
വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ തടയുന്നതില്‍ സുരക്ഷാ നയങ്ങള്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് മെക്സിക്കോയില്‍ സര്‍ക്കാരിനെതിരെ ജെന്‍ സി പ്രതിഷേധം. ഉറുപാൻ മേയറായിരുന്ന കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസിന്റെ കൊലപാതകത്തില്‍ പ്രതിഷേധച്ചാണ് യുവാക്കള്‍ റാലികള്‍ സംഘടിപ്പിച്ചത്. ജനറേഷൻ ഇസഡ് അംഗങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചതെങ്കിലും, പ്രതിപക്ഷ പാർട്ടികളുടെ മുതിര്‍ന്ന അനുയായികളിൽ നിന്ന് ശക്തമായ പിന്തുണയാണ് റാലികള്‍ക്ക് ലഭിച്ചത്.
മെക്സിക്കോ സിറ്റിയില്‍ നടന്ന റാലി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. 100 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 20 പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. പ്രസിഡന്റിന്റെ ഒദ്യോഗിക വസതിയായ നാഷണൽ പാലസിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടി. കെട്ടിടത്തിനു ചുറ്റുമുണ്ടായിരുന്ന സുരക്ഷാ വേലികള്‍ പൊളിച്ചുമാറ്റാനും പ്രതിഷേധക്കാര്‍ ശ്രമം നടത്തി. ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. നൂറുകണക്കിന് ചെറുപ്പക്കാർ പൊലീസിന് നേരെ വെടിയുണ്ടകൾ എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
വലതുപക്ഷ പാർട്ടികൾ ജെൻ ഇസഡ് പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്നും, സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണത്തിന് ശ്രമിക്കുന്നുവെന്നും ഷെയിന്‍ബോം ആരോപിച്ചു. സർക്കാരിനെതിരെ വിദേശത്ത് നിന്ന് പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഒക്ടോബർ മുതൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം 70 ശതമാനത്തിലധികം ജനപ്രീതിയോടെയാണ് അധികാരത്തില്‍ തുടരുന്നത്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ സര്‍ക്കാരിന്റെ സുരക്ഷാ നയത്തിനെതിരായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഉറുപാന്‍ മേയറായിരുന്ന കാര്‍ലോസ് മാന്‍സോ ഈ മാസം ആദ്യമാണ് ഒരു പൊതുചടങ്ങിനിടെ വെടിയേറ്റ് മരിച്ചത്. ഉറുപാനിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കെതിരെ സെെനിക നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.