
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷമിടുന്ന പ്രഥമ ദൗത്യമായ ഗഗന്‍യാന്റെ വീണ്ടെടുക്കല്‍ പരീക്ഷണം രണ്ടാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. കടലിൽനിന്ന് ക്രൂ മൊഡ്യൂൾ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തുറമുഖ പരീക്ഷണങ്ങൾ വിശാഖപട്ടണത്തെ നേവല്‍ ഡോക്ക്യാര്‍ഡില്‍ നടത്തി.
അടുത്ത വർഷത്തോടെ മൂന്ന് സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് ഇന്ത്യയുടെ ഗഗന്യാന് പദ്ധതി. ബഹിരാകാശത്ത് മൂന്നു ദിവസം തങ്ങിയശേഷം യാത്രികരുമായി തിരിച്ചെത്തുന്ന പേടകത്തെ കടലിലാണ് വീഴ്ത്തുക. ബഹിരാകാശപേടകങ്ങളെ സുരക്ഷിതമായി കരയിലെത്തിക്കുന്ന സാങ്കേതികവിദ്യ നിലവിൽ ഐഎസ്ആർഒയ്ക്കില്ല. അതിനാലാണ് ഗഗൻയാൻ ക്രൂ മൊഡ്യൂൾ കടലിൽവീഴ്ത്തുന്നത്. പേടകം സുരക്ഷിതമായി വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ പരീക്ഷിക്കുന്നത്.
പരീക്ഷണ പേടകം വീണ്ടെടുക്കുന്നതിനായി നാവികസേനയുമായി ചേർന്നായിരുന്നു ഐഎസ്ആര്‍ഒയുടെ നീക്കം. ആദ്യ വികസന ദൗത്യത്തിൽ വീണ്ടെടുക്കൽ പ്രവർത്തനത്തിനായി തിരഞ്ഞെടുത്ത കപ്പൽ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
വിശാഖപട്ടണത്തെ കിഴക്കൻ നാവിക കമാന്‍ഡില്‍ മാസ് ആന്റ് ഷേപ്പ് സിമുലേറ്റഡ് ക്രൂ മൊഡ്യൂള്‍ മോക്കപ്പ് (സിഎംആര്‍എം) ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. മുൻകൂട്ടി നിശ്ചയിച്ച സാഹചര്യങ്ങളിൽ പേടകം വീണ്ടെടുക്കുന്ന നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഈ ഘട്ടം പരീക്ഷണ പ്രക്രിയയിലെ നിര്‍ണായക ഘടകമാണ്.
റിക്കവറി ബൂയി അറ്റാച്ച്മെന്റ്, ടോവിങ്, ഹാന്ഡ്ലിങ്, ക്രൂ മൊഡ്യൂള്‍ കപ്പലിലേക്ക് ഉയര്‍ത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള വീണ്ടെടുക്കലിന്റെ വിവിധ ഘട്ടങ്ങള്‍ പരീക്ഷിച്ചു. തടസങ്ങളില്ലാതെയും സുരക്ഷിതമായും ക്രൂ മൊഡ്യൂൾ വീണ്ടെടുക്കുന്നത് ഉറപ്പാക്കുന്നതിന് പ്രത്യേക നടപടിക്രമങ്ങള്‍ (എസ്ഒപി) മികച്ച രീതിയില്‍ ക്രമീകരിച്ചു. കൊച്ചിയിലെ വാട്ടര്‍ സര്‍വൈവല്‍ ട്രെയിനിങ് ഫെസിലിറ്റി (ഡബ്ല്യുഎസ്ടിഎഫ്)യിൽ നടത്തിയ ഒന്നാംഘട്ട പരീക്ഷണങ്ങളില്‍നിന്നുള്ള അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് എസ്ഒപി മെച്ചപ്പെടുത്തിയത്. തിരഞ്ഞെടുത്ത മൂന്ന് സഞ്ചാരികളാണ് അടുത്തവർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. ഇവരുടെ ആദ്യഘട്ട പരിശീലനം റഷ്യയിൽ നേരത്തെ പൂർത്തിയായിരുന്നു.
English Summary: Gaganyan: Second phase test also successful
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.