22 December 2024, Sunday
KSFE Galaxy Chits Banner 2

വീണ്ടും മോഡി സര്‍ക്കാരിന്റെ ചരിത്ര നിഷേധം; ബീറ്റിങ് റിട്രീറ്റില്‍ ഗാന്ധിജിയുടെ ഇഷ്ടഗാനം ഒഴിവാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
January 22, 2022 10:46 pm

ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെ മോഡി സര്‍ക്കാറിന്റെ മറ്റൊരു ചരിത്രനിഷേധം.ഗാന്ധിജിയുടെ ചരമവാർഷികത്തലേന്നായ ജനുവരി 29ന് ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ‘എബൈഡ് വിത്ത് മി’ എന്ന ഗാനം ഒഴിവാക്കി. 2020 ൽ ഇത് ഒഴിവാക്കിയത് വലിയ കോളിളക്കം സൃഷ്ടിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം പുനഃസ്ഥാപിച്ചിരുന്നു. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച, ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പ്ലേ ചെയ്യേണ്ട 26 ഈണങ്ങളുടെ ഔദ്യോഗിക പട്ടികയിൽ എബൈഡ് വിത്ത് മി പരാമർശിച്ചിട്ടില്ല. 

മഹാത്മാഗാന്ധിയുടെ പ്രിയങ്കരമായ ‘എബൈഡ് വിത്ത് മി’, ജീവിതത്തിലും മരണത്തിലും തന്നോടൊപ്പം നിൽക്കാൻ ഈശ്വരനോടുള്ള പ്രാർത്ഥനയാണ്. സ്കോട്ടിഷ് ആംഗ്ലിക്കൻ പാതിരിയായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് 1847 ൽ ക്ഷയരോഗം ബാധിച്ച് മരണക്കിടക്കയിലായിരിക്കേയാണ് എഴുതിയത്. 1950 മുതൽ എല്ലാ വർഷവും ബീറ്റിങ് റിട്രീറ്റ് ചടങ്ങിനിടെ ഈ ഗാനം ആലപിക്കാറുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ അവസാനത്തെ അടയാളപ്പെടുത്തുന്നതാണ് ബീറ്റിങ് റിട്രീറ്റ്. മുമ്പ് ജനുവരി 24 ന് ആരംഭിച്ചിരുന്ന പരിപാടി ഈ വർഷം മുതൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യം നേതാജിയുടെ 125ാം ജന്മദിനം ആഘോഷിക്കുകയാണ്. എന്നാല്‍ സ്വതന്ത്ര്യസമരചരിത്രത്തെ വക്രീകരിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് തീയതി മാറ്റമെന്ന് ആക്ഷേപമുയര്‍ന്നു. അതിനിടയിലാണ് ഗാന്ധിജിയുടെ പ്രിയ ഗാനം ഒഴിവാക്കിക്കൊണ്ടുള്ള അറിയിപ്പ്.

ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തിന്റെ പ്രതീകമായി ഇന്ത്യാ ഗേറ്റിനെ വിശേഷിപ്പിച്ചതില്‍ വിമുക്തഭടന്മാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ സൈനിക പാരമ്പര്യം രാജ്യത്തിന്റെ കൊളോണിയൽ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 74,000ത്തിലധികം ഇന്ത്യക്കാർ ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിൽ 87,000 പേർ കൊല്ലപ്പെട്ടു. ഈ ഇന്ത്യൻ സൈനികരെ ലോകമെമ്പാടും കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മിഷൻ സ്മാരകങ്ങളിൽ ആദരിക്കുന്നുെണ്ടന്നും മുന്‍ സെെനിക ഓഫീസര്‍മാര്‍ ചൂണ്ടിക്കാട്ടി.
eng­lish summary;Gandhiji’s favorite song was omit­ted from the Beat­ing Retreat
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.