21 November 2024, Thursday
KSFE Galaxy Chits Banner 2

ആവിഷ്കാര സ്വാതന്ത്ര്യം ചങ്ങലക്കണ്ണിയില്‍

Janayugom Webdesk
September 29, 2024 5:00 am

സ്തുതാ പരിശോധനാ യൂണിറ്റ് (എഫ്‌സിയു) സ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി നിയമ ഭേദഗതി മുംബൈ ഹൈക്കോടതി റദ്ദാക്കി. 2023ലെ ഐടി ഭേദഗതി ചട്ടങ്ങൾ റദ്ദാക്കിയ ജസ്റ്റിസ് എ എസ് ചന്ദൂർക്കറുടെ ഉത്തരവ്, ഐടി ഭേദഗതി നിയമങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയുടെ രണ്ടംഗ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ സാധുത ഇല്ലാതാക്കി. സർക്കാർ പരിശ്രമം തങ്ങള്‍ക്കെതിരായ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. പക്ഷെ, “വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ” തുടങ്ങിയ പ്രയോഗങ്ങളും വാക്കുകളും നിർവചിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ചന്ദൂർക്കർ വിധിച്ചു. എഫ്‌സിയു സർക്കാരിന്റെ സ്വന്തം കാര്യലാഭം ലാക്കാക്കിയുള്ളതാണെന്നും അതിനാൽ, എഫ്‌സിയു രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ചന്ദൂർക്കർ വ്യക്തമാക്കി. 2024 ജനുവരി 31ന് പുറപ്പെടുവിച്ച ഡിവിഷന്‍ ബെഞ്ച് വിധിയിൽ, ഭരണഘടനാ വിരുദ്ധവും ആനുപാതികമല്ലാത്തതുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജസ്റ്റിസ് ഗൗതം പട്ടേൽ വസ്തുതാ പരിശോധനാ യൂണിറ്റ് റദ്ദാക്കിയിരുന്നു. സഹ ജഡ്ജി ജസ്റ്റിസ് നീല ഗോഖലെ ഇക്കാര്യത്തില്‍ വിയോജിച്ചു. തുടര്‍ന്നാണ് മൂന്നാം ജഡ്ജിയായി ജസ്റ്റിസ് ചന്ദൂർക്കര്‍ വ്യക്തത വരുത്തിയത്. ഈ ഉത്തരവിന് സ്റ്റേ ലഭിക്കാതെ കേന്ദ്രത്തിന് വസ്തുതാ പരിശോധനാ യൂണിറ്റ് ആരംഭിക്കാനാവില്ല. 

2021ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങളിൽ വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാൻ വസ്തുതാ പരിശോധനാ സംവിധാനത്തിനുള്ള വ്യവസ്ഥകള്‍ ഉൾപ്പെടെ, ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം ചില ഭേദഗതികൾ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ചേര്‍ന്നതാണ് എഫ്‌സിയുവിന്റെ കഥാരംഭം. 2023 ഏപ്രിൽ ആറിനായിരുന്നു പ്രഖ്യാപിത തുടക്കം. സർക്കാരുമായി ബന്ധപ്പെട്ടതും തെറ്റായതും അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്നതോ ദോഷകരമായതോ ആയ ഓൺലൈൻ ഉള്ളടക്കങ്ങള്‍ “വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ” എന്ന് മുദ്രകുത്താനുള്ള അധികാരം എഫ്‌സിയുവിന് നൽകുകയായിരുന്നു ലക്ഷ്യം. “സുരക്ഷിത മേഖലകളില്‍” ഉള്ളടക്കം ഒതുക്കാന്‍ ഓണ്‍ലൈന്‍ സംരംഭകരോട് ആവശ്യപ്പെടുക, അല്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുക ഇതായിരുന്നു ഉള്ളടക്കം. ഇതിനെത്തുടർന്ന്, കേന്ദ്രം പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ ഓണ്‍ലൈന്‍ വിവരങ്ങളുടെ ഉള്ളടക്കം ഏകപക്ഷീയമായി തടയുന്നതിനോ അല്ലെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനോ നിർജീവമാക്കുന്നതിനോ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സ്റ്റാൻഡപ്പ് കോമേഡിയൻ കുനാൽ കമ്ര ബോംബെ ഹൈക്കോടതിയിൽ ഹർജി നല്‍കി. എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, ന്യൂ ബ്രോഡ്‌കാസ്റ്റ് ആന്റ് ഡിജിറ്റൽ അസോസിയേഷൻ, അസോസിയേഷൻ ഓഫ് ഇന്ത്യൻ മാഗസിൻസ് എന്നിവരും സമാനമായ ഹർജികൾ സമർപ്പിച്ചു. 

എഫ്‌സിയു രൂപീകരണം തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിനുള്ള അവകാശത്തിന്റെയും ലംഘനമാണ്. ജനാധിപത്യം കെട്ടിപ്പടുക്കേണ്ട ഭരണഘടനയുടെ അടിസ്ഥാനങ്ങളിലൊന്നാണ് ഇവ. എഫ്‌സിയു അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയും ഏകപക്ഷീയമായ സെൻസർഷിപ്പിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഹർജിക്കാർ വാദിച്ചു. നിയമങ്ങൾ, പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കത്തെ അന്യായമായും ക്രമരഹിതമായും പരിമിതപ്പെടുത്തുമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും തൊഴിലിനുമുള്ള അവകാശത്തെ ഹനിക്കുമെന്നും കമ്രയുടെ ഹർജിയില്‍ ചൂണ്ടിക്കാട്ടി. ഭേദഗതി വരുത്തിയ ഐടി ചട്ടം, എല്ലാ വിധത്തിലും, മൗലികാവകാശങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാരിന്റെ പരിശ്രമമായിരുന്നു. അക്ഷരാർത്ഥത്തിൽ ഭരണകൂടം ഭരണഘടനയെത്തന്നെ ലംഘിക്കുകയായിരുന്നു. മൗലികാവകാശം മാറ്റാൻ ഭരണഘടനാ ഭേദഗതിയിലൂടെ സാധ്യമായേക്കാം. എന്നാല്‍ അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തരുത്. കേശവ ഭാരതിയുൾപ്പെടെയുള്ള നിരവധി സുപ്രധാന കേസുകളിൽ സുപ്രീം കോടതി ഈ തത്വം സ്ഥാപിച്ചിട്ടുണ്ട്. മൗലികാവകാശങ്ങൾ മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. പാർലമെന്റിന്റെ ഇരുസഭകളും പ്രത്യേക ഭൂരിപക്ഷത്തോടെ ഭേദഗതി പാസാക്കണം. ജസ്റ്റിസ് എ എസ് ചന്ദൂർക്കർ ഡിവിഷന്‍ ബെഞ്ച് വിധിയുടെ ആശങ്കകള്‍ അവസാനിപ്പിച്ച് സ്വേച്ഛാധിപത്യത്തിന്റെ മുന്നോടിയായ മറ്റൊരു നടപടിക്ക് തഴുതിട്ടു. സർക്കാരിന് എഫ്‌സിയു രൂപീകരിക്കാനുള്ള സാധ്യത ഇല്ലാതാക്കി. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമങ്ങൾ, വിയോജിപ്പ് എന്നിവ സംരക്ഷിച്ച് തീരുമാനത്തിലെത്തി.
2023ലെ ഐടി നിയമങ്ങളിലെ വസ്തുതാ പരിശോധനാ ഭേദഗതിക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കാര്യമായ സ്വാധീനം ചെലുത്താനാകും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്ന മറവില്‍ വിവരങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാര്‍ സെൻസർഷിപ്പിനെ ന്യായീകരിക്കാൻ കഴിയില്ല. ജസ്റ്റിസ് ഗൗതം പട്ടേൽ സൂചിപ്പിച്ചത് ‘സ്വയം പ്രതിരോധിക്കാൻ സർക്കാരിന് ഇതിനകം തന്നെ ‘ഏറ്റവും മികച്ച ഉച്ചഭാഷിണിയും ഉയര്‍ന്ന സ്വരവും ഉണ്ട്’ എന്നാണ്. ഭേദഗതി, നടപ്പാക്കിയിരുന്നെങ്കിൽ, കേന്ദ്രം ഇഷ്ടമില്ലാത്ത ഉള്ളടക്കങ്ങളെ വ്യാജം, തെറ്റായത് അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് മുദ്രചാര്‍ത്തി നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു. ജസ്റ്റിസ് പട്ടേൽ ചൂണ്ടിക്കാട്ടിയതുപോലെ, ‘എതിർപ്പുള്ള കാഴ്ചപ്പാട് സ്ഥാപിക്കാനുള്ള അവകാശത്തിന്റെ’ അന്തിമ അധികാരിയായി സർക്കാര്‍ മാറുമായിരുന്നു. ഭരണകൂടത്തിന്റെ വസ്തുതാ പരിശോധനാ സംവിധാനത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഫേസ്ബുക്ക് അല്ലെങ്കിൽ യൂട്യൂബ് പോലുള്ള സമൂഹമാധ്യമ സംവിധാനങ്ങള്‍ കുരിശിലാകുമായിരുന്നു. ഇന്ത്യയിലെ നൂറുകോടിയിലധികം ജനങ്ങളുടെ വിമർശനത്തിനും വിയോജിപ്പിനുമുള്ള അവകാശം ഈ ഭേദഗതി ഇല്ലാതാക്കുമായിരുന്നു. സ്വതന്ത്രവും അന്വേഷണാത്മകവുമായ മാധ്യമപ്രവര്‍ത്തനത്തിന് വലിയ തിരിച്ചടിയാകുമായിരുന്നു. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം നിലവില്‍ത്തന്നെ ഭീഷണിയിലാണ്. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023, ഭേദഗതി ആശയവിനിമയങ്ങളെ അപകടത്തിലാക്കുന്നു. കരട് ബ്രോഡ്കാസ്റ്റിങ് ബിൽ എല്ലാ വാർത്തകൾക്കും സമകാലിക പരിപാടികള്‍ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കരുതിക്കൂട്ടിയുള്ളതാണ്. 2021ലെ ഐടി നിയമങ്ങളും ചട്ടങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ദുർബലപ്പെടുത്തുകയും അനാവശ്യ നിയമക്കുരുക്കുകള്‍ക്ക് ഇടയാക്കുകയും ചെയ്യും.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.