ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൽക്കും വിൽക്കാൻ കഞ്ചാവുമായി ബൈക്കിൽ കറങ്ങിയ ബംഗാൾ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ഒരു കിലോ കഞ്ചാവും, ഇയാളുടെ ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബംഗാൾ നടുൻഗഞ്ച് ജില്ലയിൽ മുലുക്ക് (39)നെയാണ് പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടത്തുന്ന മുലൂക്കിനെപ്പറ്റി നാട്ടുകാരാണ് എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം നൽകിയത്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി ഒൻപതരയോടെ പാലാ മുത്തോലിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മുത്തോലിയിലും പരിസരത്തും കഞ്ചാവ് വിൽപ്പന നടത്തുന്ന മുലൂക്കിനെപ്പറ്റി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു എക്‌സൈസ് സംഘം രഹസ്യമായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച മുലൂക്ക് പ്രദേശത്ത് ബൈക്കിൽ കഞ്ചാവുമായി എത്തിയത്. ഈ സമയം വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ഇയാളുടെ ബാഗിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്നു, എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. ബംഗാളിൽ നിന്നും ട്രെയിൻ മാർമാണ് കഞ്ചാവ് എത്തിക്കുന്നതെന്നു പ്രതി എക്‌സൈസിനോടു സമ്മതിച്ചു. ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നവരെ കണ്ടെത്തുന്നതിനായി എക്‌സൈസ് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. ഒരു കിലോ കഞ്ചാവിന് 40000 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. വില പറഞ്ഞ് ഉറപ്പിച്ച ശേഷം നിർദേശിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുകയാണ് ചെയ്തിരുന്നത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗവും അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടറുമായ ഫിലിപ്പ് തോമസ്, സിവിൽ എക്‌സൈസ് ഓപിസർമാരായ ആരോമൽ, പ്രസീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.