23 December 2024, Monday
KSFE Galaxy Chits Banner 2

പശുശാസ്ത്രത്തിൽ നിന്ന് വ്യാജശാസ്ത്രത്തിലേക്ക്

എം കെ നാരായണമൂര്‍ത്തി
July 31, 2023 4:45 am

ശാസ്ത്രചിന്തയും ശാസ്ത്രീയമായ പഠനരീതികളും പ്രോത്സാഹിപ്പിക്കണമെന്ന് ഭരണഘടനയിൽ എഴുതിചേർക്കപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. പക്ഷേ 2014ൽ മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം വ്യാജശാസ്ത്രം ഏറ്റവും സങ്കീർണമായ ശാസ്ത്രശാഖകളിൽ പോലും ഇടം കണ്ടെത്തിയിരിക്കുന്നു. 2022 ഒക്ടോബർ മാസത്തിൽ കേന്ദ്ര ശാസ്ത്ര‑സാങ്കേതിക മന്ത്രാലയം മറ്റ് ഡിപ്പാർട്ടുമെന്റുകളുമായി ചേർന്ന് ഡെറാഡൂൺ യൂണിവേഴ്സിറ്റിയിൽ ഒരു സെമിനാർ നടത്തി. പഞ്ചഭൂതങ്ങളെ എങ്ങനെ ജീവിതവിജയത്തിന് ഉപയോഗിക്കാം എന്നതായിരുന്നു വിഷയം. പുരാതനമായ അറിവുകളെ ആധുനിക ശാസ്ത്രത്തിൽ ഉൾച്ചേർത്ത് അടുത്ത തലമുറയെ വളർത്തണമെന്നായിരുന്നു അവിടെ കേട്ട മുദ്രാവാക്യം. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ചുക്കാൻ പിടിക്കുന്ന യുജിസി അടുത്തിടെ വിചിത്രമായ പരീക്ഷ നടത്താൻ ഇറങ്ങിപുറപ്പെട്ടിട്ടുണ്ട്. കാമധേനു ഗോ വിജ്ഞാൻ പ്രചാർ‑പ്രസാർ എന്നാണ് പരീക്ഷയുടെ പേര്. പശുശാസ്ത്രത്തിന്റെ പ്രചാരണാർത്ഥമാണത്രെ ഇത്തരം ഒരു പരീക്ഷ നടത്തുന്നത്. ഇതിന്റെ സിലബസിൽ പറയുന്ന കൗതുകകരമായ കാര്യങ്ങൾ ഇങ്ങനെയാണ്. പശുക്കളെ കൊല്ലുന്നതുകൊണ്ട് ഉണ്ടാകുന്ന ഭൂചലനങ്ങൾ എത്രയൊക്കെയാണ്, മാറാ രോഗങ്ങൾക്ക് ഗോമൂത്രം ഉൾപ്പെടെ പശുവിൽ നിന്നുള്ള ഉപോല്പന്നങ്ങൾ ഏതു വിധത്തിലാണ് ഉപയോഗിക്കേണ്ടത് തുടങ്ങി സിലബസിലെ അസംബന്ധങ്ങൾ നീളും. ഇതേക്കുറിച്ച് ഇന്ത്യയിലെ നിരവധി മാധ്യമങ്ങൾ യുജിസിയോട് പ്രതികരണമാരാഞ്ഞിട്ടും ഇതുവരെ മിണ്ടാട്ടമില്ല.
വ്യാജശാസ്ത്രം ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെപോലും ബാധിച്ചു തുടങ്ങിയിരിക്കുന്നതിന്റെ തെളിവുകൾ തീരുന്നില്ല. 2019ലാണ് ആന്ധ്രാ യൂണിവേഴ്സിറ്റിയുടെ വൈസ്ചാൻസലറായിരുന്ന ജി നാഗേശ്വര റാവു മഹാഭാരതത്തിലെ കൗരവർ ജനിക്കുന്നത് അന്ന് നിലവിലിരുന്ന ടെസ്റ്റ്ട്യൂബ് ശിശു സാങ്കേതിക വിദ്യയിലൂടെയാണെന്ന് പരസ്യമായി പറഞ്ഞത്. ഇപ്പോഴിതാ അടുത്ത ഒരു പണ്ഡിതന്റെ അഭ്യാസം പുറത്തുവന്നിരിക്കുന്നു. ഹിമാചൽ പ്രദേശിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-മാണ്ഡിയുടെ ഡയറക്ടർ ലക്ഷ്മിധർ ബെഹ്റയുടേതാണ് പ്രകടനം. അദ്ദേഹം ആ സ്ഥാപനത്തിൽ ഒരു ശുദ്ധീകരണവും മന്ത്രോച്ചാരണങ്ങളോടെയുള്ള നിരവധി പൂജകളും നടത്തി. സ്ഥാപനത്തെ ബാധിച്ചിരിക്കുന്ന ഭൂതപ്രേതപിശാചുക്കളെ ഒഴിപ്പിക്കാനാണ് താൻ ഇതൊക്കെ ചെയ്തതെന്ന് ബെഹ്റ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തോട് യാതൊരു നാണവുമില്ലാതെ പറയുകയും ചെയ്തു. മോഡി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആന്റ് സർജറി വിഭാഗത്തിൽ മെഡിക്കൽ ആസ്ട്രോളജി എന്ന വിഷയം കൂടി ഉൾപ്പെടുത്തിയത്. അതായത് മെഡിക്കൽ ജ്യോതിഷം. ഇതുപോലെ മെഡിക്കൽ സയൻസിനും പക്ഷിശാസ്ത്രത്തിനും ഒരേ പരിഗണന നൽകുന്ന ലോകത്തിലെ തന്നെ ആദ്യ സർക്കാർ നരേന്ദ്ര മോഡി സർക്കാർ ആയിരിക്കും. 2023 ഏപ്രിൽ മാസത്തിലാണ് രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റി സിലബസുകളില്‍ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം പുറത്തായത്. ഇതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടും ജനാധിപത്യ വിരുദ്ധമായ മൗനമാണ് പതിവു പോലെ കേന്ദ്ര സർക്കാർ തുടരുന്നത്.

 


ഇതുകൂടി വായിക്കൂ; ആശയങ്ങളാകണം സമരങ്ങൾ


വിദ്യാഭ്യാസ മേഖലയുടെ വലതുപക്ഷവൽക്കരണം ത്വരിതപ്പെടുത്തണമെങ്കിൽ വ്യാജശാസ്ത്രവും അന്ധവിശ്വാസങ്ങളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടപ്പിലാക്കണമെന്ന് സംഘ്പരിവാറിന് അറിയാം. അതിനു പറ്റിയ വകുപ്പ് മേധാവികളേയും വൈസ്ചാൻസലറുമാരേയും അവർ കണ്ടെത്തി അവരോധിക്കുകയും ചെയ്യും. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങളുടേയും തലപ്പത്ത് സംഘ്പരിവാറുകാരെ തിരുകിക്കയറ്റിയത് ഈ ഉദ്ദേശത്തോടെയാണ്. പശുവിന്റെ മൂത്രം കുടിച്ചാൽ കാൻസർ മാറുമെന്ന് പ്രചരിപ്പിക്കാൻ കോടാനുകോടി രൂപ ചെലവഴിക്കുമ്പോൾ ശരിയായ ശാസ്ത്ര ഗവേഷണത്തിന് ആവശ്യമായ ഫണ്ടില്ലാതെ നട്ടം തിരിയുകയാണ് പല സ്ഥാപനങ്ങളും.

 

 

എങ്ങനെയെങ്കിലും ഫണ്ട് ലഭിക്കാൻ വേണ്ടി ഇവിടങ്ങളിലെ ശാസ്ത്രകുതുകികളായ ഗവേഷകർ പോലും ഹിന്ദുവലതുപക്ഷത്തിന്റെ തോന്ന്യാസങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് എജ്യൂക്കേഷൻ റിസർച്ചിലെ എന്‍ജിനീയറിങ് പ്രാെഫ. സൗമിതോ ബാനർജി, അൺഡാർക്ക് എന്ന വാർത്താപോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ഈ ഭയം കടന്നു കയറിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സ്ഥാനക്കയറ്റം, ഉയർന്ന സ്ഥാനങ്ങളിലേക്കുള്ള ഡെപ്യൂട്ടേഷൻ തുടങ്ങി ന്യായമായ ആനുകൂല്യങ്ങൾ ലഭിക്കേണ്ട ധാരാളം പേർ എതിർപ്പുകൾ ഉള്ളിലൊതുക്കി മൗനം പാലിക്കുകയാണെന്നും ഈ കുറ്റകരമായ മൗനത്തിന് കനത്ത വില നമ്മൾ നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കേന്ദ്രസർക്കാരിന്റെ കനിവിൽ പ്രവർത്തിക്കുന്നതാണ്. ഇത്തരത്തിൽ ഇവയുടെ ഘടനയുണ്ടാക്കിയത് നല്ല അർത്ഥത്തിലായിരുന്നു.


ഇതുകൂടി വായിക്കൂ;ഇഡി: സുപ്രീം കോടതി വിധി നിയമവാഴ്ചയ്ക്ക് കനത്ത പ്രഹരം


സംസ്ഥാനങ്ങൾക്ക് പരിമിതിയുണ്ടെന്ന് മനസിലാക്കി ജവഹർലാൽ നെഹ്രുവിന്റെ കാലത്താണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഫണ്ടിങ് കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കിയത്. ഇന്നത്തെ പോലെയൊരു രാഷ്ട്രീയ ദുരവസ്ഥ അദ്ദേഹം സ്വപ്നേപി കണ്ടിരുന്നില്ല. ധിഷണയുടെ മേൽ അധികാരം പിടിമുറുക്കുമെന്ന് ചിന്തിക്കാൻ അദ്ദേഹത്തെ പോലെ ഒരു രാഷ്ട്രതന്ത്രജ്ഞന് കഴിയാതെ പോയി. ഇന്ത്യൻ വലതുപക്ഷം വിഷം തുപ്പുന്ന ഒന്നായി വളരുമെന്ന് ഡോ. ബി ആർ അംബേദ്ക്കറും ചിന്തിച്ചിട്ടുണ്ടാവില്ല. കാലം മുന്നോട്ട് പോകുമ്പോൾ രാഷ്ട്രങ്ങളും രാഷ്ട്രചിന്തകളും കൂടുതൽ ശാസ്ത്രീയമാകുമെന്ന് അവർ വിശ്വസിച്ചു. ഇന്ത്യയിൽ സംഭവിച്ചത് തിരിച്ചാണ്. അതിന് ഇന്ദിരാഗാന്ധി മുതലുള്ള കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ട്. ഇന്ദിരയ്ക്ക് ശേഷം വന്ന പ്രധാനമന്ത്രിമാരിൽ ആരും തന്നെ ഇന്ത്യൻ വലതുപക്ഷത്തെ തിരിച്ചറിഞ്ഞില്ല. നാഗ്പൂരിലെ മൂശയിൽ നിർമ്മാണത്തിലിരുന്ന വലതുപക്ഷ രാഷ്ട്രമെന്ന ഭ്രാന്തിനെ തുടക്കത്തിൽ എതിർക്കാനുള്ള ആർജവം ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികള്‍ കാണിച്ചില്ല. ഹിന്ദു മതബോധത്തെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഊട്ടിയുറപ്പിക്കാൻ തുടങ്ങിയ ഗീതാ പ്രസും ഏകലവ്യ സ്കൂളുകളും ആദിവാസി ജാഗരൺ മഞ്ചുമൊക്കെ അടിത്തട്ടിൽ മതഭ്രാന്ത് ഉറപ്പിക്കാൻ സഹായിച്ചു.

അത്തരം ഒരു അടിസ്ഥാനമൊരുക്കൽ നടത്തിയിട്ടാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ തങ്ങളുടെ പ്രച്ഛന്ന വേഷം മാറ്റി സംഘ്പരിവാർ നേരിട്ടിടപെടുന്നത്. ഇവർ കാട്ടിക്കൂട്ടുന്ന വകതിരിവില്ലായ്മയിൽ മുഖം നഷ്ടപ്പെടുന്നത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിനാണ്. നമ്മുടെ യൂണിവേഴ്സിറ്റികളിൽ നിന്നും ലഭിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് പേപ്പറിന്റെ പോലും വിലയില്ലാതാകുന്നു. കുട്ടികൾ പഠിക്കുന്നതാകട്ടെ വെറു വിഡ്ഡിത്തങ്ങളും. സംഘ്പരിവാറിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ പെട്ട് രാജ്യത്തിന്റെ ഭാവിയാകേണ്ട യുവാക്കൾ നശിക്കുമ്പോഴും ഏതുവിധേനയും അധികാരവും സമ്പത്തും മാത്രം സ്വപ്നം കാണുന്ന മോഡി- അമിത്ഷാ-നഡ്ഡ ത്രയത്തിന് നഷ്ടപ്പെടാൻ യാതൊന്നുമില്ല. കാരണം അവരിപ്പോൾ ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ പോലും കരണ്ടു തിന്നുകയാണ്. ചിന്തിക്കുന്ന രീതിയിൽ ശാസ്ത്രീയ അവബോധമുള്ള വിദ്യാഭ്യാസരീതിയെ മനഃപൂർവമായി അവർ നശിപ്പിക്കുന്നത് അവർക്ക് വേണ്ടി മാത്രമാണ്. അപ്പക്കഷണത്തിന്റെ ഒരു തുണ്ട് മോഹൻ ഭാഗവതിനും ലഭിക്കുമെന്ന് മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.