
ഗാസ വെടിനിർത്തൽ ചർച്ചകളിൽനിന്നും പിന്മാറുന്നത് സംബന്ധിച്ച യുഎസ് പ്രഖ്യാപനം ആധുനിക ലോകചരിത്രത്തിലെ ഏറ്റവും മനുഷ്യത്വഹീനവും ക്രൂരവും നിന്ദ്യവുമായ വംശീയ ഉന്മൂലനത്തിന് വേഗത കൂട്ടിയിരിക്കുന്നു. ഗാസയിൽ അവശേഷിക്കുന്ന മാനവിക സഹായ സംവിധാനങ്ങൾ തകർന്നടിയുകയാണെന്ന് അവിടെ അവശേഷിക്കുന്ന യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഗാസയെ ഗ്രസിച്ചിരിക്കുന്ന കൊടുംപട്ടിണിമൂലം മരണത്തോട് മല്ലടിക്കുന്ന ശിശുക്കളെപ്പോലും പരിചരിക്കാനാവാത്തവിധം ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർ തികഞ്ഞ നിസഹായാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കടുത്ത പട്ടിണിയേയും പോഷകാഹാരക്കുറവിനെയും നേരിടുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ ആവശ്യമായ പ്രത്യേക ഭക്ഷ്യപദാർത്ഥങ്ങളുടെ ശേഖരം അതിവേഗം തീരുന്നതായി യൂണിസെഫ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഭക്ഷണത്തിനുവേണ്ടി കാത്തുനിൽക്കുന്ന പലസ്തീനികൾക്കുനേരെ ഇസ്രയേൽ പ്രതിരോധസേന നടത്തിയ ആക്രമണങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരത്തില്പരംപേരാണ് കൊല്ലപ്പെട്ടത്. ‘ഗാസയിലെ ജനങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അല്ല, അവർ നടക്കുന്ന ജഡങ്ങളാണ്’ എന്ന യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ തലവൻ ഫിലിപ്പെ ലാസറിനിയുടെ വാക്കുകൾ ഗാസയിലെ മാനവിക ദുരന്തത്തെയാണ് വരച്ചുകാട്ടുന്നത്. കഴിഞ്ഞ നാലുദിവസങ്ങൾക്കുള്ളിൽ മാത്രം 45 പലസ്തീനികൾ പട്ടിണിമൂലം മരിച്ചതായി ലാസറിനി പറയുന്നു. അയൽരാജ്യങ്ങളായ ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിലായി ഭക്ഷ്യവസ്തുക്കളും ഔഷധങ്ങളും നിറച്ച ആറായിരത്തില്പരം ട്രക്കുകൾ ഗാസയിൽ പ്രവേശിക്കാനുള്ള അനുമതിക്കായി കാത്തുനിൽക്കെയാണ് രണ്ട് ദശലക്ഷത്തിലേറെ ജനങ്ങളെ പട്ടിണിക്കിട്ട് ഉന്മൂലനം ചെയ്യാനുള്ള സയണിസ്റ്റ് ക്രൂരത അരങ്ങേറുന്നത്. ഈ വംശീയ ഉന്മൂലനം യുഎസ് സാമ്രാജ്യത്വത്തിന്റെയും അതിന്റെ ഇപ്പോഴത്തെ അധിപതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെയും പരസ്യ പിന്തുണയോടെയും ഒത്താശയോടെയുമാണ് അരങ്ങേറുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ മുൻകയ്യിലും ഖത്തറിന്റെ മധ്യസ്ഥതയിലും ആരംഭിച്ച വെടിനിർത്തൽ ചർച്ചകളോടുള്ള ഹമാസിന്റെ അനുകൂല പ്രതികരണവും നിർദേശങ്ങളും അപ്പാടെ തള്ളിക്കളഞ്ഞാണ് യുഎസും ഇസ്രയേലും ചർച്ചകളിൽനിന്നും പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനോടെയുള്ള 10 ബന്ദികളെയും മരിച്ചുപോയ 18 ബന്ദികളുടെ ഭൗതിക ശരീരവും കൈമാറാനും ഇസ്രയേൽ തടവിലുള്ള പലസ്തീനികളുടെ കൈമാറ്റവും 60 ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിർത്തൽ ചർച്ചകളുമാണ് നടന്നുവന്നത്. ഗാസയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളുടെ പ്രവേശനം, യുദ്ധത്തിന്റെ അന്ത്യം, തുടങ്ങിയവയും ചർച്ചയുടെ അജണ്ടയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഗാസയിലെ പലസ്തീനികളുടെ സമ്പൂർണ ഉന്മൂലനം, അല്ലെങ്കിൽ ഗാസയിലെ ജനങ്ങളെ പൂർണമായി ഒഴിപ്പിച്ച് മുനമ്പിന്റെമേൽ പൂർണ ആധിപത്യം എന്നതിൽകുറഞ്ഞ മറ്റൊന്നും തങ്ങൾക്ക് സ്വീകാര്യമല്ലെന്നാണ് യുഎസും ഇസ്രയേലും സമാന്തരമായി ആസൂത്രണംചെയ്യുന്ന പദ്ധതികൾ വ്യക്തമാക്കുന്നത്. ഗാസയിലെ 20 ലക്ഷത്തിലധികംവരുന്ന പലസ്തീനികളെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് ആട്ടിപ്പായിച്ച് ഗാസയെ ഒരു മെഡിറ്ററേനിയൻ സമുദ്രതീര സുഖവാസകേന്ദ്രമാക്കി മാറ്റുകയെന്ന ട്രംപിന്റെ പദ്ധതിക്ക് സയണിസ്റ്റുകൾ ഇതിനകം മൂർത്തഭാവം നൽകിക്കഴിഞ്ഞു. ഖത്തറിലെ സമാധാനചർച്ചകൾക്ക് സമാന്തരമായി ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ നടന്ന സയണിസ്റ്റുകളുടെ സമ്മേളനമാണ് പദ്ധതിക്ക് രൂപം നൽകിയത്. ഇസ്രയേലിലെ യുദ്ധകാര്യ മന്ത്രിസഭാംഗങ്ങൾ ഉൾപ്പെടെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളും പലസ്തീൻ ഭൂപ്രദേശം ബലമായി കയ്യടക്കിവച്ചിട്ടുള്ള ജൂത കുടിയേറ്റ നേതാക്കളും പങ്കെടുത്ത സമ്മേളനം ഗാസയെ സമുദ്രതീര സുഖവാസകേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതി അംഗീകരിച്ചു. 8,50,000 ഭവനങ്ങൾ ഉൾപ്പെടുന്ന, സിംഗപ്പൂരിന് സമാനമായ ഒരു ‘ഹൈടെക്’ നഗരമാണ് അവർ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതി പലസ്തീനികളുടെ ഉന്മൂലനത്തിലൂടെയോ കൂട്ട പുറത്താക്കലിലൂടെയോ മാത്രമേ സാധ്യമാവൂ. അത്തരമൊരു പദ്ധതി അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ‘മാനവികതക്കെതിരായ കുറ്റകൃത്യം’ ആയിരിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അത്തരം ഒരു കുറ്റകൃത്യവും അതിന് ഒത്താശചെയ്യുന്നതും ആഗോള നിയമവാഴ്ചയുടെ സമ്പൂർണ തകർച്ചയും കിരാതത്വത്തിലേക്കുള്ള മനുഷ്യരാശിയുടെ തിരിച്ചുപോക്കും ആയിരിക്കും.
പലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ കടന്നാക്രമണങ്ങളെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും പിന്തുണച്ചുപോന്ന പാശ്ചാത്യശക്തികൾ പലതും മാറിച്ചിന്തിക്കാൻ സന്നദ്ധമായിരിക്കുന്നു എന്നത് പ്രതീക്ഷയ്ക്ക് ഇടംനൽകുന്നു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ യൂറോപ്പിലെ പ്രമുഖ രാഷ്ട്രീയ ശക്തിയും യുഎൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗവുമായ ഫ്രാൻസ് തയ്യാറായിരിക്കുന്നു. ഫ്രാൻസ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന 142-ാമത്തെ ലോകരാഷ്ട്രം ആയിരിക്കും. ഫ്രാൻസിന്റെ മനംമാറ്റം പലസ്തീൻ ജനതയുടെ ജീവിക്കാനുള്ള അവകാശപോരാട്ടത്തിൽ നിർണായകമായി മാറിയേക്കാം. എന്നാൽ, പലസ്തീൻ വിഷയത്തിൽ ഇന്ത്യ തുടർന്നുവരുന്ന നിഷേധാത്മക സമീപനം രാഷ്ട്രത്തിന്റെ മഹത്തായ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും സമ്പൂർണ നിഷേധമാണ്. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം മോഡിഭരണകൂടത്തിന്റെ സയണിസ്റ്റ്, കോർപറേറ്റ് അനുകൂല നയങ്ങളോടുള്ള വിയോജിപ്പും ചെറുത്തുനില്പുമായി മാറുകയെന്നത് കാലത്തിന്റെയും മാനവിക മൂല്യങ്ങളുടെയും ആഹ്വാനമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.