നിറത്തിന്റെ പേരിൽ തീവണ്ടിമുറിയിൽ നിന്ന് വലിച്ചെറിയപ്പെട്ട നിമിഷം മുതൽ ജീവിതാന്ത്യം വരെ കലാപകാരിയായി തെരുവിൽ പ്രത്യക്ഷപ്പെട്ട ഗാന്ധിയെ വിസ്മൃതിയിലാക്കാനും, കറൻസിയിലും, റേഡിയോ പ്രഭാഷണങ്ങളിലും, ഔദ്യോഗിക ചിഹ്നങ്ങളിലും ഉൾച്ചേർക്കപ്പെട്ട ഗാന്ധിയെ മുന്നിൽ നിർത്താനുമുള്ള ശ്രമങ്ങൾ ഏറെ വിജയിച്ച ഒരു രാജ്യത്ത്, നിരന്തര പ്രക്ഷോഭകാരിയായ ഗാന്ധിയെ തിരിച്ചുപിടിക്കാനുള്ള ദൃഢമായ ശ്രമങ്ങൾ ഗാന്ധിയിലേക്കുള്ള അന്വേഷണത്തിന് സഹായിക്കും. അതേസമയം ലോകം മുഴുവൻ, അഹിംസാ പ്രതിരോധത്തിന്റെയും പരിസ്ഥിതിനാശം വരുത്താത്ത വിവേകമുള്ള വികസനത്തിന്റെയും സർവമത ഐക്യത്തിൽ അടിയുറച്ച മതേതരത്വത്തിന്റെയും മൂലധന അത്യാഗ്രഹങ്ങളെ പ്രതിരോധിക്കുന്ന ദർശനത്തിന്റെയും ആശയമായി ഗാന്ധിജി ചർച്ച ചെയ്യപ്പെടുന്നു. ഗാന്ധിയുടെ ധൈര്യവും സ്ഥൈര്യവും ചൂഷണത്തിനെതിരെയുള്ള നൈതിക നിലപാടുകളും അത്യന്തം പ്രസക്തമായിത്തീർന്നിട്ടുള്ള ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഗാന്ധിയുടെ തന്നെ സത്യാന്വേഷണ പരീക്ഷണങ്ങളിലെ ഒരു ഇമ്പരേറ്റിവ് (അവശ്യ കർത്തവ്യം) സത്യത്തെ അതിന്റെ അനന്തരഫലങ്ങളെ ഭയക്കാതെ സമ്പൂർണമായി തുറന്നു പറയുക എന്നതാണ്. 1948 ജനുവരി 13നാണ് ജീവിതത്തിലെ അവസാന നിരാഹാര സമരം ഗാന്ധി തുടങ്ങിയത്. ജീവിതത്തിൽ 17 തവണ നിരാഹാര സമരമിരുന്നു. അവയിൽ ചിലത് മാത്രമായിരുന്നു അനിശ്ചിതകാലം. ഒരു വൈദ്യ സഹായവും കൂടാതെ 21 ദിവസം തുടർച്ചയായി നിരാഹാരമിരുന്നിട്ടുള്ള ആ ശരീരം എന്നും മനസിന്റെ അടിമയായിരുന്നു. ഇത്രയും ജാഗരൂകമായ മനസ് അപൂർവങ്ങളിൽ അപൂർവമാണ്. വർഗീയ കലാപങ്ങളിൽ നിരാലംബവും നിരാർജവവുമായിത്തീർന്ന രാഷ്ട്രമനസിന് ഇച്ഛാശക്തി നൽകാൻ ജീവിതാന്ത്യത്തിലും ആ മനസ് സദാ ഉണർന്നിരുന്നു. ദിവസം ശരാശരി അമ്പതോളം കത്തുകളെഴുതി. അത്രതന്നെ ആളുകളെ നേരിൽക്കണ്ട് സംസാരിച്ചു. നിസീമമായ പരാജയ ബോധം ഗാന്ധിജിയെ വേട്ടയാടിയിരുന്ന ദിനങ്ങളായിരുന്നു അവ. എന്നിട്ടും കത്തുകളിൽ അദ്ദേഹം പുലർത്തിയിരുന്ന സ്ഥൈര്യം നമ്മെ അത്ഭുതപ്പെടുത്തും. ജയിലിലായിരുന്നപ്പോൾ ഭാര്യക്ക് രോഗം കഠിനമായിരിക്കുന്നു എന്ന അറിയിപ്പുകിട്ടി. പോയിക്കാണാൻ ബ്രിട്ടീഷ് ഭരണകൂടം അനുമതി നൽകിയെങ്കിലും ഗാന്ധി, കസ്തൂർബായ്ക്ക് കത്തെഴുതി — “ഞാൻ ആശങ്കാകുലനെങ്കിലും അവിടെ വരാൻ കഴിയില്ല. ഞാൻ സമരത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു. നിന്റടുത്തു വരാൻ മാപ്പുപറഞ്ഞ് ജയിലിൽ നിന്നിറങ്ങിയാൽ ഞാൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യസമരം കപടമായി മാറും. ധൈര്യവതിയായിരിക്കുക. നല്ല ആഹാരം കഴിച്ച് ആരോഗ്യം വീണ്ടെടുക്കുക. എന്നിട്ടും നീ മരിച്ചാൽ എനിക്കു മുന്നേ മരിക്കാൻ വിധിക്കപ്പെട്ടതാണെന്ന് ഞാൻ കരുതും”. മറ്റൊരാൾ എഴുതിയ കത്തും ഈ സന്ദർഭത്തിൽ ഓർക്കുക. 1913 നവംബർ 14ന് സവർക്കർ ബ്രിട്ടീഷ് സർക്കാരിന് കത്തെഴുതി. “സർക്കാർ അതിന്റെ മഹത്തായ ഉദാരത മൂലം എന്നിൽ ദയവുളവായി വിട്ടയച്ചാലും. അങ്ങനെ ചെയ്താൽ ഞാൻ ഇന്ത്യൻ സർക്കാരിന്റെ ഭരണഘടനാനുസൃതമായ പുരോഗതിയുടെ ഏറ്റവും ശക്തനായ വക്താവായി നിലകൊള്ളാം. ഈ രാജ്യത്തിന്റെ പുരോഗതിക്ക് ഇംഗ്ലീഷ് സർക്കാരിനോടുള്ള ആത്മാർത്ഥത പ്രാഥമിക ആവശ്യമാണ്. എന്റെ മാനസാന്തരം ഇന്ത്യയിലെ വഴിതെറ്റിയ ചെറുപ്പക്കാരെ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കും. സർവശക്തനു മാത്രമേ ദയാവാനായി മാറാൻ കഴിയൂ. അതിനാൽ ഈ മുടിയനായ പുത്രന് മുട്ടുവാൻ ഈ രക്ഷിതാവിന്റെ വാതിലല്ലാതെ വേറെയെന്തുള്ളു?” രണ്ടു കത്തുകളും അവർ ജീവിതത്തെ രണ്ടുവിധത്തിൽ നിർവചിച്ചവരായിരുന്നു എന്നതിനു തെളിവാണ്. 1906 സെപ്റ്റംബർ 11ന് വെറുപ്പിനും ഭയത്തിനും അധിനിവേശത്തിനും അധികാരത്തിനും എതിരെ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ സത്യഗ്രഹ സമരം തുടങ്ങി. ഭയത്തിനും ഹിംസയ്ക്കുമെതിരെയുണ്ടായ മനുഷ്യന്റെ ചിന്താശേഷിയുടെ വിമോചനേച്ഛയായിരുന്നു സത്യഗ്രഹം. അഹിംസ മനുഷ്യരാശിയോളം പഴക്കമുള്ള ഒന്നാണെന്നും എഴുതപ്പെട്ട ചരിത്രം നാം കാണാതെ പോകുന്നതാണെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. ഹിംസയായിരുന്നു മനുഷ്യന്റെ സഹജഭാവമെങ്കിൽ ഈ വർഗത്തിന് എന്നേ വംശനാശം സംഭവിക്കുമായിരുന്നുവെന്ന് അദ്ദേഹം വാദിച്ചു. 1946 സെപ്റ്റംബർ രണ്ടിന് കോൺഗ്രസ് അംഗങ്ങൾ ഇടക്കാല മന്ത്രിസഭയിൽ ചേർന്നതിനുശേഷം ഡൽഹിയിലെ ഭാംഗി കോളനിയിൽ താമസിച്ചിരുന്ന ഗാന്ധിയെ സന്ദർശിച്ചു. അദ്ദേഹം അവർക്കുവേണ്ടി ഒരു കുറിപ്പ് തയ്യാറാക്കി വച്ചിരുന്നു. അതിങ്ങനെയാണ്- “പ്രാർത്ഥനാവേള മുതൽ നിങ്ങൾ എന്റെ മനസിലുണ്ട്. ഉപ്പു നികുതി പിൻവലിക്കുക, ദണ്ഡി മാർച്ച് ഓർക്കുക, ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഐക്യപ്പെടുത്തുക, അസ്പൃശ്യത തുടച്ചു നീക്കുക, ഖാദി ധരിക്കുക”.
ഇന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനജീവിതം ദുരിതപൂർണം. പല സാധനങ്ങളും സാധാരണക്കാരന് അപ്രാപ്യം. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. അത് ഇല്ലായ്മ ചെയ്യുമെന്ന് നിശ്ചയദാർഢ്യമുള്ള സംഘ്പരിവാർ നാടു ഭരിക്കുന്നു. ഈ സ്ഥിതിയെ നിരന്തരം ചോദ്യം ചെയ്യുമ്പോഴാണ് ഗാന്ധി പുനർജീവിക്കുക. ഗാന്ധി പറയും അധികാരത്തെ അടയാളപ്പെടുത്തേണ്ടത് ആഡംബരം കൊണ്ട് പൊതിഞ്ഞല്ല, ലാളിത്യത്തെ വരിച്ചാണ് എന്ന്. വികസനവും സാങ്കേതിക വികാസവും ദേശീയതയും എല്ലാം വീമ്പുപറയാനുള്ള ഉപാധിയാക്കുന്ന അധികാരിയോട് നമുക്ക് യഥാർത്ഥത്തിൽ ചോദിക്കാനുള്ളത് — ‘ഈ രാജ്യത്തെ എല്ലാവരുടെയും പട്ടിണി സ്വാതന്ത്ര്യം കിട്ടിയിട്ട് 76 വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങൾ മാറ്റിയോ? മതം ഇന്നും പരസ്പരം കടിച്ചുകീറാനുള്ള ഉപാധിയായി രാജ്യത്ത് തുടരുന്നതിൽ അധികാരികൾക്കുള്ള പങ്കെന്താണ്? ജാതി ഒരു കൂട്ടം മനുഷ്യരെ ദിവ്യവല്‍ക്കരിച്ച് ഉള്ളിലാക്കാനും മറ്റൊരു കൂട്ടത്തെ പുറന്തള്ളാനുമുള്ള സാമൂഹിക ഉപാധി തന്നെയല്ലേ? വാഹന വ്യൂഹങ്ങളും, പാറാവും, ഭൃത്യകുലങ്ങളും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വങ്ങളും, ഒറ്റുകാരാകുന്ന ഉദ്യോഗസ്ഥരും, അവരെ സംരക്ഷിക്കുന്ന അധികാരികളും, പ്രചരണ കോലാഹലം കൊണ്ട് പ്രതിച്ഛായ മിനുക്കുന്ന നേതാക്കളും അവയുടെയെല്ലാം കണ്ണഞ്ചിപ്പിക്കുന്ന സങ്കീർണതകളും അഹംഭാവിയായ ചെറിയ മനുഷ്യനെ ഊതിവീർപ്പിക്കുന്ന സംവിധാനമല്ലേ അധികാരം?’ ഗാന്ധിജി തന്നെ കാണാൻവന്ന ഭരണാധികാരികളോട് പറഞ്ഞു, “ഞാൻ നിങ്ങൾക്കൊരു രക്ഷ കെട്ടിത്തരാം. നിങ്ങൾ സംശയത്തിലാകുമ്പോൾ, നിങ്ങളുടെ അഹം നിങ്ങളെ മെരുക്കാൻ തുടങ്ങുമ്പോൾ താഴെപ്പറയുന്ന പരീക്ഷണം നടത്തുക. നിങ്ങൾ കാണാനിടയായതിൽ വച്ച് ഏറ്റവും ദരിദ്രനും ദുർബലനുമായ മനുഷ്യന്റെ മുഖം ഓർമ്മയിലേക്ക് വിളിച്ചുവരുത്തുക. നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം അയാൾക്ക് എന്തെങ്കിലും ഗുണം കൊണ്ടുവരുമോ എന്ന് സ്വയം ചോദിക്കുക. അയാളുടെ സ്വന്തം ജീവിതത്തിലും ഭാഗധേയത്തിലും നിയന്ത്രണം നേടാൻ അതയാളെ പ്രാപ്തനാക്കുമോ? ഭൗതികമായും ആത്മീയമായും പട്ടിണികിടക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരെ അത് സ്വാതന്ത്ര്യത്തിലേക്ക്, സ്വരാജിലേക്ക് നയിക്കുമോ? അപ്പോൾ നിങ്ങളുടെ സംശയങ്ങളും അഹംഭാവവും ഉരുകിപ്പോകുന്നതായി കാണാം.” ശാന്തിനികേതൻ കണ്ടിറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്നവർ ചോദിച്ചു
“ശാന്തിനികേതൻ എങ്ങനെയുണ്ട്?” ഗാന്ധിജി പറഞ്ഞു- “ഇവിടെ സംഗീതം കുറച്ചു കൂടുതലാണ്. സംഗീതമയമായ ജീവിതത്തെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ജീവിതമെന്ന സംഗീതമാണ്”. സ്നേഹം, സത്യം, നീതി, അഹിംസ തുടങ്ങിയവ പ്രതിഷ്ഠിക്കുന്ന ഒരു ദൈവശാസ്ത്രം ഗാന്ധി തന്റെ ചിന്തയിലും എഴുത്തിലും പ്രവൃത്തിയിലും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസിയായിരിക്കുമ്പോൾത്തന്നെ മതത്തിന്റെ പേരിലുള്ള പൗരത്വ നിർവചനങ്ങളെ ഗാന്ധി എതിർത്തു. ഹിന്ദുക്കളെ നെടുകെപ്പിളർക്കുന്നതാണ് ജാതി സമ്പ്രദായമെങ്കിൽ മതങ്ങൾ ഇന്ത്യയെ കുറുകെപ്പിളർന്നു. ഇങ്ങനെ കുറുകെ പിളർക്കപ്പെടുകയും ചരിത്രപരമായിത്തന്നെ ശത്രുത പുലർത്തുകയും ചെയ്ത മതവിഭാഗങ്ങൾക്കിടയിൽ പാലം പണിയാൻ ഗാന്ധി കഠിനാധ്വാനം ചെയ്തു. കാലത്തിനു മുമ്പേ നടന്ന പരിസ്ഥിതി വാദിയായിരുന്നു ഗാന്ധിജി. കടിഞ്ഞാണില്ലാത്ത വികസനവും ഉപഭോഗ സംസ്കാരവും ഭൂമിയെ ദുരന്തത്തിലേക്ക് നയിക്കുന്നമെന്ന് മുൻകൂട്ടി കണ്ടയാൾ. ഗാന്ധി എഴുതി “ജനങ്ങളുടെ മേൽ ഏറ്റവും കുറച്ച് ഭരണം വച്ചുകെട്ടുന്ന സർക്കാരാണ് മികച്ച സർക്കാർ. ഏറ്റവും ദുർബലനായ മനുഷ്യനുപോലും സമത്വം ലഭിക്കുന്ന സമൂഹം ജീവിക്കുന്നിടമാണ് യഥാർത്ഥ ജനാധിപത്യരാജ്യം. രാജ്യത്തെ ഏറ്റവും എളിയവൻ പോലും സർവതന്ത്ര സ്വതന്ത്രനാവണം. മതം, ജാതി, സമ്പത്ത് എന്നിങ്ങനെ തന്നെ ചൂഷണം ചെയ്യുന്നവയിൽ നിന്നുമുള്ള മോചനമാണ് സ്വതന്ത്രനാവുക എന്നതുകൊണ്ട് ലക്ഷ്യമാകേണ്ടത്. എന്റെ സ്വപ്നങ്ങളിലെ സ്വരാജ് മത വ്യത്യാസങ്ങളോ വർഗവ്യത്യാസങ്ങളോ അംഗീകരിക്കുന്നില്ല. എല്ലാ ആളുകൾക്കും ജീവിത സൗകര്യങ്ങൾ ഒരുപോലെ ലഭിക്കുന്നില്ലെങ്കിൽ ഒരിക്കലും ഗ്രാമ സ്വരാജ് പൂർണമാവില്ല. ” ദേശീയത എന്നത് സങ്കുചിതമല്ലേയെന്ന ടാഗോറിന്റെ ചോദ്യത്തിന് “ദേശീയത ഏതെങ്കിലും ഒരു വ്യക്തിയുടെ താല്പര്യത്തിന് എതിരാണെങ്കിൽ താനതിനെ ബംഗാൾ ഉൾക്കടലിൽ എറിയു“മെന്നായിരുന്നു ഗാന്ധിയുടെ മറുപടി.
മാനവികതയോളം വിശാലമാണ് തന്റെ ദേശീയത എന്നും ഗാന്ധി പറഞ്ഞു. മഹാത്മാവിന്റെ ഓരോ സന്ദേശവും ഇന്നും പ്രസക്തമാണ്. 1936ൽ ഗാന്ധി ആശങ്കപ്പെട്ടതിങ്ങനെ — “എന്റെ കൊലപാതകം പ്രധാനമല്ല. കാരണം എന്റെ ചാരത്തിൽ നിന്ന് ആയിരക്കണക്കിന് ഗാന്ധിമാർ ഉയിർത്തെഴുന്നേൽക്കും. എന്നാൽ ഞാൻ നിലകൊണ്ട മൂല്യങ്ങൾ കൊല്ലപ്പെട്ടാൽ എന്താണ് സംഭവിക്കുക?”. അതിനുള്ള ഉത്തരമാണ് ഈ ആസുര കാലത്ത് കാണുന്നത്. ഭീകരമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം സർവമേഖലകളിലും സ്വാധീനം ഉറപ്പിക്കുമ്പോൾ, അതിനെതിരെ പോരാടാൻ, തെരുവീഥികളിൽ സഹിഷ്ണുതയ്ക്ക്, ആത്മാഭിമാനത്തിന്, സമത്വത്തിന്, മനുഷ്യനായി തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ വേണ്ടി ഗാന്ധിയുടെ സത്യം അചഞ്ചലമായ ധൈര്യം നൽകും. ടൈം മാഗസിൻ നൂറ്റാണ്ടിലെ മഹാനായി പ്രഖ്യാപിച്ചത് ആൽബർട്ട് ഐൻസ്റ്റീനെ ആയിരുന്നു. ഐൻസ്റ്റീൻ ജീവിതത്തിൽ ആരാധിച്ച ഏക വ്യക്തി മഹാത്മാവായിരുന്നു. മാർട്ടിൻ ലൂഥർ കിങ്ങിന്റെയും, നെൽസൺ മണ്ടേലയുടെയും ചാര്‍ളി ചാപ്ലിന്റെയും പ്രചോദകശക്തിയായിരുന്നു ഗാന്ധി. ടോൾസ്റ്റോയിയും റൊമേൻ റോളണ്ടും ഗാന്ധി എന്ന മഹാത്മാവിനെ സ്നേഹിച്ചു, ആദരിച്ചു. മനുഷ്യജീവിതത്തിന്റെ നിലനില്പിനെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് സിദ്ധാന്തത്തിനെതിരെ അസന്ദിഗ്ധ പോരാട്ടം നടത്താൻ ഗാന്ധി ദർശനങ്ങളെക്കാൾ പ്രസക്തി ഇന്ത്യയിൽ മറ്റൊന്നിനുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.