14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2024
July 9, 2024
May 18, 2024
November 15, 2023
October 11, 2023
April 26, 2023
March 29, 2023
December 10, 2022
October 23, 2022
September 25, 2022

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ സി ദേവസ്സിയുടെ ഓർമ്മകളുമായി സുഹൃത്‌സംഗമം നാളെ

ഷാജി ഇടപ്പള്ളി 
കൊച്ചി
May 18, 2024 1:59 pm

ദുരിതങ്ങളോടും ദുരന്തങ്ങളോടും പൊരുതി ജീവിതത്തിന്റെ അവസാന നിമിഷവും കട്ടിലിൽ മരണത്തെ മുഖാമുഖം കണ്ട സന്ദർഭത്തിലും അനക്കാൻ കഴിയാത്ത കൈ മെല്ലെ ഉയർത്തി മുഷ്ടി ചുരുട്ടി മൂന്ന് വട്ടം ഇൻക്വിലാബ് സിന്ദാബാദ് മുഴക്കിയാണ് കെ സി ദേവസ്സി എന്ന എറണാകുളം ഗോതുരുത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. ആദർശശുദ്ധി മുറുകെപ്പിടിച്ച് അനീതിക്കും അടിമത്വത്തിനും അഴിമതിക്കും ചൂഷണങ്ങൾക്കുമെതിരെ പോരാടി ഒരായുസ്സു മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി സമർപ്പിച്ച മനുഷ്യസ്നേഹിയായിരുന്നു ദേവസി. അദ്ദേഹത്തിന്റെ 99 മത് ജന്മദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രധാന പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരുമെല്ലാം നാളെ വൈകിട്ട് നാലിന് ഗോതുരുത്തിലെ വസതിയിൽ ഒത്തുകൂടുന്നു. 1999 സെപ്റ്റംബർ 22നാണ് ദേവസി മരണപ്പെട്ടത്. അപ്പോഴും .തലയിണക്കടിയിൽ ഒരു നിധിപോലെ ചുവന്ന പാർട്ടി കാർഡ് സൂക്ഷിച്ചിരുന്നു. വടക്കൻ പറവൂരിൽ ഗോതുരുത്തിൽ 1925 മെയ് 20 ന് കോണത്ത് കുടുംബത്തിൽ ചീക്കുവിന്റെയും ത്രേസ്യാമ്മയുടെയും നാലാമത്തെ മകനായിട്ടാണ് ദേവസ്സിയുടെ ജനനം. സമുദായവും സമൂഹവും ബന്ധുക്കളും ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴും ജീവിത പ്രാരാബ്ദങ്ങളുടെയും പട്ടിണിയുടെയും നടുവിലും പൊലീസിന്റ കൊടിയ മർദ്ദനങ്ങൾക്കും ജയിൽവാസത്തിനും .

കള്ളക്കേസുകൾക്കൊന്നും ആ മനുഷ്യ സ്നേഹിയായ കമ്മ്യൂണിസ്റ്റുകാരന്റെ വിപ്ലവവീര്യത്തെ തളർത്താനായില്ല. കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിവ് സങ്കേതമൊരുക്കി കണ്ണിലെ കൃഷ്ണമണിപോലെ നേതാക്കളെ കാത്തുസൂക്ഷിച്ച ഒരു വലിയ തന്റേടിയുമായിരുന്നു ഇദ്ദേഹം. .അച്ഛൻ ചീക്കുവിന് കൊച്ചിയിൽ കയറിന്റെ കച്ചവടമായിരുന്നു. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ എറണാകുളം കച്ചേരിപ്പടിയിൽ ശ്രീധരൻ എന്ന ജന്മിയുടെ സ്ഥലത്ത് ബീഡി തെറുപ്പ് ജോലിക്കായി ദേവസിയെ കൊണ്ടുവന്നാക്കി. ഇക്കാലയളവിൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സി അച്യുതമേനോൻ എറണാകുളത്തെ . ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് എ ഐ ടി യു സി യൂണിയൻ രൂപീകരിക്കുന്നതിനും അവരെ പാർട്ടിയിലേക്ക് എത്തിക്കുന്നതിനുമായി തൃശൂരിൽ നിന്നും സി ഒ പോൾ എന്ന പാർട്ടി പ്രവർത്തകനെ ചുമതലപ്പെടുത്തി അയച്ചിരുന്നു. അങ്ങിനെ ദേവസിയുമായി പരിചയപ്പെടുകയും പുല്ലേപ്പടിയിലെ ബീഡി തെറുപ്പ് തൊഴിലാളികളുടെ ഗ്രൂപ്പിന്റെ സെക്രട്ടറിയായി ദേവസിയെ തെരെഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ സംഘടന പ്രവർത്തനത്തിലേക്ക് തിരിഞ്ഞ കാലയളവിലാണ് എറണാകുളത്ത് ട്രേഡ് യൂണിയൻ രംഗത്തും പാർട്ടി പ്രവർത്തന രംഗത്തും പ്രവർത്തിക്കുന്ന എം എം ലോറൻസുമായി പരിചയപ്പെടുന്നത്. ആ ബന്ധമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തിലേക്ക് ദേവസിയെ സജീവമാക്കിയത്. എറണാകുളത്തും പുല്ലേപ്പടി പ്രദേശങ്ങളിലും കോതാടും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ എം എം ലോറൻസിനൊപ്പം പാർട്ടി പ്രവർത്തനത്തിൽ ദേവസിയും മുഴുകി. ദേവസ്സിയുടെ വസതിയിൽ യോഗം ചേർന്നാണ് ഗോതുരുത്തിൽ 1946 ൽ കമ്മ്യൂണിസ്റ്റ് സെൽ രൂപീകരിക്കുന്നത്. പീറ്റർ കൈമാതുരുത്തി , ഔസേപ്പൻ കോണത്ത്, തളിയാനത്ത് ഔസോ എന്നിവരാണ് ദേവസിക്കൊപ്പം ആ യോഗത്തിൽ പങ്കെടുത്തത്.

എം എം ലോറൻസാണ് സെൽ രൂപീകരണം ഉദ്‌ഘാടനം ചെയ്തത് .കയർ തൊഴിലാളി , ബീഡി തെറുപ്പ് തൊഴിലാളി, തെങ്ങുകയറ്റ തൊഴിലാളി, തേങ്ങപൊതിക്കൽ തൊഴിലാളി, ചുമട്ടു തൊഴിലാളി, തൂമ്പ തൊഴിലാളി അങ്ങിനെ അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ രൂപീകരിച്ച് അവരുടെ അവകാശ സമരങ്ങൾക്കായി ധീരമായി പോരാടിയ തൊഴിലാളി നേതാവായിരുന്നു ദേവസി, 1947 ൽ നടന്ന പാലിയം സമര ഭൂമിയിലേക്ക് സമരത്തിനായി എത്തിയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി, ഇ ഗോപാലകൃഷ്ണ മേനോൻ, ടി എൻ കുമാരൻ, അന്തപ്പൻ പാലപ്പറമ്പിൽ എന്നിവർ കോട്ടപ്പുറത്ത് നിന്നും ഗോതുരുത്തിലേക്ക് വഞ്ചിയിൽ എത്തുകയും ദേവസ്സിയുടെ വസതിയിൽ വിശ്രമിച്ച് സമരത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. കൂടാതെ പാലിയം സമരം നടക്കുന്ന സന്ദർഭത്തിൽ നേതാക്കൾക്ക് പരസ്യമായി പ്രവർത്തനത്തിന് തടസം നേരിട്ട ഘട്ടത്തിൽ ഇ ഗോപാലകൃഷ്ണമേനോൻ, ടി എൻ കുമാരൻ, പി ഗംഗാധരൻ, എൻ ശിവൻപിള്ള , കെ സി പ്രഭാകരൻ, ഐസക് തോമസ്, എ ഐ ജലീൽ എന്നിവരുടെ നേതൃത്വത്തിൽ രഹസ്യ യോഗങ്ങൾ കൂടിയിരുന്നത് ദേവസ്സിയുടെ വസതിയിലായിരുന്നു. ഗോതുരുത്തിലുംസമീപ പ്രദേശങ്ങളിലും പാർട്ടി പ്രവർത്തനത്തിന് വേരോട്ടമുണ്ടാക്കുന്നതിനും ധനസമ്പാദനത്തിനുമായി കെ പി എ സി യുടെ “നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം 1955 ൽ മൂത്തകുന്നം ക്ഷേത്രപരിസരത്ത് സംഘടിപ്പിക്കുകയുണ്ടായി. നാടകത്തിന്റെ റിഹേഴ്‌സൽ നടന്നതും നാടക സംഘം ദേവസ്സിയുടെ വീട്ടിൽ എത്തിയ വിവരം അറിഞ്ഞ ഗോതുരുത്ത് പള്ളി വികാരി ദേവസിയെ ശകാരിക്കുകയും പള്ളിയിൽ നിന്നും നൽകികൊണ്ടിരുന്ന ധാന്യങ്ങളും പല ആനുകൂല്യങ്ങളും നിഷേധിക്കുകയും വിലക്കുകയും ചെയ്തു. പട്ടിണിയിലായിട്ടും ദേവസിക്ക് യാതൊരു കുലുക്കവുമില്ലായിരുന്നു. പൂർണ പിന്തുണയുമായി കൂട്ടിന് ഒപ്പം ഭാര്യ മേരിയും പിന്നീട് മക്കളായപ്പോൾ ചെറുപ്പം മുതൽ ലെനിൻ, ലൈല, മൈക്കിൾ, ജോളി, സലിം„ ഷാജി, സാബു , ഷൈജ എന്നിവരും കൂടെയുണ്ടായിരുന്നു.

ഇവരുടെ കുടുംബം മാത്രമായി നടത്തിയ ചുവപ്പുസേന പരേഡ് നാട്ടിൽ ശ്രദ്ധിക്കപ്പെട്ടതാണ്. 1950 ലെ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ അക്രമസമരത്തിന് ശേഷം നേതാക്കളെ പൊലീസ് വേട്ടയാടിയ സന്ദർഭത്തിൽ പലരെയും ഒളിവിൽ താമസിപ്പിക്കുകയും പൊലീസിൽ നിന്നും പുഴമാർഗം രക്ഷപെടുത്തുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാക്കളായ ജോർജ്ജ് ചടയംമുറി„ ഇ ഗോപാലകൃഷ്ണമേനോൻ, കെ സി മാത്യു, എൻ ശിവൻപിള്ള , കെ സി പ്രഭാകരൻ , സി എച്ച് കണാരൻ , എ ഐ ജലീൽ, എം എം ലോറൻസ് , എൻ കെ മാധവൻ, എം കെ കൃഷ്ണൻ, പി ഗംഗാധരൻ, ടി കെ ‚കുമാരൻ, ടി കെ രാമകൃഷ്ണൻ, ഇ ബാലാനന്ദൻ, ശ്രീവല്ലഭമേനോൻ, വി വിശ്വനാഥമേനോൻ, വി സി ചാഞ്ചൻ കൊറുങ്കോട്ട , ബാഹുലേയൻ ഏഴിക്കര, ‚പി ജെ തോമസ്, അഡ്വ കെ എ ബാലൻ, ഐസക് തോമസ്, ജോർജ്ജ് പടമാടൻ . പി യു ദാസ്, ഉൾപ്പെടെ നിരവധിപേരാണ് ഗോതുരുത്തിൽ ദേവസ്സിയുടെ വസതിയിൽ പാർട്ടി ക്ലാസ് എടുക്കുന്നതിനും പലകാലയളവിൽ ഒളിവിൽ കഴിയുകയും ചെയ്തിട്ടുള്ളത്.

 

1954 ൽ മേരിയുമായുള്ള ദേവസ്സിയുടെ വിവാഹവും പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടിക്കാർ നടത്തിയ കല്യാണമായിരുന്നു. ഇരുവരും ചുവന്ന വസ്ത്രങ്ങളിഞ്ഞാണ് വിവാഹിതരായതെന്ന് മേരി പറയുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനും വളർത്തുന്നതിനും ഇവർ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. ഇതിനിടയിലും നിരവധി സമരമുഖത്തും ദേവസിക്കൊപ്പം ചെങ്കൊടിയേന്തി മേരിയും അണിചേർന്നിട്ടുണ്ട്. 1964ലെ പാർട്ടി ഭിന്നിപ്പിന് ശേഷം ഇദ്ദേഹം സിപിഐഎമ്മിനൊപ്പം നിലകൊണ്ടു. ത്യാഗനിർഭരമായ ജീവിതത്തിലൂടെ കടന്നുവന്ന ദേവസിക്ക് അർഹമായ ഒരു സ്മാരകമുയരേണ്ടതുണ്ട്. എങ്ങും കാര്യമായി അടയാളപ്പെടുത്തപ്പെടാതെ കടന്നുപോയ ഒത്തിരി കമ്മ്യൂണിസ്റ്റുകാരുണ്ട് . അവരിൽ ഒരാളായി ദേവസിയും ഇടംപിടിക്കാതിരിക്കാൻ പുതിയ തലമുറക്ക് പരിചയപ്പെടുത്താനും ദേവസിയെ അനുസ്മരിക്കാനും വേണ്ടി കുടുംബാംഗങ്ങൾ മുൻകൈയെടുത്ത് 2020 ൽ സഖാവ് ദേവസി സ്മാരക സാമൂഹ്യ സാംസ്‌കാരിക ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. 20 നാണ് ദേവസ്സിയുടെ ജന്മദിനമെങ്കിലും നാളെയാണ് ഒത്തുചേരൽ ഒരുക്കിയിട്ടുള്ളത്. ദേവസ്സിയെ മറക്കാതിരിക്കാൻ അദ്ദേഹത്തിന്റെ സമഗ്രമായ ജീവചരിത്രം തയ്യാറാക്കി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണെന്ന് മകൻ സലിം കെ എസ് ജനയുഗത്തോട് പറഞ്ഞു. നാളെ നടക്കുന്ന സംഗമത്തിൽ ദേവസിയുടെടെ വസതിയിൽ വന്നിട്ടുള്ള ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളിലെയും ജില്ലയിലെ പ്രധാന നേതാക്കളും പങ്കെടുക്കും.

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.