഷിക‑തൊഴില്‍ മേഖലയുടെ വന്‍ തകര്‍ച്ചയിലേക്ക് വഴിതുറന്നിരുന്നു. മോഡി വാഴ്ത്തിപ്പാടുന്ന മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറോടെ വാക്കുകളില്‍ ഒതുങ്ങും.
കാര്‍ ഇറക്കുമതി ചുങ്കം 100 ല്‍ നിന്ന് പത്ത് ശതമാനമായി കുറയ്ക്കാനുള്ള തീരുമാനവും ആഭ്യന്തര വാഹന നിര്‍മ്മാണ രംഗത്തെ ബാധിക്കും. ചരിത്രത്തില്‍ ആദ്യമായാണ് കാര്‍ ഇറക്കുമതി ചുങ്കം പത്ത് ശതമാനമെന്ന ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ത്തിയിരിക്കുന്നത്. എയ്‌റോസ്‌പേസ് ഉല്പന്നങ്ങള്‍ക്ക് ഉണ്ടായിരുന്ന 11 ശതമാനം തീരുവ ഇന്ത്യ ഒഴിവാക്കി. ഇലക്ടിക്കല്‍ യന്ത്രങ്ങളുടെ 22 ശതമാനം തീരുവയും വെട്ടിക്കുറച്ചു.
എഫ്‌ടിഎ പ്രകാരം ബ്രിട്ടീഷ് സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണത്തിൽ പങ്കെടുക്കാനും അവസരം ഒരുങ്ങും. യുകെയ്ക്ക് നല്‍കുന്ന ഇളവ് ഭാവിയില്‍ യുഎസ്-യുറോപ്യന്‍ യുണിയനുകളിലെ വ്യാപാര പങ്കാളികളുമായുള്ള കരാറിലും പ്രതിഫലിക്കും. ബൗദ്ധിക സ്വത്തവകാശങ്ങളുടെ വ്യാപാര സംബന്ധിയായ വശങ്ങളെക്കുറിച്ചുള്ള ലോക വ്യാപാര കരാറിനപ്പുറമുള്ള (ഡബ്ല്യുടിഒ) പേറ്റന്റ് നിയമങ്ങള്‍ക്ക് യുകെയ്ക്ക് വഴങ്ങിയതും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.