1933ൽ ജർമ്മനിയുടെ ചാൻസലറായി അഡോൾഫ് ഹിറ്റ്ലർ അധികാരമേറ്റത് ഒരു സായുധ വിപ്ലവത്തിലൂടെയോ പട്ടാള അട്ടിമറിയിലൂടെയോ ആയിരുന്നില്ല. 1920കളിലും 30കളുടെ പ്രാരംഭത്തിലും ആ രാജ്യത്ത് നിലനിന്ന ജനാധിപത്യ സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നാസി പാർട്ടിയും അതിന്റെ അർധസൈനിക ദളങ്ങളും ശക്തിപ്രാപിച്ചതും പാർലമെന്റായ റീഷ്സ്റ്റാഗിൽ മുഖ്യകക്ഷിയായി മാറിയതും. പ്രസിഡന്റായ പോൾ വോൺ ഹിൻഡൻബർഗ് നിയമാനുസൃതം തന്നെ ഹിറ്റ്ലറെ ചാൻസലറായി നിയമിക്കുകയായിരുന്നു. ഹിൻഡൻബർഗിന്റെ മരണശേഷം പ്രസിഡന്റിന്റെയും ചാൻസലറുടെയും പദവികൾ ലയിപ്പിച്ച് ‘ഫ്യൂറർ’ ആയിത്തീർന്ന ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഭരണകൂടത്തിന്റെ ജനാധിപത്യസ്വഭാവം പടിപടിയായി ഇല്ലാതാക്കിക്കൊണ്ട് ലോകം ദർശിച്ച ഏറ്റവും മനുഷ്യവിരുദ്ധമായ ഏകാധിപത്യവാഴ്ചയിലേക്ക് മുന്നേറാൻ നാസികൾക്ക് കഴിഞ്ഞു.
ഇന്നത്തെ ഇന്ത്യയിൽ അതിപ്രസക്തമായ ഒരുവശം ഇതിനുണ്ട്. ഫാസിസത്തിന്റെ വിജയം ബലപ്രയോഗത്തിന്റേത് മാത്രമായിരുന്നില്ല എന്ന യാഥാർത്ഥ്യമാണത്. സാമാന്യജനതയുടെ ചിന്തകളെയും സമീപനങ്ങളെയും ജനാധിപത്യവിരുദ്ധവും അന്യവിദ്വേഷവുമായി മാറ്റുന്നതിൽ താൽക്കാലികമായിട്ടെങ്കിലും വിജയിച്ചു എന്നതിനാലാണ് ഫാസിസ്റ്റുകൾക്ക് അധികാരത്തിലെത്താൻ എന്നതുപോലെ അത് നിലനിർത്താനും കഴിഞ്ഞത്. സമൂഹത്തിന്റെ പൊതുസമ്മതി തങ്ങൾക്കുണ്ടെന്ന് സ്ഥാപിക്കാനുള്ള ആശയപരമായ ഉപകരണങ്ങള്‍ അവർ വികസിപ്പിക്കുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. അതിലൊന്ന് തീർച്ചയായും ഗീബൽസിയൻ പ്രചരണ സന്നാഹം തന്നെയായിരുന്നു. ഔപചാരികമായ നിയമനിർമ്മാണങ്ങളിലൂടെ ക്രമമായി തങ്ങളുടെ വംശീയസിദ്ധാന്തത്തിന് സാധുത നൽകുന്നതിനും അവർക്ക് സാധിച്ചു. എന്നാൽ ഭരണഘടനാപരമായ നിയമനിർമ്മാണ പ്രക്രിയയെ എങ്ങനെ മനുഷ്യവിരുദ്ധമായി ഉപയോഗപ്പെടുത്താം എന്നതിനും നാസി ഭരണകൂടം ഉദാഹരണമാണ്.
1933 മുതൽ 39 വരെയുള്ള കാലഘട്ടത്തിൽ ജൂതരുടെ പൊതുജീവിതത്തെയും സ്വകാര്യജീവിതത്തെയും ബാധിക്കുന്ന 400 ഡിക്രി കല്‍പനകളാണ് ജർമ്മനിയിൽ ഇറങ്ങിയത്. ഇതിൽ ദേശീയതലത്തിലുള്ളവ മാത്രമല്ല ഉൾപ്പെട്ടത്. മേഖലാതലത്തിലുള്ളതും പ്രാദേശിക സർക്കാർ തലത്തിലുള്ളതും സർവകലാശാലാതലത്തിലുള്ളതും പെടുന്നു. 1933 ഏപ്രിൽ ഏഴിന് ലോ ഫോർ റീസ്റ്റോറേഷൻ ഓഫ് പ്രൊഫഷണൽ സിവിൽ സർവീസ് പാസാക്കി. ആര്യേതര വംശജരെയും നാസികൾക്ക് രാഷ്ട്രീയമായി വിശ്വസിക്കാൻ കൊള്ളാത്തവരെയും സിവിൽ സർവീസിൽ നിന്ന് ഒഴിവാക്കാനുള്ള നിയമമായിരുന്നു ഇത്. സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ജൂത വിദ്യാർത്ഥി പ്രാതിനിധ്യം പരിമിതപ്പെടുത്താനും നിയമ — വൈദ്യരംഗങ്ങളിലെ തൊഴിലുകളിൽ ഏർപ്പെടുന്നത് വിലക്കാനും ഉത്തരവുകളിറങ്ങി. പൊതുജനാരോഗ്യ ഇൻഷുറൻസ് ഫണ്ടിൽ നിന്നും റീഇംപേഴ്സ്‌മെന്റ് അനുവദിക്കുന്നതിനുള്ള അധികാരത്തിൽ നിന്നും ജൂത ഡോക്ടർമാരെ ഒഴിവാക്കി. ബെർലിൻ നഗരസഭ ജൂത അഭിഭാഷകരെയും നോട്ടറികളെയും വിലക്കി. മ്യൂണിച്ച് മേയർ ജൂത ഡോക്ടർമാർ ഇതര വിഭാഗത്തിൽപ്പെട്ട രോഗികളെ ചികിത്സിക്കുന്നത് നിരോധിച്ചു. ബവേറിയയിലെ പ്രാദേശികസഭ ജൂത വിദ്യാർത്ഥികൾ മെഡിക്കൽ കോളജുകളിൽ പഠിക്കുന്നത് നിരോധിച്ചു. ജൂതർ ടാക്സ് കൺസൽട്ടൻസി നടത്തുന്നത് ദേശീയാടിസ്ഥാനത്തിൽ തന്നെ നിയമവിരുദ്ധമാക്കി. 1934ൽ ജൂത കലാകാരന്മാർ സ്റ്റേജ് ഷോകൾ നടത്തുന്നതും വിലക്കി. സാക്സോണി പ്രവിശ്യ ജൂതരുടെ മതപരമായ ഭക്ഷണാനുഷ്ഠാനങ്ങൾ തടയുന്നതിനായി ആചാരപരമായ മൃഗക്കശാപ്പ് നിരോധിച്ചു.
1935 സെപ്റ്റംബർ 15ന് റീഷ്സ്റ്റാഗിന്റെ വിശേഷാൽ സമ്മേളനത്തിൽ വച്ച് ന്യൂറംബർഗ് നിയമങ്ങൾ അംഗീകരിക്കപ്പെട്ടു. ജൂതവിരോധവും വംശീയ ശുദ്ധീകരണവും ഇതോടെ ജർമ്മനിയിൽ സ്ഥാപനവൽക്കരിക്കപ്പെട്ടു. ജർമ്മൻ രക്തത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണാർത്ഥമുള്ള നിയമങ്ങളായിരുന്നു അവയിൽ പ്രധാനപ്പെട്ടത്. പ്രൊട്ടക്ഷൻ ഓഫ് ജർമ്മൻ ഹോണർ, പ്രൊട്ടക്ഷൻ ഓഫ് ജർമ്മൻ ബ്ലഡ് എന്നിങ്ങനെയായിരുന്നു അവയുടെ പേരുകൾ. ഈ നിയമങ്ങൾ മുഖേന ജൂതരും ഇതര ജർമ്മൻകാരുമായുള്ള വിവാഹവും ലൈംഗികബന്ധവും കുറ്റകരമാക്കപ്പെട്ടു. 45 വയസിൽ കുറവുള്ള സ്ത്രീ ജോലിക്കാരെ ജൂതകുടുംബങ്ങളിൽ വീട്ടുവേലയ്ക്ക് നിയോഗിക്കുന്നത് നിരോധിക്കപ്പെട്ടു. പൗരത്വനിയമം മുഖേന ജർമ്മൻ ആര്യരക്തമുള്ളവർക്ക് മാത്രമേ മേലിൽ രാജ്യത്ത് പൗരത്വം ഉണ്ടാവുകയുള്ളൂവെന്ന് നിഷ്കർഷിച്ചു. മറ്റുള്ളവർ പൗരാവകാശങ്ങൾ ഇല്ലാത്ത പ്രജകളായി കഴിയണം. 26ന് കറുത്ത വർഗക്കാർക്ക് കൂടി ഈ ഒഴിവാക്കൽ വ്യവസ്ഥ ബാധകമാക്കി. ഇതിനെ ആദർശമാതൃകയാക്കിയാണ് ‘ഭാരതീയ ആര്യസംസ്കാരം ഉൾക്കൊള്ളാത്തവരായ ആഭ്യന്തരശത്രുക്കൾ ഹിന്ദുസ്ഥാനിൽ പൗരാവകാശം ഇല്ലാത്തവരായി ജീവിച്ചുകൊള്ളണ’മെന്ന് വിചാരധാരയിൽ ഗോൾവാൾക്കർ നിർദേശിച്ചത്.
ആരാണ് ജൂതർ എന്ന് ഈ നിയമങ്ങളെല്ലാം നിർവചിച്ചത് വംശപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരും മതവിശ്വാസമോ ഈശ്വരവിശ്വാസം പോലുമോ ഉപേക്ഷിച്ചവരും ഈ വ്യവസ്ഥ പ്രകാരം ജൂതന്മാർ തന്നെ. 1937ൽ ജൂതർ തങ്ങളുടെ കുടുംബപരമായ ആദ്യനാമങ്ങൾ ഉപേക്ഷിക്കണമെന്നും സ്ത്രീപുരുഷഭേദപ്രകാരം ‘ഇസ്രയേൽ’ എന്നോ ‘സാറ’ എന്നോ ആക്കി മാറ്റണമെന്നുമുള്ള നിബന്ധനയും കൊണ്ടുവന്നു. തിരിച്ചറിയൽ കാർഡുകളിൽ ‘ജെ’ എന്ന ഇംഗ്ലീഷ് അക്ഷരം പ്രദർശിപ്പിക്കുകയും വേണം. ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട ജർമ്മൻ ഭടന്മാരായ ജൂതരുടെ പേരുകൾ യുദ്ധസ്മാരകത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടു.
ജൂതരുടെ സാമ്പത്തിക ജീവിതം പൂർണമായും തകർക്കാൻ കഴിയുന്ന നിയമനിർമ്മാണങ്ങളും തുടർന്നുണ്ടായി. വ്യവസായ — വാണിജ്യങ്ങളുടെ ആര്യനൈസേഷൻ എന്നതായിരുന്നു ഔപചാരികമായ പ്രഖ്യാപനം. എന്നാൽ ജൂതരുടെ തൊഴിലുകളും ജീവിതോപാധിയും വാണിജ്യ വ്യവസായങ്ങളും ഇല്ലാതാക്കുക എന്നതായിരുന്നു യഥാർത്ഥ ലക്ഷ്യം. ആദ്യപടിയായി എല്ലാ ജൂതന്മാരും തങ്ങളുടെ ആസ്തി വകകൾ — സ്വദേശത്തും വിദേശത്തും ഉള്ളവ — രജിസ്റ്റർ ചെയ്യണമെന്ന് നിബന്ധന വച്ചു. പിന്നീട് ജൂതഉടമസ്ഥതയിലുള്ള കമ്പനികൾ ജർമ്മൻ ആര്യൻ ഉടമസ്ഥതയിലുള്ള വ്യക്തികൾക്കോ കമ്പനികൾക്കോ കൈമാറണം എന്ന് നിയമപരമായി വ്യവസ്ഥ ചെയ്തു. സർക്കാർ നിശ്ചയിച്ച വിലയ്ക്കായിരുന്നു ഈ കൈമാറ്റത്തിന് നിർബന്ധിക്കപ്പെട്ടത്. പലവിധ റെഗുലേഷനുകളിലൂടെ പല ആസ്തികളും സർക്കാർ നേരിട്ട് ഏറ്റെടുത്തു. ജൂത തൊഴിലാളികളെ കൂട്ടമായി വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് റിട്രഞ്ച് ചെയ്തു. 1933നും 1938നും ഇടയ്ക്ക് സമ്പദ് വ്യവസ്ഥയിലെ ജൂതപ്രാതിനിധ്യം മൂന്നിൽ രണ്ടായി കുറഞ്ഞു.
സംഘ്പരിവാർ നേതൃത്വം നൽകുന്ന ബിജെപി സർക്കാർ രാജ്യത്ത് കൊണ്ടുവരുന്ന നിയമനിർമ്മാണങ്ങളുടെ മൗലികസ്വഭാവം പരിശോധിച്ചാൽ അതിന് നാസി ജർമ്മനിയിലെ യുദ്ധപൂർവ നിയമനിർമ്മാണങ്ങളുമായുള്ള സാദൃശ്യം വ്യക്തമാകും. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370ഉം സംസ്ഥാന പദവിയും റദ്ദാക്കൽ, പൗരത്വനിയമം, ഏകീകൃത സിവിൽകോഡ്, മുത്തലാഖ് നിരോധനം എന്നിവയിലെല്ലാം ഒരു സമുദായത്തെ അന്യവല്‍ക്കരിക്കാനുള്ള തന്ത്രം മുഖംമൂടിക്കുപിന്നിൽ കൗശലപൂർവം ഒളിപ്പിച്ചുവച്ചവയാണ്. ഇപ്പോൾ വഖഫ് നിയമ ഭേദഗതിയിലും അത് തെളിഞ്ഞുകാണാം. മുസ്ലിം സമൂഹം ഭരണകൂടത്തിൽ നിന്നും അനർഹമായ സവിശേഷാനുകൂല്യങ്ങൾ കൈപ്പറ്റുന്നു എന്ന വ്യാജമായ പൊതുബോധനിർമ്മിതിയാണ് ഈ നിയമനിർമ്മാണത്തിലൂടെ സാധൂകരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സ്വാതന്ത്ര്യത്തിനുശേഷം ഉണ്ടായതല്ല. ബ്രിട്ടീഷ് കാലത്തുതന്നെ അധികാരത്തിലിരുന്ന ഹിന്ദു നാട്ടുരാജാവായ ഹരി സിങ് പിൻതുടർച്ചാവകാശ പദവിയില്ലാത്തവർക്ക് കശ്മീരിൽ സ്വത്തവകാശത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പഞ്ചാബികളടക്കമുള്ള ഇതരജനവിഭാഗങ്ങളുടെ കടന്നുകയറ്റം കശ്മീരികളുടെ സാംസ്കാരികവും സാമ്പത്തികവുമായ സ്വത്വം തകർക്കുമെന്ന ആശങ്കയായിരുന്നു അതിനടിസ്ഥാനം. മഹാഭൂരിപക്ഷം വരുന്ന കശ്മീരിലെ മുസ്ലിം ജനതയാകട്ടെ നാഷണൽ കോൺഫറൻസിന് പിന്നിൽ അടിയുറച്ചു നിൽക്കുകയും സ്വാതന്ത്ര്യത്തിനും ഇന്ത്യന്‍ റിപ്പബ്ലിക്കിനും വേണ്ടി നിലകൊള്ളുകയും ചെയ്തു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസും കൊച്ചിരാജ്യ പ്രജാമണ്ഡലവും അടക്കമുള്ള നാട്ടുരാജ്യങ്ങളിലെ തദ്ദേശീയ സംഘടനകളുടെ ദേശീയവേദിയായ അഖിലേന്ത്യാ നാട്ടുരാജ്യ പ്രജാമണ്ഡലത്തിന്റെ അധ്യക്ഷൻ നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുള്ളയായിരുന്നു എന്നത് സ്മരണീയമാണ്. കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പദവി നൽകണമെന്ന നിബന്ധന വച്ചത് ഹരി സിങ് രാജാവായിരുന്നു.
പൗരത്വഭേദഗതി നിയമത്തിന് ആധാരമായി മുസ്ലിം അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മത പീഡനത്തിനിരയായി വരുന്ന മുസ്ലിം ഇതര ജനങ്ങൾക്ക് പൗരത്വകാര്യത്തിൽ ഇളവ് നൽകുന്നതിന്റെ മാനുഷികതയാണ് ഉയർത്തിക്കാണിച്ചത്. എന്നാൽ പാകിസ്ഥാനിൽ തന്നെ ക്രൂരമായ മതവിവേചനത്തിനും പീഡനത്തിനും ഇരയാകുന്ന അഹമ്മദീയ മുസ്ലിങ്ങൾ, മ്യാന്‍മറിൽ നിന്നും അടിച്ചിറക്കപ്പെടുന്ന റോഹിങ്ക്യകൾ, ശ്രീലങ്കയിൽ നിഷ്ഠുരമായ ഹിംസയ്ക്കിരയായ തമിഴ് സഹോദരങ്ങൾ എന്നിവർക്കൊന്നും ഈ മാനുഷികത ബാധകമായില്ല. മുത്തലാഖ് വിഷയത്തിലും ഏകീകൃത സിവിൽ കോഡിലും മുസ്ലിം വനിതകളുടെ തുല്യാവകാശങ്ങൾക്കുവേണ്ടി കണ്ണീരൊഴുക്കുന്ന നരേന്ദ്ര മോഡി പ്രധാനമന്ത്രിയായിരിക്കുമ്പോൾ തന്നെയാണ് ഇന്ത്യയുടെ ഉന്നത നീതിപീഠത്തിന്റെ വിധിപ്രകാരം ശബരിമലപ്രവേശനത്തിന് തുനിഞ്ഞ സ്ത്രീകളെ അദ്ദേഹത്തിന്റെ അനുയായികൾ കായികമായി ആക്രമിക്കാനുൾപ്പെടെ തയ്യാറായത്.
പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബിൽ വാസ്തവത്തിൽ മതപരമായ ഉദ്ദേശ്യത്തോടുകൂടി ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വത്തുവകകൾ സർക്കാരിനും സ്വകാര്യമുതലാളിമാർക്കും കയ്യേറാൻ അവസരം നൽകുന്നതും മുസ്ലിങ്ങളുടെ സാംസ്കാരിക സ്വത്വത്തിനുമേലുള്ള കടന്നാക്രമണവുമാണ്. വാക്കാൽ വഖഫ് ചെയ്തതും കാലങ്ങളായി ജീവകാരുണ്യപരമോ മതപരമോ ആയ കാര്യങ്ങൾക്ക് വഖഫ് ബൈ യൂസർ എന്ന നിലയ്ക്ക് ഉപയോഗിച്ചുവരുന്നതുമായ ഭൂമിയിൽ അവസാനിക്കാത്ത തർക്കങ്ങള്‍ക്ക് അത് കാരണമാകും. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും കലാപങ്ങൾക്കുമെല്ലാം സാക്ഷ്യംവഹിക്കുന്ന രാജ്യത്ത് കൂടുതൽ അരാജകത്വവും സാമൂഹികാസ്വസ്ഥതകളും സൃഷ്ടിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ജർമ്മനിയിൽ ജൂത സമൂഹത്തിൽ നിന്നും സമ്പത്തും സിവിൽ അവകാശങ്ങളും നിയമപ്രകാരം തന്നെ തട്ടിയെടുത്തതാണിവിടെ മാതൃക. അക്കാലത്തെ ജർമ്മനിയിലെ ഒന്നാംകിട കോർപറേറ്റുകളെല്ലാം നാസി പാർട്ടിയെ കയ്യയച്ച് സഹായിച്ചു. ആഭ്യന്തരശത്രുക്കളെയും വൈദേശിക ജനതകളെയും കൊള്ളയടിച്ച് തടിച്ചുകൊഴുക്കാമെന്ന വാണിജ്യ ലക്ഷ്യത്തിന്റെ യുക്തിപൂർവമായ നിക്ഷേപമായിരുന്നു അത്.
തെരുവ് കയ്യടക്കുന്ന തെമ്മാടിക്കൂട്ടങ്ങളോ ആസൂത്രിതമായ ഹിംസ നടത്തുന്ന അർധസൈനിക ദളങ്ങളോ നുണകൾ ആയിരം തവണ ആവർത്തിച്ച് സത്യമാക്കുന്ന പ്രചരണ സന്നാഹങ്ങളോ മാത്രമല്ല ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ സാധ്യമാക്കുന്നത്. അറിവും വിവേകവുമുള്ളവരുടെ നിശബ്ദതയും നിഷ്കളങ്കരായ സാമാന്യജനതയുടെ രാഷ്ട്രീയ നിരക്ഷരതയും ധാർമ്മികതയ്ക്കുമേൽ സാങ്കേതിക ന്യായങ്ങൾക്ക് സ്ഥാനം കൊടുത്ത നിയമജ്ഞന്മാരുടെ മനഃസാക്ഷിയില്ലായ്മയും എല്ലാം ചേർന്നാണ്. പാർലിമെന്റിലെ സാങ്കേതിക ഭൂരിപക്ഷം ഉപയോഗപ്പെടുത്തി കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന നിയമങ്ങൾ നൂറംബർഗിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ദൂരം കുറച്ചുകൊണ്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.