
തുടർച്ചയായി പത്താം വട്ടവും സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നാടക വിജയം കരസ്ഥമാക്കി കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ കോക്കല്ലൂർ. ഇക്കുറി സാംസ്കാരിക തലസ്ഥാനത്ത് കോക്കല്ലൂർ സ്കൂൾ അവതരിപ്പിച്ചത് ‘കുരിശ്’ ആയിരുന്നു. പ്രതീക്ഷിച്ചപോലെ നാടകം ആസ്വാദകർ ഏറ്റെടുത്തു. ഫലം വന്നപ്പോൾ ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരത്തില്‍ എ ഗ്രേഡ്. ഈ നാടകത്തിൽ വീട്ടമ്മയായ ഷൈനിയുടെ വേഷം ചെയ്ത അശ്വിനി എ എസ് മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി അവാർഡും നേടി. എൽ എസ് സുമന, എ എസ് അശ്വിനി, ഗൗതം ആദിത്യൻ, എസ് ജി ഗൗരി പാർവതി, ജെ എസ് വൈഷ്ണവി, ആർ പി ഘനശ്യാം, സഹജ് വിനോദ്, ശ്രിയാലക്ഷ്മി ശ്രീജിത്ത്, ജെ എസ് വേദിക, എസ് വേദ രാജീവ് എന്നിവരാണ് സംഘാംഗങ്ങൾ. തിന്മയെ കീഴ്പ്പെടുത്തി, കപട ആണത്തത്തെ ചോദ്യം ചെയ്ത്, മതങ്ങൾക്കപ്പുറം സഹജീവിയോടുള്ള കരുതലും സൗഹാർദവും ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു നാടകത്തിലൂടെ കുട്ടികൾ. കല്ലെറിഞ്ഞാലും കുരിശിലേറ്റിയാലും സത്യവും നന്മയും സ്നേഹവും ഉയിർത്തെഴുന്നേൽക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് കുരിശിന് തിരശീല വീഴുന്നത്. വിനോയ് തോമസിന്റെ ‘വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി’ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ’ കുരിശ് ‘. രചന വിനീഷ് പാലയാട്. സംവിധാനം മനോജ് നാരായണൻ. ആർട്ട്, സെറ്റ് ഡിസൈൻ നിധീഷ് പൂക്കാട്, വസ്ത്രാലങ്കാരം ജയിംസ് ചങ്ങനാശേരി, സംഗീതം സത്യജിത്ത്. കോക്കല്ലൂർ നാടക കൂട്ടായ്മയായ മാവറിക്സ് ക്രിയേറ്റീവ് കളക്ടീവിന്റെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് നാടകം ഒരുക്കിയിരിക്കുന്നത്. കോക്കല്ലൂർ അവതരിപ്പിച്ച കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേൻ, ഓട്ട, കക്കുകളി, സിംഗപ്പൂർ, കലാസമിതി, കുമരു, ഏറ്റം എന്നീ ഒമ്പത് നാടകങ്ങൾ മുൻ വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി ശ്രദ്ധേയമായവയാണ്. കാസർകോട് സംസ്ഥാന കലോത്സവത്തിൽ കോക്കല്ലൂരിന്റെ ‘സിംഗപ്പൂർ’ എന്ന നാടകത്തിൽ ബി എസ് അദ്വൈത് മികച്ച നടനായിരുന്നു. കൊല്ലത്ത് ‘കുമരു‘വിലും തിരുവനന്തപുരത്ത് ‘ഏറ്റ’ത്തിലും യദുകൃഷ്ണ റാം തുടർച്ചയായി രണ്ടു വർഷങ്ങളിൽ മികച്ച നടനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.