18 February 2025, Tuesday
KSFE Galaxy Chits Banner 2

ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകള്‍ ആയുധമാക്കാം

ടി ടി ജിസ്‌മോന്‍
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
January 30, 2025 4:45 am

മതാത്മകമായ അടിത്തറയിലുള്ള നയരൂപീകരണം മുഖമുദ്രയായി പ്രഖ്യാപിച്ചിട്ടുള്ള ആർഎസ്എസിന് ഗാന്ധിയൻ ജീവിതത്തിന്റെ മൂല്യവത്തായ സന്ദേശങ്ങൾ എന്നും അനഭിമതമായിരുന്നു. 1948 ജനുവരി 30ന് വൈകിട്ട് ഡൽഹിയിലെ ബിർളാ ഹൗസിൽ ഗാന്ധിയുടെ ഇടനെഞ്ചിലേക്ക് ജനക്കൂട്ടത്തിൽ നിന്നും പുറത്തേക്കുവന്ന ഗോഡ്സെ നിറയൊഴിച്ചതും ഇന്ത്യൻ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വത്തിനെതിരെയുള്ള ഗാന്ധിജിയുടെ അനുരഞ്ജനരഹിത നിലപാട് കൊണ്ടായിരുന്നു. ഹിന്ദു–മുസ്ലിം ഐക്യം കൂടാതെ സ്വരാജ് യാഥാർത്ഥ്യമാകില്ലെന്ന് പ്രഖ്യാപിക്കുന്നവർ സമൂഹത്തോട് കടുത്ത വഞ്ചന കാണിക്കുകയാണെന്നും മഹത്വവും പൗരാണികവുമായ ഒരു വംശത്തിന്റെ ശക്തി ചോർത്തിക്കളയുകയാണെന്നും ഗാന്ധിജിയെ പേരെടുത്തു പറയാതെ മുമ്പ് ഗോൾവാൾക്കർ അധിക്ഷേപിച്ചതിന്റെയും ചേതോവികാരം മറ്റൊന്നായിരുന്നില്ല. 

ചരിത്രത്തെ സംബന്ധിച്ച വലിയ വ്യാജങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഗാന്ധിവധത്തിന് ശേഷം ആർഎസ്എസിന്റെ ഔദ്യോഗിക വക്താക്കൾ തങ്ങൾക്ക് ഗോഡ്സെയുമായി ഒരു ബന്ധവുമില്ലെന്നും ഗോഡ്സെ ആർഎസ്എസ് പ്രവർത്തകനല്ലെന്നും പ്രഖ്യാപിച്ചത്. എന്നാൽ രാഷ്ട്രത്തെ അനുസ്യൂതം അപമാനിച്ച ഒരാളെ രാഷ്ട്രത്തിനുവേണ്ടി ഉന്മൂലനം ചെയ്യുകയായിരുന്നു തന്റെ സഹോദരൻ എന്നായിരുന്നു ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെ, ഗാന്ധി വധത്തെക്കുറിച്ച് പ്രതികരിച്ചത്. 1948ൽ ഗോഡ്സെ ഹിന്ദു മഹാസഭയുടെ പ്രവർത്തകൻ മാത്രമല്ല ആർഎസ്എസിന്റെ ബൗദ്ധിക് കാര്യവാഹ് കൂടിയായിരുന്നുവെന്ന് ഈ സഹോദരനും ഹിന്ദു മഹാസഭ അധ്യക്ഷനായിരുന്ന എൻ സി ചാറ്റർജിയും വെളിപ്പെടുത്തിയിട്ടുണ്ട്.
1994 ജനുവരിയിൽ ‘ഫ്രണ്ട്‌ലെെൻ’ പ്രസിദ്ധീകരിച്ച ഗോപാൽ ഗോഡ്സെയുടെ അഭിമുഖത്തിലും ഗോഡ്സെയുടെ ആർഎസ്എസ് ബന്ധത്തെ അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. നാഥുറാം വിനായക് ഗോഡ്സെ വി ഡി സവർക്കറുടെ വസതിയിലെ സ്ഥിരം സന്ദർശകനായിരുന്നു എന്നും ചരിത്രത്തിൽ വായിക്കാൻ കഴിയുന്നു. 

1947ൽ ഗോഡ്സെയും നാരായൺ ആപ്തെയും സവർക്കറോടൊപ്പം ഒരു യോഗത്തിൽ പങ്കെടുക്കാൻ പൂനെയിലേക്ക് പോവുകയും തിരിച്ച് മൂന്നുപേരും വിമാനമാർഗം ബോംബെയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. 1948 ജനുവരി 17ന്, തന്നെ സന്ദർശിച്ച ശേഷം മടങ്ങുന്ന നേരത്ത് ആപ്തെയോടും ഗോഡ്സെയോടും സവർക്കർ പറഞ്ഞത് ‘വിജയികളായി മടങ്ങി വരൂ’ എന്നായിരുന്നുവത്രേ. 

ഗോഡ്സെയുടെ നേതൃത്വത്തിൽ ഗാന്ധിജിക്ക് നേരേ നടന്ന വധശ്രമത്തിൽ വി ഡി സവർക്കറിന് പങ്കുണ്ടായിരുന്നുവെന്ന മൊഴി ഉണ്ടായിട്ടും എന്തുകൊണ്ട് അയാൾ അറസ്റ്റ് ചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തില്ലെന്ന് നിയമജ്ഞനും ഗ്രന്ഥകാരനുമായ എ ജി നൂറാനി ചോദിക്കുന്നുണ്ട്. കൊലപാതക ശ്രമത്തിനിടെ രക്ഷപ്പെട്ട മദൻലാൽ പാഹ്വയായിരുന്നു പിന്നീട് അറസ്റ്റിലായതിന് ശേഷം അന്ന് സവർക്കർക്കെതിരായി മൊഴി നൽകിയത്. വധശ്രമത്തിന് തൊട്ടുമുമ്പ് തങ്ങൾ വി ഡി സവർക്കറെ കണ്ടിരുന്നു എന്ന് വെളിപ്പെടുത്തിയ മദൻലാൽ തന്നെയാണ് ഗോഡ്സെയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കൈമാറിയത്. ഗാന്ധിവധം അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടിലാകട്ടെ ഹിന്ദുമഹാസഭ — ആർഎസ്എസ് അനുയായികളാൽ നടത്തപ്പെട്ട ഒരു ഗൂഢാലോചനയെന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

ഗാന്ധിഘാതകരായ ആർഎസ്എസിന്റെ രാഷ്ട്രീയമുഖമായ ബിജെപി തങ്ങളുടെ ഭരണകാലയളവിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും നിരന്തരം കടന്നാക്രമിക്കുന്ന സമീപനങ്ങളുമായി മുന്നോട്ട് പോകുന്ന കാഴ്ചയാണിന്ന് ‌കാണുന്നത്. ഏകശിലാത്മകവും ഫാസിസ്റ്റ് സ്വഭാവത്തിലധിഷ്ഠിതവുമായ ഹിന്ദുരാഷ്ട്ര നിർമ്മിതി പ്രഖ്യാപിത ലക്ഷ്യമായി സ്വീകരിച്ചവർ ജനാധിപത്യത്തെ വിലയിരുത്തുന്നതാകട്ടെ ഇന്ത്യക്കനുയോജ്യമല്ലാത്ത പാശ്ചാത്യ നിർമ്മിതിയായിട്ടാണ്. ജനാധിപത്യ രാഷ്ട്രത്തിന്റെ മതേതര തത്വങ്ങൾക്ക് വിരുദ്ധമായി മതാധിഷ്ഠിത ഭരണത്തിലേക്ക് നയിക്കുകയാണവർ. ഹൈന്ദവതയ്ക്ക് ഇതര ചിന്താധാരകളുടെ മേൽ സമഗ്രാധിപത്യം സാധ്യമാവുകയും അവർ നൽകുന്ന ആനുകൂല്യങ്ങളിൽ മാത്രം ന്യൂനപക്ഷങ്ങൾ ജീവിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമാവുക എന്നതാണ് സംഘ്പരിവാറിന്റെ എക്കാലത്തെയും സ്വപ്നം. 

ആര്യൻമാരെ സംസ്കാരത്തിന്റെ സ്ഥാപകരെന്നും ഏഷ്യ, ജപ്പാൻ, ചൈന എന്നിവയെ സംസ്കാരത്തിന്റെ പ്രചാരകരെന്നും ജൂതന്മാരെ സംസ്കാരത്തിന്റെ ശത്രുക്കളെന്നും വിഭജിച്ചുള്ള ഹിറ്റ്ലറുടെ ഉന്മൂലന സിദ്ധാന്തത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ആര്യൻ വംശാഭിമാനത്തിൽ അഭിരമിക്കുന്ന, ഹിംസാത്മകതയിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രം ഇസ്ലാമിനെയും ക്രൈസ്തവരെയും കമ്മ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി വിലയിരുത്തുന്നത്.
ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസിനുമേൽ ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഗോൾവാൾക്കർ 1948 സെപ്തംബർ 24ന് സർദാർ പട്ടേലിനെഴുതിയ കത്തിൽ നിന്ന് അവരുടെ കമ്മ്യൂണിസ്റ്റ് വിദ്വേഷത്തിന്റെ തീവ്രത വായിച്ചെടുക്കാവുന്നതാണ്. ‘‘ആർഎസ്
എസിനെ നിരോധിച്ചതിനെ തുടർന്ന് യുവജനങ്ങൾ, പ്രത്യേകിച്ചും വിദ്യാർത്ഥി വിഭാഗങ്ങൾ കമ്മ്യൂണിസത്തിലേക്ക് കൂടുതൽക്കൂടുതൽ ചായാൻ തുടങ്ങിയെന്നാണ് തെക്കേ ഇന്ത്യയിൽനിന്നും സംയുക്ത പ്രവിശ്യയിൽനിന്നുമുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അവരുടെ പ്രചരണം വർധിച്ചുവരികയാണ്. അപകടാവസ്ഥയെക്കുറിച്ചുള്ള ഈ സൂചന ഞാൻ താങ്കൾക്ക് നൽകേണ്ടതില്ലല്ലോ. എന്നാൽ ഒന്നും ചെയ്യാതെ വെറുതെയിരുന്നും വിദേശത്തുനിന്നുള്ള ബന്ധങ്ങളുടെ വളർച്ചയുടെ നിസഹായനായ കാഴ്ചക്കാരനായിരുന്നും എന്റെ നിയന്ത്രണം എത്രത്തോളം നഷ്ടപ്പെടുന്നുവെന്ന് താങ്കൾ മനസിലാക്കുമല്ലോ. 

യാതൊരു കളങ്കവും കൂടാതെ പുറത്തുവരാനും സാധാരണഗതിയിൽ പ്രവർത്തിക്കാനും ആർഎസ്എസിനെ അനുവദിക്കുകയാണെങ്കിൽ, വലിയൊരു പരിധിവരെ നമ്മുടെ ചെറുപ്പക്കാരെ രക്ഷപ്പെടുത്താൻ കഴിയുമെന്നും എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഗവൺമെന്റിന്റെ അധികാരവും ഞങ്ങളുടെ സംഘടിതമായ സാംസ്കാരികശക്തിയും കൂടിച്ചേർന്നാൽ ഈ വിപത്തിനെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. നമ്മുടെ അയൽ രാജ്യങ്ങളിൽ മുന്നേറിക്കൊണ്ടിരിക്കുന്ന വിദേശ ഇസത്തിന്റെ വിജയതരംഗത്തിൽ ഞാൻ അതീവ ആശങ്കാകുലനാണ്. ഈ ആകാംക്ഷയാണ് മുമ്പത്തെപ്പോലെ ആർഎസ്എസിന് പ്രവർത്തിക്കാൻ പറ്റുന്ന വിധത്തിലുള്ള അന്തരീക്ഷം എത്രയുംവേഗം സൃഷ്ടിക്കണമെന്ന് താങ്കളോട് അഭ്യർത്ഥന നടത്താൻ എന്നെ പ്രേരിപ്പിക്കുന്നത്.’’
1942ൽ ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ജനങ്ങളോട് തങ്ങളുടെ സർക്കാർ ജോലികൾ നിരാകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഹിന്ദു മഹാസഭ അധ്യക്ഷനായിരുന്ന വി ഡി സവർക്കർ ഹിന്ദുക്കളോട് ഉപദേശിച്ചത് “സർക്കാർ തലത്തിൽ ഉദ്യോഗമോ സ്ഥാനമോ വഹിക്കുന്നവർ അതിൽ ഉറച്ചുനിൽക്കണമെന്നും, കൃത്യനിർവഹണം നല്ല രൂപത്തിൽ അനുഷ്ഠിക്കണമെന്നു“മായിരുന്നു. ഇത്തരത്തിൽ പൗരബോധത്തെ വിദ്വേഷാത്മകമാക്കിയും സ്വത്വരാഷ്ട്രീയത്തിലൂടെ ഭിന്നിപ്പിക്കൽ നയം സ്വീകരിച്ചുമാണ് മതരാഷ്ട്രത്തിനനുകൂല പരിസരം അവർ നിർമ്മിച്ചെടുക്കുന്നത്. 

ഇതോടൊപ്പം മതേതര ജനാധിപത്യ വ്യവസ്ഥയിലധിഷ്ഠിതമായ രാഷ്ട്രസങ്കല്പങ്ങളെ തീർത്തും തിരസ്കരിച്ചു കൊണ്ട് ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനത്തിന് ശ്രമം നടത്തുന്ന മൗദൂദിയുടെ വിഷലിപ്ത ആശയങ്ങൾക്കെതിരിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധവും ശക്തമായിത്തന്നെ തുടരേണ്ടതുണ്ട്. ആർഎസ്എസ് ഹൈന്ദവ ദർശനങ്ങളെ എപ്രകാരമാണോ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നത് അപ്രകാരം ഇസ്ലാമിക ആശയങ്ങളെയും പ്രവാചകാധ്യാപനങ്ങളെയും വക്രീകരിക്കുന്ന സമീപനമാണവർ സ്വീകരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ‘ഹുകൂമത്തെ ഇലാഹി’ (ദൈവിക ഭരണം) എന്ന ആശയത്തിനെതിരെ ഉയർത്തിവിട്ട ആരോപണത്തിന് മറുപടിയായി ഈ കാഴ്ചപ്പാട് നിലവിൽ സംഘടനക്കിത്തിന്റെ ല്ലെന്നും ‘ഇഖാമത്തുദ്ദീൻ’ (ദീനിനെ സ്ഥാപിക്കുക) എന്നതാണ് ജമാ അത്തെ ഇസ്ലാമി ലക്ഷ്യം വയ്ക്കുന്നതെന്നുമാണ് മൗദൂദിയുടെ അനുയായികൾ ഇപ്പോൾ വാദിക്കുന്നത്. 

എന്നാൽ ‘ഹുകൂമത്തെ ഇലാഹി‘യും ‘ഇഖാമത്തുദ്ദീനും’ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ആധികാരിക ശബ്ദം തന്നെ പറയട്ടെ. “ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രഥമ ഭരണഘടനയിൽ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് ‘ഹുകൂമത്തെ ഇലാഹിയ്യ’ (ദൈവികഭരണം) ആയിരുന്നു, ജമാഅത്തിനെക്കുറിച്ച് തെറ്റിദ്ധാരണയ്ക്ക് കാരണമായിത്തീരുന്നുവെന്ന് കണ്ട് പിന്നീട് ഭരണഘടനയിൽ നിന്ന് ആ പദം പിൻവലിക്കുകയും പകരം ‘ഇഖാമത്തുദ്ദീൻ’ സ്വീകരിക്കുകയുമാണുണ്ടായത്. ഇത് പദപ്രയോഗത്തിൽ പരിമിതമായ ഒരു വ്യതാസപ്പെടുത്തലായിരുന്നു. വാസ്തവത്തിൽ ‘ഹുകൂമത്തെ ഇലാഹിയ്യ’ കൊണ്ട് ജമാഅത്ത് എന്തല്ലാമാണോ ഉദ്ദേശിച്ചിരിക്കുന്നത് അതൊക്കെത്തന്നെയാണ് ‘ഇഖാമത്തുദ്ദീൻ’ കൊണ്ടും അർത്ഥമാക്കുന്നത്”. (ജമാത്തെ ഇസ്ലാമി 50-ാം വാർഷിക പതിപ്പ് — പ്രബോധനം). വികല വാദത്തെ സമർത്ഥമായി ഒളിപ്പിച്ചുവയ്ക്കുന്ന പ്രയോഗ കൗശലം.
ഇസ്ലാമിക ഭരണവ്യവസ്ഥിതിക്ക് കീഴിൽ മാത്രമേ ഒരു മുസ്ലിമിന് ജീവിക്കാൻ പാടുള്ളൂ എന്ന് മതാധ്യാപനങ്ങളിൽ എവിടെയും നാം കാണുന്നില്ല. മക്കയിൽ വിശ്വാസ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പോൾ പ്രവാചക ശിഷ്യന്മാർ അഭയം പ്രാപിച്ചത് എത്യോപ്യയിലെ ക്രിസ്ത്യൻ ഭരണാധികാരിയായിരുന്ന നേഗസിന്റെ അരികിലേക്കായിരുന്നുവെന്നും അവിടെ സുരക്ഷിതരായും സംതൃപ്തരായും പ്രവാചകാനുചരന്മാർ ജീവിച്ചിരുന്നു എന്നും ഇസ്ലാമിക ചരിത്രത്തിൽ നിന്ന് വായിക്കാൻ കഴിയുന്നുണ്ട്. 

‘ഹിന്ദുത്വ മാർക്സിസ’മെന്ന പേരിൽ കേരളത്തിലാകമാനം സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങളിൽ, എഐവൈഎഫ് അടക്കമുള്ള സംഘടനകളെ ജമാ അത്തെ ഇസ്ലാമി വിമർശനത്തിന്റെ മറവിൽ ഇസ്ലാമോഫോബിയ പടർത്തുന്നവരെന്നാണ് വിലയിരുത്തുന്നത്. ഇസ്ലാമിക സംഘടനകൾ ഒന്നടങ്കം തള്ളിക്കളഞ്ഞ വിഷലിപ്ത ആശയങ്ങൾക്കെതിരായ കമ്മ്യൂണിസ്റ്റുകാരുടെ പ്രചരണങ്ങളിൽ മതവിരുദ്ധത ദർശിക്കുമ്പോൾ 1975ലും 1992ലും സംഘടനയെ കോൺഗ്രസ് സർക്കാർ നിരോധിച്ചത് ജമാഅത്തെ ഇസ്ലാമി മറന്നു പോകരുത്. ഇതര മുസ്ലിം സംഘടനകൾ എന്തുകാരണം കൊണ്ടാണോ ജമാഅത്തെ ഇസ്ലാമിയെ അകറ്റി നിർത്തുന്നത് അതുതന്നെയാണ് കമ്മ്യൂണിസ്റ്റുകാരുടെയും എതിർപ്പിന് കാരണം. 

2014ൽ ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണങ്ങൾ നിരോധിക്കണമെന്നും കണ്ടുകെട്ടണമെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് ഉമ്മൻചാണ്ടി സർക്കാരായിരുന്നു. 2002ൽ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെകേരളത്തിൽ പ്രവർത്തിക്കുന്ന 13 മതതീവ്രവാദ സംഘടനകളുടെ കൂട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയുമുൾപ്പെടുന്നുവെന്ന് കെ കെ ജയചന്ദ്രൻ, വി കെ ചന്ദ്രൻ, ടി പി രാമകൃഷ്ണൻ എന്നിവരെ നിയമസഭയിൽ രേഖാമൂലം അറിയിച്ച കാര്യവും (മലയാള മനോരമ: പേജ്: 04, 2002 ജൂലൈ 24, ബുധൻ) ഓർക്കുന്നുണ്ടാകുമല്ലോ. ഹിംസാത്മക ഹിന്ദുത്വ ഫാസിസത്തിന് ഹൈന്ദവതയുമായി സാധൂകരണമില്ലെന്നതുപോലെ യഥാർത്ഥ വിശ്വാസധാരയിൽനിന്ന് വ്യതിചലിച്ചുള്ള ദുർവ്യാഖ്യാനങ്ങളിലൂടെ നൂതനാശയങ്ങൾ പടച്ചുവിടുന്ന മൗദൂദിയുടെ സംഘവും ഇസ്ലാമിൽ നിന്നും വേറിട്ടു നിൽക്കുന്നു എന്നതാണ് സത്യം.
രാജ്യത്ത് ബോധപൂർവം വർഗീയവിവേചനം നടപ്പിലാക്കി അതുവഴി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന ഫാസിസ്റ്റ് പദ്ധതികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ രക്തസാക്ഷി ദിനത്തിൽ എഐവൈഎഫ് പൊതുസമൂഹത്തോട് പറയുന്നത്. ഇന്ത്യയെ വീണ്ടെടുക്കാൻ നമുക്ക് ഗാന്ധിസ്മരണകളെ ആയുധമാക്കേണ്ടതുണ്ട്. ഗാന്ധിയെ ലോകം അറിഞ്ഞത് ഗാന്ധി സിനിമയ്ക്ക് ശേഷമാണെന്ന ജല്പനം വർത്തമാന കാലത്തും മഹാത്മജിയുടെ ഓർമ്മകൾ പോലും സംഘ്പരിവാറിനെ എത്രമാത്രം ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ്. ഭരണകൂട നേതൃത്വത്തിൽ നടത്തുന്ന നിന്ദ്യമായ വർഗീയ‑അന്യമത വിദ്വേഷ പ്രചരണങ്ങളെയും ഭൂരിപക്ഷവർഗീയതയ്ക്ക് മറു മരുന്നായി രൂപപ്പെട്ടുവരുന്ന ന്യൂനപക്ഷ വർഗീയതയെയും ചെറുത്ത് തോല്പിക്കുക തന്നെ വേണം. 

Kerala State AIDS Control Society

TOP NEWS

February 18, 2025
February 18, 2025
February 18, 2025
February 18, 2025
February 18, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.