കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഭൂരിപക്ഷം പദ്ധതികളിലെയും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഉണ്ടായത് വന്‍ ഇടിവ്. ഫണ്ട് വിഹിതത്തിലും കാര്യമായ കുറവുണ്ടായെന്ന് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.
2019–20, 2021–22 വര്‍ഷങ്ങളില്‍ ചില പദ്ധതിക്ക് കീഴില്‍ അനുവദിച്ച വിഹിതം വര്‍ധിച്ചു, എന്നാല്‍ അതിലെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നാണ് കേന്ദ്രമന്ത്രി ലോക്‌സഭയെ അറിയിച്ചത്. അസമിലെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമൊക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംപി എം ബദറുദ്ദീന്‍ അജ്മലിന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിനായി നടപ്പിലാക്കിയ കേന്ദ്ര പദ്ധതികൾക്ക് കീഴിൽ അനുവദിച്ചതും വിനിയോഗിച്ചതുമായ തുക, ഗുണഭോക്താക്കളുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് എംപി ആരാഞ്ഞത്. ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, മുസ്‌ലിങ്ങൾ, പാഴ്‌സികൾ, ജൈനർ എന്നിങ്ങനെയാണ് കേന്ദ്രം വിജ്ഞാപനം ചെയ്തിട്ടുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങള്‍.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 2020–21 വര്‍ഷത്തില്‍ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ 2019–20, 2021–22 വര്‍ഷങ്ങളിലും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായതായി കേന്ദ്രത്തിന്റെ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
2019–20ല്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഗുണഭോക്താക്കളുടെ എണ്ണം 7.43 ലക്ഷമായിരുന്നെങ്കില്‍ 2021–22 വര്‍ഷത്തിലിത് 7.14 ലക്ഷമായി ചുരുങ്ങി. ഇക്കാലയളവില്‍ പദ്ധതിക്കായി അനുവദിച്ച തുക 482.65 കോടിയില്‍ നിന്ന് 465.73 കോടിയായി വെട്ടിക്കുറച്ചു.
മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് പദ്ധതിയില്‍ ഗുണഭോക്താക്കളുടെ എണ്ണം 1251ല്‍ നിന്നും 1075 ആയും അനുവദിച്ച തുക 100 കോടിയില്‍ നിന്ന് 74 കോടിയായും കുറഞ്ഞു. നയാ സവേര 9580 (2019–20), 5140 (2021–22) എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. ഇക്കാലയളവില്‍ ബീഗം ഹസ്രത് മഹല്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് സ്കീമില്‍ അനുവദിച്ച തുക 165.20 കോടിയില്‍ നിന്നും 91.60 കോടിയായി വെട്ടിക്കുറച്ചു. 2.94 ലക്ഷം, 1.65 ലക്ഷം എന്നിങ്ങനെയായിരുന്നു അനുവദിച്ച തുക.
സീകോ ഔര്‍ കമാവോ, ഉസ്താദ്, ഹമാരി ധരോഹര്‍, നയി രോഷ്നി, നയി മന്‍സില്‍ എന്നീ തൊഴില്‍ പദ്ധതികള്‍ പ്രധാനമന്ത്രി വിരാസത് കാ സംവർധൻ’ എന്ന ഒരൊറ്റ പദ്ധതിയിലേക്ക് ലയിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. നയി മന്‍സില്‍ പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം 22,359ല്‍ നിന്നും 5,312 മാത്രമായി ചുരുങ്ങി.
പ്രീ മെട്രിക് സ്കോളര്‍ഷിപ്പുകള്‍ക്കായി 2019–20 വര്‍ഷത്തില്‍ 1,424.56 രൂപയാണ് അനുവദിച്ചതെങ്കില്‍ 2021–22ലത് 1,329.17 കോടിയായി ചുരുങ്ങി. പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം യഥാക്രമം 55.68 ലക്ഷം 57.10 ലക്ഷം ആയിരുന്നു.
നയി ഉഡാന്‍ പദ്ധതിക്കു കീഴില്‍ അനുവദിച്ച തുകയില്‍ എട്ട് കോടിയുടെ കുറവുണ്ടായതായും കേന്ദ്രത്തിന്റെ രേഖകളില്‍ പറയുന്നു.
English Summary: Fund allocation for minority welfare schemes has been cut
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.