30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

September 11, 2023
September 10, 2023
September 10, 2023
September 9, 2023
September 8, 2023
September 7, 2023
September 7, 2023
September 6, 2023
September 4, 2023
September 4, 2023

റഷ്യ‑ചൈന സംയുക്ത നീക്കത്തിന് വഴങ്ങി ജി20 ഒത്തുതീര്‍പ്പ്

റെജി കുര്യന്‍
ന്യൂഡല്‍ഹി
September 9, 2023 11:01 pm

ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ പേരു പരാമര്‍ശിക്കാതെ ജി20 സംയുക്ത പ്രസ്താവന. റഷ്യ‑ചൈന സംയുക്ത നീക്കത്തിന് വഴങ്ങി ജി20. ഭൗമ രാഷ്ട്രീയ വിഷയങ്ങള്‍ ജി20 പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്ന കരട് സംയുക്ത പ്രസ്താവനയ്ക്ക് ഉച്ചകോടിയുടെ അംഗീകാരം.
ഉക്രെയ്ന്‍ യുദ്ധം സംബന്ധിച്ച് ജി20 രാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ സംയുക്ത പ്രസ്താവനയ്ക്ക് സമവായം സൃഷ്ടിക്കാന്‍ നടത്തിയ നീക്കങ്ങള്‍ അമ്പേ പരാജയപ്പെട്ടിരുന്നു. മറ്റ് വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങളിലും സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ ഇന്ത്യക്കായിരുന്നില്ല. ഉച്ചകോടി തുടങ്ങുന്നതിനു മുമ്പുള്ള ഷെര്‍പ്പ യോഗത്തിലും ഭിന്നത രൂക്ഷമായതോടെ ഭൗമ രാഷ്ട്രീയ വിഷയം ഒഴിവാക്കിയുള്ള കരട് പ്രമേയമാണ് അംഗരാജ്യങ്ങളുടെ അംഗീകാരത്തിനായി വിതരണം ചെയ്തത്.
സമവായ ശ്രമങ്ങള്‍ ഫലം കാണാഞ്ഞതോടെ ജി20 ഉച്ചകോടിയില്‍ ഡല്‍ഹി സംയുക്ത പ്രസ്താവന ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഉക്രെയ്ന്‍ യുദ്ധം, ഉക്രെയ്‌ന്എതിരെയുള്ള യുദ്ധം തുടങ്ങിയ സംയുക്ത പ്രസ്താവനയിലെ വാക്യ ക്രമങ്ങളില്‍ ശക്തമായ വിയോജിപ്പുമായി റഷ്യ‑ചൈന വിഭാഗം നിലയുറപ്പിച്ചിരുന്നു. ഇതോടെ പ്രസ്താവന സംബന്ധിച്ച് അന്തിമമായ സമവായം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. പുറമെ ഇന്തോ-അമേരിക്കന്‍ മേല്‍ക്കൈയാകും ഡല്‍ഹി ഉച്ചകോടിയില്‍ ഉണ്ടാകുകയെന്ന പൊതു വിലയിരുത്തലും സംയുക്ത പ്രസ്താവനയ്ക്ക് തിരിച്ചടിയായി.
ജി20 അംഗീകാരം നല്‍കിയ കരട് പ്രസ്താവനയില്‍ ഉക്രെയ്ന്‍ വിഷയത്തെ മറ്റൊരു തലത്തിലേക്ക് മാറ്റുകയാണുണ്ടായത്. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെയും ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയുടെയും തീരുമാനങ്ങള്‍ പ്രകാരം യുഎന്‍ ചാര്‍ട്ടര്‍ മുഴുവനായി പാലിക്കാന്‍ എല്ലാ രാജ്യങ്ങളും കടപ്പെട്ടിരിക്കുന്നു. ആണവായുധം ഉപയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാന്‍ കഴിയില്ലെന്നു പറയുന്ന പ്രസ്താവന ബലപ്രയോഗത്തിലൂടെ അധിനിവേശത്തെ എതിര്‍ക്കുന്ന യുഎന്‍ ചാര്‍ട്ടറും ഉദ്ധരിക്കുന്നു.
സാമ്പത്തിക സഹകരണമാണ് ജി20 ലക്ഷ്യം വയ്ക്കുന്നത്. ഭൗമ രാഷ്ട്രീയ തര്‍ക്കങ്ങളിലും സുരക്ഷാ വിഷയങ്ങളിലും പരിഹാരം കണ്ടെത്താനുള്ള വേദിയല്ല ജി20. അതേസമയം ഇത്തരം വിഷയങ്ങള്‍ ആഗോള സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന് ഉച്ചകോടി വിലയിരുത്തി. ആഗോള ഭക്ഷ്യ‑ഇന്ധന സുരക്ഷയെ ഉക്രെയ്ന്‍ യുദ്ധം ദോഷകരമായി ബാധിക്കും. മാനവ സമൂഹവും ഇതിന്റെ ദോഷഫലങ്ങള്‍ക്ക് ഇരയാകും. വളര്‍ച്ച, വിതരണം, വിലക്കയറ്റം, സാമ്പത്തിക സുസ്ഥിരത ഉള്‍പ്പെടെ വികസ്വര, അവികസിത രാജ്യങ്ങളുടെ വളര്‍ച്ചയെ യുദ്ധം ദോഷകരമായി ബാധിക്കും എന്നാണ് 37 പേജുള്ള കരട് പ്രസ്താവനയില്‍ പറയുന്നത്.
സംയുക്ത പ്രസ്താവന യോഗത്തില്‍ ഉണ്ടായില്ലെങ്കില്‍ അത് ആതിഥേയ രാജ്യമായ ഇന്ത്യക്ക് തിരിച്ചടിയായി മാറുമായിരുന്നു.

Eng­lish sum­ma­ry; G20 set­tle­ment yield­ed to Rus­sia-Chi­na joint move

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.