മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അപകടത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന മന്ത്രിതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും മന്ത്രി അറിയിച്ചു.
മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച് അഡാനി തുറമുഖവുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കല്ലും മണ്ണും നീക്കം ചെയ്ത് ബേസിനിലും ചാനലിലും പൊഴിയിലും കരാർ പ്രകാരമുള്ള ശരിയായ ആഴം ഉറപ്പാക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ഇതുസംബന്ധിച്ച് ഫിഷറീസ്, തുറമുഖ മന്ത്രിമാരും ജില്ലയിൽനിന്നുള്ള മൂന്ന് മന്ത്രിമാരും ഉൾപ്പെട്ട സമിതി ഇന്ന് രാവിലെ 10ന് അഡാനി പോർട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.
തുറമുഖത്തിന്റെ അനുബന്ധ ചാനലിൽ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് സ്ഥിരംസംവിധാനം ഏർപ്പെടുത്തും. സാൻഡ് ബൈപാസിങ് ഇതിനായി നടപ്പാക്കും. ചാനലിലേക്ക് മണൽ ഒഴുകിവരാതെ പൈപ്പിലൂടെ പമ്പ് ചെയ്തു മറുഭാഗത്തെത്തിക്കുന്നതാണിത്. 10 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി. നടപടികൾ പൂർത്തിയാക്കി, കാലാവസ്ഥാ സാഹചര്യം മാറിയ ഉടൻ, ടെൻഡർ നടപടികളിലേക്ക് കടക്കും. യോഗത്തില്‍ ജി ആര്‍ അനില്‍, ആന്റണി രാജു, വി ശിവന്‍കുട്ടി എന്നിവരും പങ്കെടുത്തു.
മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കും
ഈ മാസം 10 ന് മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് മരിച്ച നാല് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മരിച്ച റോബിന്റെ കുടുംബത്തിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ സ്ഥലംവാങ്ങി വീട് നിർമ്മിച്ചു നൽകും. ഭാര്യയ്ക്കു വരുമാനമാർഗം ഉറപ്പാക്കും. ബിജു ആന്റണിയുടെ കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചു നൽകും.
മൂത്ത മകൾക്കു വരുമാന മാർഗമൊരുക്കും. സുരേഷ് ഫെർണാണ്ടസിന്റെ മകന് മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം നൽകും. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു കഠിനംകുളം സഹകരണ ബാങ്കിലുള്ള വായ്പാ ബാധ്യത സഹകരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി ഒഴിവാക്കും. കുഞ്ഞുമോന്റെ കുടുംബത്തിനു പുനർഗേഹം പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭൂമി വാങ്ങി വീട് നിർമ്മിച്ചപ്പോൾ സ്വകാര്യ സ്ഥാപനത്തിൽനിന്നെടുക്കേണ്ടിവന്ന അഞ്ചു ലക്ഷം രൂപയുടെ കടബാധ്യത പൂർണമായി ഒഴിവാക്കുന്നതിനു സഹായം നൽകും. കുടുംബനാഥയ്ക്കു വരുമാനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary: Full security will be ensured in Muthalappozhi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.