28 April 2024, Sunday

ആശയങ്ങളാകണം സമരങ്ങൾ

അജിത് കൊളാടി
വാക്ക്
July 29, 2023 4:15 am

“ആശയങ്ങളില്ലാത്ത ജീവിതം നിരർത്ഥകമാണ്. അവയ്ക്കുവേണ്ടി പൊരുതുന്നതിനെക്കാൾ സന്തോഷകരമായി മറ്റൊന്നില്ല. ആശയങ്ങളാണ് ലോകത്തിൽ പ്രകാശം ചൊരിഞ്ഞിട്ടുള്ളത്. ആശയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ അർത്ഥമാക്കുന്നത്, ഉത്തമവും നീതിപൂർണവുമായ ലോകത്തെ നിലനിർത്താനും സമാധാനം സ്ഥാപിക്കാൻ കാരണമാകുന്നതുമായ ആശയങ്ങൾ മാത്രമാണ്”. ഫിഡൽ കാസ്ട്രോ മുന്നോട്ടുവച്ച ഈയൊരാശയം സർവ ജനാധിപത്യ ചിന്തകരും പങ്കുവച്ചതാണ്. തത്വചിന്തയും മതവും കലയും സാഹിത്യവും ശാസ്ത്രവും വ്യത്യസ്ത വഴികളിലൂടെ മനുഷ്യജീവിതത്തിൽ ‘ആശയങ്ങളുടെ’ പ്രാധാന്യം പറഞ്ഞിട്ടുണ്ട്. ആശയലോകം സജീവമാകുമ്പോൾ ജീവിതം നിറപ്പകിട്ടുള്ളതാകും. നിർജീവമാകുമ്പോൾ ആദർശങ്ങളും മൂല്യങ്ങളും നിറംകെട്ട് നിർവീര്യമാകും. ചരിത്രത്തിലൊരിക്കലും ഇരുട്ടിനെതിരെ പ്രകാശം പരത്തുന്ന ആശയങ്ങൾ മാത്രമായി നിലനിന്നിട്ടില്ലെന്നും ഇന്നത്തെ അവസ്ഥയിൽ അങ്ങനെ മാത്രമായി ഒരാശയത്തിനും നിലനിൽക്കാൻ കഴിയില്ലെന്നും ഇരുട്ടിനോട് തുടർച്ചയായി പൊരുതിക്കൊണ്ടു മാത്രമേ പ്രകാശപൂര്‍ണ ആശയങ്ങൾക്ക് നിലനിൽക്കാനാവുകയുള്ളുവെന്നും നാം അറിയണം.
ലിബറൽ ജനാധിപത്യവും സോഷ്യലിസ്റ്റ് ജനാധിപത്യവും ജനങ്ങളുടെ ജീവിതാധികാരത്തെ അമർച്ച ചെയ്യുന്ന സ്വേച്ഛാധിപത്യമോ സമഗ്രാധിപത്യമോ ആയി മാറിക്കഴിഞ്ഞതിന്റെ രണ്ടു ഭീഷണമായ മാതൃകകളാണ് ഇന്നത്തെ ഇന്ത്യയും ചൈനയും. സമത്വം നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യവും, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സമത്വവും നടപ്പാക്കാൻ ശ്രമിക്കുന്നതുകൊണ്ടു തന്നെ ഈ രണ്ടു ജനാധിപത്യ രൂപങ്ങളും സ്വയം നിഷേധിക്കുകയാണ്. ലോകത്ത് പുതിയ ആശയങ്ങൾ വളരുന്നുണ്ട്. ജനാധിപത്യത്തിന്റെ പുതിയ ശക്തികൾ ലോകമെമ്പാടും ഉയർന്നു വരുന്നു.


ഇതുകൂടി വായിക്കൂ: ഗുസ്തി താരങ്ങളുടെ സമരം ആഗോള പ്രതിഷേധമാക്കുന്നു


വിദ്യാർത്ഥികളും യുവാക്കളും തൊഴിലാളികളും സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും തെരുവിൽ അലയുന്നവരും തത്വചിന്തകരും ചേർന്നുനയിച്ച 1968ലെ ഫ്രഞ്ച് വിപ്ലവം ലോകത്ത് പുതിയ മാതൃകയായി. ഇന്ത്യയിൽ നടന്ന കർഷക സമരവും സർവകലാശാലകളിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളും സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന ഷഹീൻ ബാഗ് സമരവും ഇത്തരത്തിലുള്ളതായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരവും വൻ പ്രാധാന്യം അർഹിക്കുന്നു. ലോകത്താകെയുള്ള ഇത്തരം മുന്നേറ്റങ്ങൾ നവ ലിബറൽ മുതലാളിത്തത്തിന്റെയും നവ ഫാസിസത്തിന്റെയും കാലത്ത് ജനാധിപത്യത്തിനുവേണ്ടിയുള്ള പുതിയ സമരങ്ങളുടെ വഴി കാട്ടിത്തരുന്നു.
മുതലാളിത്ത മൂലധനം ദേശീയതയുടെ അതിരുകൾ തകർത്ത് ഭൂമിയെ ഒന്നാകെ ഗ്രസിച്ച ആഗോള ശക്തിയാണ്. അത് മനുഷ്യന്റെ അധ്വാന ശക്തിയെ മാത്രമല്ല, ജീവിതത്തെ തന്നെ ഏറ്റെടുത്തു. സൈബർ സ്പേസിന്റെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കേന്ദ്രീകൃതമായ ഉപയോഗത്തിലൂടെ ആഗോള സാമ്രാജ്യ മൂലധന വ്യവസ്ഥ ലോകത്തെ ഒരു ബൃഹത്തായ ഫാക്ടറിയാക്കി. ഇതോടെ ഭരണകൂട പരമാധികാരം, പൗരത്വം, മതം, പ്രതിനിധാനം, പൊതു-സ്വകാര്യ വിഭജനം, ജനാധിപത്യം തുടങ്ങിയ ആധുനിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന പരികല്പനകൾ ഉള്ളടക്കം ചോർന്നുപോയ പദപ്രയോഗങ്ങൾ മാത്രമായി അവശേഷിക്കുന്നു. രാജ്യാതിർത്തികൾ കടന്ന് പ്രവർത്തിക്കുമ്പോൾത്തന്നെ മൂലധനശക്തികൾ രാഷ്ട്രങ്ങളെ പലതട്ടുകളിലായി വിഭജിക്കുകയും പരസ്പരം മത്സരത്തിലും കലഹത്തിലും ഏർപ്പെടുത്തുകയും ചെയ്യുന്നു. സദാ പലതരം യുദ്ധങ്ങളിലും കലഹങ്ങളിലും ഏർപ്പെട്ടുകൊണ്ട് മനുഷ്യന്റെ എല്ലാ രാഷ്ട്രീയ അവകാശങ്ങളെയും ഇല്ലാതാക്കുന്ന സാഹചര്യം സാധ്യമാക്കുന്നു. ‘രാഷ്ട്രീയ അവകാശങ്ങൾ എടുത്തു കളഞ്ഞ നഗ്ന ജീവിതങ്ങളാണ് മൂലധന സാമ്രാജ്യത്തിന്റെ സവിശേഷ ജൈവരൂപങ്ങൾ’ എന്ന് ജോർജിയോ അഗംബനും, നവോമി ക്ലെയ്‌നും പറഞ്ഞിട്ടുണ്ട്. അതിനാൽ ഐക്യമോ, സാഹോദര്യമോ, പരസ്പര സ്നേഹമോ അല്ല, വിഭാഗീയതയും ശത്രുതയും കാലുഷ്യവും മത സ്പർധയും യുദ്ധവും അവ സൃഷ്ടിക്കുന്ന പ്രതിസന്ധിയുമാണ് ആഗോള മൂലധനത്തിന്റെ ചാലകശക്തി. നവോമി ക്ലെയ്ൻ ഇതിനെ ‘ദുരന്ത മുതലാളിത്തം’ എന്നു വിളിക്കുന്നു.


ഇതുകൂടി വായിക്കൂ: ഗുസ്തിതാരങ്ങളുടെ സമരം പൊളിക്കാന്‍ അമിത്ഷായുടെ ഗൂഢതന്ത്രം


ലോക ജനാധിപത്യ വ്യവസ്ഥക്ക് തന്നെ മാതൃകയായി വാഴ്ത്തപ്പെട്ട ഇന്ത്യ ഇന്ന് നവ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ കാൽക്കീഴിൽ അമർന്നിരിക്കുന്നു. ഈ അവസ്ഥയെ ഭേദിക്കണം. ഭരണകൂടത്തിനു മാത്രമല്ല അധികാരമുള്ളത്, ഭരിക്കപ്പെടുന്നവർക്കും മാനുഷികമായ അഥവാ സാമൂഹിക നിലനില്പിൽ നിന്ന് രൂപപ്പെടുന്ന അധികാരമുണ്ട്. മേലാളന്മാരുടെ അധികാരത്തെ ചെറുത്തുകൊണ്ട് ജീവിക്കുന്നവരുടേത് സഹജവും സ്വച്ഛന്ദവുമായ, ആർക്കും എടുത്തു മാറ്റാനാവാത്ത അധികാരമാണ്. ഇന്ത്യൻ നവ ഫാസിസത്തിന്റെ ആയുധപ്പുരയിലെ ഏറ്റവും വലിയ സ്ഫോടക വസ്തുവാണ് ‘മേൽക്കോയ്മാ ദേശീയത’. രാജ്യത്തെ ഒരു വിഭാഗത്തെ ഇന്ത്യക്കാരല്ലാതാക്കുകയും വേറൊരു വിഭാഗത്തെ ‘ഒറിജിനൽ ഭാരതീയരാക്കുകയും’ ചെയ്യുന്ന അങ്ങേയറ്റത്തെ വിധ്വംസക വിശകലന രീതിയാണ് സംഘ്പരിവാര ബുദ്ധികൾ വികസിപ്പിക്കുന്നത്. ജിങ്കോയിസം ദേശഭക്തിയല്ല, തീവ്രവും വിമർശനരഹിതവുമായ ദേശഭ്രാന്താണ്. അതിനോളം വിഷം മറ്റൊന്നിനില്ല.
ഫാസിസത്തിന് ബഹുജനാടിത്തറ കൈവരുന്നത് ഓരോരുത്തരെയും ഫാസിസ്റ്റുകൾ ആക്കിക്കൊണ്ടാണ്. ആ അടിത്തറ വർഗപദവികളുമായി കെട്ടുപിണഞ്ഞതല്ല, മറിച്ച് വർഗപരവും ജാതിപരവുമായ പീഡനാനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും ഗുജറാത്ത് കലാപത്തിലും മണിപ്പൂരിലെ ഇന്നത്തെ ഭീതിജനകമായ സംഘർഷത്തിലും പങ്കെടുത്ത ആളുകളെ നോക്കുക. അവർ ഉന്നത വർഗത്തിൽപ്പെട്ടവരല്ല. മുതലാളിത്തത്തിന്റെയും മതമൗലികവാദത്തിന്റെയും ജാതി സമൂഹത്തിന്റെയും ഭരണകൂട ഏകാധിപത്യത്തിന്റെയും ഇരകളാണ്. സ്വമേധയാ ചെയ്യുന്ന ഹിംസാത്മക പ്രവർത്തനങ്ങൾ അവർക്ക് ഒരു അധികാരഭാവം നൽകുന്നു. ഒപ്പം തങ്ങളുടെ ദുര്‍ബലാവസ്ഥ മറികടന്നതായുള്ള മിഥ്യാധാരണയും. അവർ കരുതുന്നത്, അതിലൂടെ മേന്മ പ്രകടിപ്പിക്കാം എന്നാണ്. കാരണം മറ്റൊരുതരത്തിലും അന്തസ് തോന്നാനുള്ള മാർഗം ചാതുർവർണ്യം നിലനിൽക്കുന്ന സമൂഹത്തിൽ ഇല്ല. എങ്ങനെയാണ് ആദിവാസികളും ദളിതരും ഈ കലാപങ്ങളിൽ പങ്കെടുത്തത്. ഒരുപക്ഷെ, ഹിന്ദു എന്നു വിളിക്കപ്പെടാനുള്ള അന്തസ് ബ്രാഹ്മണ്യം ഇതിലൂടെ അവർക്ക് നൽകുന്നതിനാലാകാം. അതുകൊണ്ടുതന്നെ സംഘ്പരിവാരത്തിന് ഹിന്ദുയിസത്തിന്റെ പേരിൽ ഇതിനെ ഉപയോഗിക്കാം. മറ്റ് മതങ്ങളിലുള്ള ബ്രാഹ്മണ്യവും സംഘർഷത്തിനും സ്പർധയ്ക്കും ഉപയോഗിക്കുന്നത് ആ മതങ്ങളിലെ അവർണരെയാണ്.
ഇവിടെ നിതാന്തമായ ആശയ പോരാട്ടം അനുപേക്ഷണീയമാണ്. ഹിന്ദു എന്ന് വിളിക്കപ്പെടുന്നതിലൂടെ, ഇന്ന് വ്യക്തികൾക്ക് ആദരം കിട്ടുന്ന അവസ്ഥയാണ്. വ്യത്യസ്തമായ രീതിയിൽ സമൂഹത്തെ ചിന്തിപ്പിക്കേണ്ടത് സഖാക്കളാണ്. നിസ്വാർത്ഥരായ പൊതുപ്രവർത്തകരെയാണ് ആദരിക്കേണ്ടത്. ജാതിമത ശക്തികളുടെ അപ്രമാദിത്വം നിലനിൽക്കുന്ന സമൂഹത്തിൽ അത് എളുപ്പമല്ല. മതാധിഷ്ഠിതമായ സമൂഹത്തിൽ ബഹുജനാടിത്തറയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുക എന്നത് വലിയ നേട്ടമാണ്. കമ്മ്യൂണിസ്റ്റുകാർ എപ്പോഴും ഒഴുക്കിനെതിരെ നീന്തി, സമൂലമായ മാറ്റത്തിനുവേണ്ടി പോരാടുന്നവരാണ്. പുരോഗമന സ്വഭാവമുള്ളവരെ, മതേതര വീക്ഷണം വച്ചുപുലർത്തുന്നവരെ, സാമൂഹിക സമത്വത്തിനുവേണ്ടി അഹോരാത്രം പോരാടുന്നവരെ, ജാതിമത ശക്തികൾ പരമാവധി ഒറ്റപ്പെടുത്താൻ ശ്രമിക്കും.


ഇതുകൂടി വായിക്കൂ:  അനീതിക്കെതിരായ പേനയുടെ സമരമുഖങ്ങൾ


നൂറ്റാണ്ടുകളായി ജാതിക്കെതിരായ വെല്ലുവിളികളെ ബ്രാഹ്മണിസം എങ്ങനെയാണ് അതിജീവിച്ചതെന്നത് അത്ഭുതകരമാണ്. മിത്തുകളും ഐതിഹ്യങ്ങളും ചരിത്രമായി വ്യാഖ്യാനിക്കപ്പെടുന്നു. മാനവികതയെ ഫാസിസ്റ്റുകൾ അംഗീകരിക്കുന്നില്ല. ചാതുർവർണ്യവും മനുഷ്യത്വരഹിതമായ സ്മൃതിനിയമങ്ങളും അവർക്ക് തിരിച്ചുകൊണ്ടുവരണം. വികൃതമായ സാംസ്കാരിക ചരിത്രം അവർ രചിക്കുന്നു. ഈ ബ്രാഹ്മണ്യത്തിനെതിരെയാണ് കമ്മ്യൂണിസ്റ്റുകൾക്ക് പ്രവർത്തിക്കേണ്ടത്. ബ്രാഹ്മണ്യത്തിന്റെ അടുത്ത സുഹൃത്തായ മൂലധനശക്തികൾക്കെതിരെയാണ് പോരാടേണ്ടത്. അതിന് വിശാല ചിന്താഗതി വേണം. ആശയപരമായ പോരാട്ടമാണ് രാജ്യം ആവശ്യപ്പെടുന്നത്.
ഫാസിസ്റ്റുകൾ മണിപ്പൂരിലടക്കം ക്രൂരതയുടെ സംസ്കാരത്തെ വ്യാപിപ്പിക്കുന്നു. ലിംഗാതിക്രമത്തിന്റെ പുറത്ത് രാജ്യത്ത് ആയിരക്കണക്കിനു സ്ത്രീകൾ കൊല്ലപ്പെടുന്നു, ബലാത്സംഗത്തിന് ഇരയാകുന്നു. സ്ത്രീധനത്തിന്റെ പേരിൽ, അനുസരണയില്ലാത്തവൾ എന്നതിന്റെ പേരിൽ അവരിൽ പലരുടെയും മുഖം വികൃതമാക്കപ്പെടുന്നു. വർഗപരവും ജാതീയവുമായ വിദ്വേഷത്തിന്റെ പേരിൽ ഓരോ വർഷവും പതിനായിരക്കണക്കിനു ദളിതർ കൊല്ലപ്പെടുകയും അസംഖ്യം ദളിത് സ്ത്രീകൾ ബലാത്സംഗത്തിനിരയാകുകയും ചെയ്യുന്നു. ഇതിനെല്ലാമെതിരെ മതേതര ഇടതുപക്ഷ ശക്തികളുടെ അചഞ്ചലമായ പോരാട്ടം അനിവാര്യമാണ്. മനുഷ്യ മോചനത്തിന്റെ അനന്ത സാധ്യതകൾ കൈവരിക്കാനും ഉപയോഗപ്പെടുത്താനും ഇടതുപക്ഷത്തിനു കഴിയും. മനുഷ്യരുടെ വിമോചന ഗാഥകൾ ഫാസിസ്റ്റുകളെ അസ്വസ്ഥരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.