5 November 2024, Tuesday
KSFE Galaxy Chits Banner 2

ഗാന്ധിജിയിൽ നിന്ന് മോഡിയിലേക്കും അയോധ്യയിൽ നിന്ന് മഥുരയിലേക്കും

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
February 10, 2024 4:30 am

‘ഞങ്ങളുടെ കണ്ണനെയുമപഹരിച്ചൂ നിങ്ങള്‍
ഞങ്ങളുടെ സര്‍വ്വസ്വമപഹരിച്ചൂ’
എന്ന് കവി നിലവിളിയോടെ ഉച്ചത്തിൽ പാടി.
‘കവിയായ് മാറിയ മലവേടനു വേണ്ടി പണ്ട്
കിളിമൊഴിയിൽ നിങ്ങൾ പാടിയ രാമായണമോ
ധർമ്മയുദ്ധ ഭൂമിയിലെ ദുഃഖിതനാം അർജുനനെ
ധർമ്മ ഗീതം കൊണ്ടുണർത്തിയ ഗീതാമൃതമോ’
എന്ന് കണിയാപുരം രാമചന്ദ്രൻ പതിറ്റാണ്ടുകൾക്ക് മുമ്പ് ആലപിച്ചു.
മലവേടൻ രത്നാകരൻ, കൊക്കുരുമ്മി നിൽക്കുന്ന ക്രൗഞ്ചമിഥുന പക്ഷികൾക്കു നേരെ വേടർ അമ്പെയ്യുമ്പോൾ ഉച്ചത്തിൽ ഉരുവിട്ടത് ‘മാനിഷാദ’ എന്നാണ്. അരുതേ കാട്ടാളാ എന്ന ആദികവിയുടെ ആദ്യവാക്യം വർത്തമാനകാലത്ത് കൂടുതൽ പ്രസക്തമാവുകയാണ്.
ഇരുട്ട് മായണമെന്ന അർത്ഥത്തിൽ ചിതൽപ്പുറ്റിൽ നിന്ന് പുറത്തുവന്ന ‘രത്നാകരൻ’ എന്ന വാത്മീകി രചിച്ചതെന്ന് കരുതപ്പെടുന്ന രാമായണം, ധർമ്മാധർമ്മ നിഷ്ഠകളെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു. രാമൻ ബാലിയെ വധിച്ചപ്പോൾ, താടകയെ അതിക്രമിച്ചപ്പോൾ, വിശ്വാമിത്രൻ ഉജ്വല ശാസനകളാൽ അതിക്രമിച്ചപ്പോൾ രാമന്റെ മനുഷ്യത്വരാഹിത്വത്തെയും വാത്മീകി പകർന്നു നൽകുന്നുണ്ട്. പ്രിയതമയായ സീതയെ കാട്ടിൽക്കയറ്റി വധിക്കുവാൻ സഹോദരൻ ലക്ഷ്മണനെ ചുമതലപ്പെടുത്തിയെങ്കിലും, ലക്ഷ്മണൻ പാപഭാരമോർത്ത് അത് ചെയ്യാതിരുന്നതിനാല്‍, ഒടുവിൽ ലവനും കുശനുമായി വന്ന് ഭൂമി പിളർന്നുപോയി അഗ്നിവിശുദ്ധി തെളിയിക്കേണ്ടി വന്ന സീതയ്ക്കുമേൽ രാമന് എങ്ങനെ ദശരഥ പാരമ്പര്യം അവകാശപ്പെടാനാവും?


ഇതുകൂടി വായിക്കൂ;  ഇനി രാമന്‍ മോഡിയെ ഭയക്കണം


വാത്മീകി സൃഷ്ടിച്ച രാമന് മാനുഷിക മൂല്യങ്ങളുണ്ട്. അതിനൊപ്പം അമാനുഷികതയും അസങ്കല്പികവുമായ മുഖങ്ങളുമുണ്ട്. ഈ പുരാവൃത്ത(അയുക്തിക) വസ്തുതകളെ മുമ്പിൽ വച്ചാണ് ത്രേതായുഗത്തിൽ പിറന്നുവെന്ന് കരുതുന്ന ശ്രീരാമനെ സംഘ്പരിവാറും ബിജെപിയും രാഷ്ട്രീയായുധവും രാഷ്ട്രീയ ബിംബവുമാക്കുന്നത്. പാർലമെന്റ് മന്ദിരത്തിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുമ്പോൾ പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ജയ്ശ്രീറാം വിളിക്കുന്നു. അദ്ദേഹത്തിന് കരഘോഷം മുഴക്കുന്ന അനുയായികളും അനുചരൻമാരും ‘ജയ്ശ്രീറാം’ ഉച്ചത്തിൽ ഉദ്ഘോഷിക്കുന്നു.
മതനിരപേക്ഷതയും സമത്വവും സാഹോദര്യവും സോഷ്യലിസവും ഉദ്ഘോഷിക്കുന്ന ഒരു ഭരണഘടനയെ വന്ദിച്ച്, കൈതൊട്ട് മുത്തമിട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു പ്രധാനമന്ത്രിയാണ് ഒരു മതവിഭാഗത്തിന്റെ വൈകാരിക ബിംബമായി ഉയർത്തിപ്പിടിച്ച രാമൻ എന്ന മിത്തിന്റെ പേരിൽ ജയ് വിളിച്ചുകൊണ്ട് പ്രസംഗിക്കുന്നത്.


ഇതുകൂടി വായിക്കൂ;  ഇത് മൃഗനീതിയാണ്


നാനാത്വത്തിൽ ഏകത്വം എന്നത് നാം ഹൃദയത്തോടു ചേർത്തുവച്ച മുദ്രയാണ്. എല്ലാ മതങ്ങളും ജാതികളും ഉപജാതികളും, വർഗഗോത്ര വിഭാഗങ്ങളും വേഷങ്ങളും ഭാഷകളും ഭക്ഷണവും സംസ്കാരങ്ങളും ഉൾച്ചേരുന്ന വൈവിധ്യങ്ങളുടെ മണ്ണാണ് ഇന്ത്യ. ആ വൈവിധ്യങ്ങളിലെ ഐകമത്യത്തെ പാർലമെന്റിൽപോലും വർഗീയ പ്രസംഗത്തിലൂടെ വെല്ലുവിളിക്കുകയാണ് നരേന്ദ്ര മോഡി.
“മന്നിന്റെ സ്നേഹോജ്വല വക്ഷസിൽ
ആരമ്പെയ്തു
ചെന്നിണമൊലിപ്പിക്കും
കാട്ടാളത്തിനു നേരെ
നിന്ദയുമെതിർപ്പുമായ് നിൽക്കുന്നു
ചിതൽപ്പുറ്റിൽ
നിന്നുണര്‍താമാദ്യത്തെ
മഹാകവി”
ആ ആദികവി, വാത്മീകി രാമായണം (ഇരുട്ട് മായണം) എന്ന് പഠിപ്പിച്ചു. ഇന്ന് പാർലമെന്റിൽ പോലും ഇരുട്ട് പടരുമ്പോൾ അയോധ്യയും ഗ്യാൻവാപിയും, മഥുരയും, താജ്മഹലും ശത്രുകേന്ദ്രങ്ങളാകുമ്പോൾ ‘മാ! നിഷാദ’ എന്ന് നാം ഉച്ചത്തിൽ ചൊല്ലണം. രാമനും റഹിമും ഒന്നുതന്നെ എന്ന് പറഞ്ഞു പഠിപ്പിച്ച, സബ്കോ സൻമതി ദേ ഭഗവാൻ എന്ന് പാടിയ ഗാന്ധിജിയിൽ നിന്ന് വംശഹത്യാ പരീക്ഷണ വിദഗ്ധൻ നരേന്ദ്ര മോഡിയിലേക്കുള്ള ദൂരം വളരെ വലുതാണ്. ആ അകലം ഇന്ത്യയെ തളർച്ചയിലേക്കും ഇരുട്ടിലേക്കും ആനയിക്കുകയാണ്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.