26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 8, 2024
October 30, 2024
October 1, 2024
September 25, 2024
September 6, 2024
September 6, 2024
August 16, 2024
July 11, 2024
July 1, 2024

ജൻഡർ ന്യൂട്രൽ യൂണിഫോം പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തും ; മന്ത്രി ആർ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
December 15, 2021 4:10 pm

സ്‌കൂളുകൾ തന്നെയാണ് ശരീരത്തെക്കുറിച്ചുള്ള അപകർഷതകളിൽ നിന്നും, ഞാനും അവനും വേറെയാണെന്ന ധാരണകളിൽനിന്നും പുറത്തുകടക്കാൻ ആദ്യം അന്തരീക്ഷമുണ്ടാക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ ജെൻർ ന്യൂട്രൽ യൂണിഫോം ഔപചാരികമായി ഉദ്ഘാടനം ചെയ്യാൻ സാധിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ വാക്കുകൾ. ശരീരത്തെപ്പറ്റി അധമബോധമില്ലാതെ ഇടപെടാൻ കഴിയുന്ന സാഹചര്യം പെൺകുട്ടികൾക്ക് എല്ലായിടത്തും ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ലിംഗനീതിയുടെയും തുല്യപദവിയുടെയും ആശയങ്ങൾ ശക്തിപ്പെടുന്ന കാലത്ത് മാറ്റത്തിന്റെ മാതൃകാപരമായ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ. സ്‌കൂളിലെ കുട്ടികൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്ന ജൻഡർ ന്യൂട്രൽ യൂണിഫോം, ഔപചാരികമായി ഉദ്ഘാടനംചെയ്യാൻ അവസരമുണ്ടായി.
സമഭാവനയുടെ നവകേരളം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് നാം. അതിന്, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തിലാണ് കുട്ടികൾ പഠിച്ചുവളരേണ്ടത്. ഒന്നിനെയുംകുറിച്ച് ആശങ്കകളില്ലാതെ പഠനം നടത്താൻ അവർക്ക് കഴിയണം. ജൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തും. ഏറ്റവും സൗകര്യപ്രദമെന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം.
ഒരുപാട് അലിഖിത നിയമങ്ങളും അരുതുകളും നേരിട്ടാണ് നമ്മുടെ പെൺകുട്ടികൾക്ക് വളരേണ്ടിവരുന്നത്. അവയിൽ, വസ്ത്രധാരണത്തിലെ ഏറ്റവും വലിയ വിവേചനം നാം ശ്രദ്ധിക്കാതെപോവുകയാണ്. ആൺകുട്ടികൾക്കും പുരുഷന്മാർക്കും സൗകര്യപ്രദമായ വസ്ത്രം തിരഞ്ഞെടുക്കാൻ സാധിക്കുമ്പോൾ, പെൺകുട്ടികൾക്കും സ്ത്രീകൾക്കും അങ്ങനെയല്ല. മറ്റുള്ളവരുടെ കാഴ്ചയ്ക്കിണങ്ങുന്ന, അവരുടെ കാഴ്ചയുടെ സൗന്ദര്യസങ്കല്പത്തിൽ അധിഷ്ഠിതമായ വസ്ത്രം ധരിക്കാൻ നിർബന്ധിതരാകുന്ന സ്ഥിതിയുണ്ട് പെൺകുട്ടികൾക്കും സ്ത്രീകൾക്കും. സ്ത്രീകൾ സ്വന്തം ശരീരത്തെക്കുറിച്ചുള്ള വേവലാതികൾ സദാ ഉള്ളിൽ വഹിച്ച്, സ്വയമേ പ്രദർശനവസ്തുക്കളായി നിൽക്കേണ്ടിവരുന്നതിനെപ്പറ്റി ഇനി നാം പൊതുവിൽ ആലോചിച്ചുതുടങ്ങേണ്ടതുണ്ട്.
ശരീരത്തെപ്പറ്റി അധമബോധമില്ലാതെ ഇടപെടാൻ കഴിയുന്ന സാഹചര്യം പെൺകുട്ടികൾക്ക് എല്ലായിടത്തും ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അവരുടെ കഴിവുകളും സർഗ്ഗാത്മകതകളും വികസിപ്പിക്കാനവർക്ക് കഴിയണം. ആൺ/പെൺ വിഭജനത്തിനപ്പുറം നാമെല്ലാം മനുഷ്യരാണെന്ന ആത്മവിശ്വാസം അവരിൽ ഉറയ്ക്കണം. അങ്ങനെയുള്ള അന്തരീക്ഷത്തിലാണ് അധ്യയനപ്രക്രിയ നടക്കേണ്ടത്. അതിലേക്കുള്ള ചുവടുവെപ്പാണ് ബാലുശ്ശേരിയിലേത്.
യാഥാസ്ഥിതികത്വം എന്നും ഇത്തരം മാറ്റങ്ങളോട് എതിർനിൽക്കും. അതിൽ ഭയപ്പെടേണ്ടതില്ല. നിലവിലെ ഒരു വേഷവിധാനവും അങ്ങനെ നൈസർഗികമായി ഉണ്ടായതല്ല. പലതും അടിച്ചേൽപ്പിച്ചതാണ്.
നമ്മുടെ വസ്ത്രധാരണ രീതികൾ കാലങ്ങൾകൊണ്ട് എത്രയധികം മാറിയിരിക്കുന്നു! ഒരുകാലത്ത് ആൺകുട്ടികളുടെ പൊതുവസ്ത്രമായിരുന്ന മുണ്ട് വിദ്യാലയങ്ങളിലും കലാലയങ്ങളിലും എത്രപേർ ഉപയോഗിക്കുന്നുണ്ട്? എൻജിനീയറിങ് മേഖല പോലെ എത്രയോ പഠനയിടങ്ങളിൽ ജൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് മാറിക്കഴിഞ്ഞു. എന്നിട്ടും എത്രയോ ഇടങ്ങളിൽ നമ്മുടെ കാലാവസ്ഥയ്‌ക്കോ കുട്ടികളുടെ ആരോഗ്യത്തിനോ ഇണങ്ങാത്ത ബ്ലെയ്‌സറുകളും ഓവർകോട്ടുകളും അടിച്ചേൽപ്പിക്കപ്പെടുന്നു!
അതിൽ പ്രതിഷേധമില്ലാത്തവർ നമ്മുടെ കുട്ടികൾക്ക് സൗകര്യപ്രദമായ ഒരു വസ്ത്രം കൊണ്ടുവരുമ്പോൾ എതിർക്കുന്നതിൽ അസ്വാഭാവികതയുണ്ട്. പുതിയ മാറ്റങ്ങളെ എതിർക്കാൻ ആളുകളുണ്ടാവുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ അവർ കേരളത്തിന്റെ, നമ്മുടെ ഭാവിതലമുറയുടെ, താല്പര്യങ്ങൾ സംരക്ഷിക്കുന്നവരല്ല.
കുട്ടികളോട് സ്നേഹമുള്ളവർ ഈ മാറ്റങ്ങളെ എതിർക്കില്ല. മറിച്ച്, നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന, കുട്ടികൾക്ക് ചലനസ്വാതന്ത്ര്യം നൽകുന്ന, മാനസികമായി അവരെ സ്വതന്ത്രരാക്കുന്ന, വസ്ത്രം സ്വീകരിക്കാനവരെ സഹായിക്കുകയാണ് ചെയ്യുക. അങ്ങനെ പഠനപ്രക്രിയയിൽ തടസ്സങ്ങളില്ലാതെ മുഴുകാൻ കുട്ടികൾക്ക് കഴിയുന്നതുകണ്ട് സന്തോഷിക്കുകയാണ് ചെയ്യുക.
സ്‌കൂളുകൾതന്നെയാണ് ശരീരത്തെക്കുറിച്ചുള്ള അപകർഷതകളിൽനിന്നും, ഞാനും അവനും വേറെയാണെന്ന ധാരണകളിൽനിന്നും പുറത്തുകടക്കാൻ ആദ്യം അന്തരീക്ഷമുണ്ടാക്കേണ്ടത്. അതാണ് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ ചെയ്തിരിക്കുന്നത്. ഇങ്ങനെയൊരു മുൻകൈ എടുത്തതിന് സ്‌കൂളിനും രക്ഷിതാക്കൾക്കും, ഏറ്റവും സന്തോഷത്തോടെ ഇതേറ്റെടുത്ത വിദ്യാർത്ഥിനികൾക്കും, നമുക്കൊരുമിച്ച് അഭിവാദനമർപ്പിക്കാം.

Eng­lish summary;Gender neu­tral uni­forms will boost con­fi­dence in girls; Min­is­ter R Bindu
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.