26 June 2024, Wednesday
KSFE Galaxy Chits

ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമം: കെ എൻ ബാലഗോപാൽ

Janayugom Webdesk
കൊല്ലം
April 26, 2022 9:42 pm

രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ ബോധപൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. ഭരണഘടന അത് ഉറപ്പ് നല്‍കുന്നതുമാണ്. എന്നാല്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളെ തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണ് ഇവിടെ നടക്കുന്നത്. ഭാഷയുടെ കാര്യത്തില്‍ പോലും അത് സംഭവിക്കുന്നുണ്ട്. ഒരൊറ്റ ഭാഷ മതി ഒരൊറ്റ സംസ്കാരം മതി എന്ന് ഭരണാധികാരികള്‍ പറയുന്നു. അത് രാജ്യത്തെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കുകയുള്ളു. ഭരണഘടനയുടെ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഭരണഘടനയെ സംരക്ഷിക്കാന്‍ രാജ്യത്തെ ഓരോ പൗരനും ബാധ്യതയുണ്ടെന്നും മന്ത്രി പറ‍ഞ്ഞു.
ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, കില എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ‘ദി സിറ്റിസൺ 2022’ ഭരണഘടനാ സാക്ഷരത ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ സംരക്ഷിക്കുവാനും പഠിക്കുവാനും ഏറെ പ്രവർത്തനങ്ങൾ നാം നടത്തേണ്ടതുണ്ട്. അതിനായുള്ള പുതിയ ചുവടുവയ്പ്പിനാണ് ജില്ല നേതൃത്വം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ അധ്യക്ഷനായി. 2022 ഓഗസ്റ്റ് 14 ന് അർദ്ധരാത്രിയാണ് സമ്പൂർണ ഭരണഘടന സാക്ഷരത ജില്ലയുടെ പ്രഖ്യാപനം നടത്തുന്നത്.
ഭരണഘടനയുടെ മാതൃക ആമുഖ പ്രകാശനംമന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു.
ഭരണഘടന മൂല്യങ്ങൾ മേയർ പ്രസന്ന ഏണസ്റ്റ് ചൊല്ലി.
പി സി വിഷ്ണുനാഥ് എംഎൽഎ ‘ദി സിറ്റിസൺ 2022’ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. എം നൗഷാദ് എംഎൽഎ സെനറ്റർമാർക്ക് പ്രതിജ്ഞ ചൊല്ലി നൽകി. ജില്ലാ കളക്ടർ അഫ്സാന പർവീൺ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇതിന് മുന്നോടിയായി വർണാഭമായ സാംസ്കാരിക ഘോഷയാത്രയും നടന്നു.
എംഎൽഎമാരായ എം നൗഷാദ്, കോവൂർ കുഞ്ഞുമോൻ, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, പ്ലാനിങ് ബോർഡ് മെമ്പർ ജിജു പി അലക്സ്, സബ് കളക്ടർ ചേതൻ കുമാർമീണ, ആസൂത്രണ സമിതി സർക്കാർ നോമിനി പി വിശ്വനാഥൻ, ബ്ലോക്ക് ‑ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജില്ലാ പ്ലാനിങ് ഓഫീസർ പി ജെ ആമിന, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, രാഷ്ട്രീയ‑സാമൂഹിക‑സാംസ്കാരിക കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.