ഗോവന്‍ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. ചെന്നൈയിനെതിരെ ജയിച്ചതിന്റെ വമ്പുമായി ഇറങ്ങിയ കൊമ്പന്മാരെ ഏകപക്ഷീയമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് ഗോവ ലീഗില്‍ ഹാട്രിക് വിജയം കുറിച്ചു. നോവ സദോയി അടക്കമുള്ള മുന്‍നിര നിറംമങ്ങിയതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. സന്ദര്‍ശകര്‍ക്കായി ബോറിസ് സിങ് തങ്ജമാണ് (40‑മിനിറ്റ്) ഏക ഗോള്‍ നേടിയത്.
ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയെ അനങ്ങാനാവാത്ത വിധം പൂട്ടിയ ഗോവന്‍ പ്രതിരോധ നിരയ്ക്കാണ് ജയത്തിന്റെ ക്രെഡിറ്റ്. തോറ്റെങ്കിലും ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഗോവ അഞ്ചാം സ്ഥാനത്ത് എത്തി. ഇനി ഡിസംബര്‍ ഏഴിന് ബംഗളൂരുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി. കഴിഞ്ഞ കളിയില്‍ വിജയിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. കോറോ സിങ്ങിനെ മധ്യനിരയില്‍ നിന്ന് പിന്‍വലിച്ച് രാഹുല്‍ കെ പിക്ക് അവസരം നല്‍കിയപ്പോള്‍ പ്രതിരോധനിരയിലേയ്ക്ക് പ്രീതം കോട്ടാല്‍ മടങ്ങി എത്തിയപ്പോള്‍ സന്ദീപിന് പുറത്തിരിക്കേണ്ടി വന്നു. ലൂണ‑ജിമിനെസ് ‑നോവ സദോയി സഖ്യം തന്നെ മുന്നേറ്റ നിരയെ നയിച്ചപ്പോള്‍ എട്ട് ഗോളുകള്‍ നേടിയ അര്‍മാന്‍ഡോ സാദിക്കുവിനെ പുറത്തിരുത്തിയാണ് ഗോവ ആദ്യ ഇലവനെ അവതരിപ്പിച്ചത്. ഐകര്‍ ഗുറോടക്‌സേന എന്ന സ്‌പെയിന്‍ താരത്തെ ഏകനായി മുന്നേറ്റനിരയില്‍ അവതരിപ്പിച്ചാണ് ഗോവ ഇറങ്ങിയത്.
നോവയ്ക്ക് രണ്ടാം മിനിറ്റില്‍ വീണുകിട്ടിയ സുവര്‍ണാവസരത്തോടെയാണ് മത്സരം ആരംഭിച്ചത്. കെ പി രാഹുല്‍ ബോക്‌സിന് തൊട്ട് വെളിയില്‍ നിന്ന് മറിച്ച് നല്‍കിയ പന്തുമായി നോവ ഗോവന്‍ പോസ്റ്റ് ലക്ഷ്യംവച്ചെങ്കിലും പന്ത് പുറത്തേയ്ക്ക് പാഞ്ഞു. പിന്നാലെ പന്ത് കാലില്‍വച്ച് സാവധാനമുള്ള നീക്കങ്ങളിലേയ്ക്കാണ് ഗോവ കളി പറിച്ചുനട്ടത്. നോവ സദോയിയെ പൂട്ടിയാല്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നീക്കങ്ങള്‍ നിലയ്ക്കുമെന്നതിനാല്‍ മികച്ച ഗൃഹപാഠങ്ങളുമായാണ് ഗോവ ഇറങ്ങിയതെന്ന് വ്യക്തമായിരുന്നു. നോവയുടെ കാലില്‍ പന്ത് എന്തുപ്പോഴേല്ലാം കൃത്യമായി പൂട്ടാന്‍ പ്രതിരോധനിരയ്ക്ക് സാധിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് അല്പം പിന്‍വലിഞ്ഞു. ജീസസ് ജിമിനെസിനെ തളയ്ക്കാന്‍ പഴയ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്‍ കൂടി ഇറങ്ങിയതോടെ ആദ്യ 20 മിനിറ്റുകളില്‍ കൊമ്പന്മാര്‍ക്ക് കാര്യമായ നീക്കങ്ങള്‍ നടത്താന്‍ സാധിച്ചില്ല. പന്തുമായി ഗോവന്‍ പോസ്റ്റിലേയ്ക്ക് ബ്ലാസ്റ്റേഴ്‌സ് പടനയിച്ചപ്പോഴേല്ലാം കുറഞ്ഞത് ഏഴ് പേരെങ്കിലും അതിനെ ചെറുക്കാന്‍ തയ്യാറായി അണിനിരക്കുന്നതും കാണാമായിരുന്നു. ഗോവയുടെ തന്ത്രം വ്യക്തമായിരുന്നു. ആദ്യ സമയങ്ങളില്‍ മൈതാന മധ്യത്ത് ബ്ലാസ്റ്റേഴ്‌സിനെ വട്ടംചുറ്റിക്കുക. പിന്നാലെ പ്രത്യാക്രമണത്തിലൂടെ ഗോള്‍വല കുലുക്കുക.
26-ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ ഫ്രീകിക്ക് ഗുറോടക്‌സേന ഗോളിന് അരികിലെത്തിച്ചതാണ്. താരത്തിന്റെ മിന്നല്‍ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിനെയും കടന്ന് വല കുലുക്കേണ്ടതായിരുന്നു. പക്ഷെ പോസ്റ്റിലിടിച്ച് മടങ്ങി. ഇടയ്ക്ക് ചില മിന്നല്‍ നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്നുണ്ടായെങ്കിലും ഗോള്‍ വല അനങ്ങിയില്ല. ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ പൂട്ട് പൊട്ടിച്ച് 40-ാം മിനിറ്റില്‍ ഗോവ മുന്നിലെത്തി. പ്രതിരോധനിരതാരം നവോച്ച സിങ് മുന്നിലേയ്ക്ക് കയറിയതുമൂലമുണ്ടായ വിടവിലൂടെ പന്തുമായി മുന്നിലേയ്ക്ക് കുതിച്ച മധ്യനിരതാരം ബോറിസ് സിങ് തങ്ജം പന്ത് ഇടത്തേ മൂലയിലേയ്ക്ക് പായിച്ചു. ഗോളി സച്ചിന്‍ സുരേഷിനെ കീഴടങ്ങി പന്ത് ബ്ലാസ്റ്റേഴ്‌സ് വലയെ പുല്‍കി.
ഒരുഗോളിന്റെ കടവുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്. എന്നാല്‍ ആദ്യപകുതി നിര്‍ത്തിയിടത്ത് നിന്ന് തന്നെയാണ് ഗോവ തുടങ്ങിയത്. രണ്ടാം പകുതി ആരംഭിച്ച് ആദ്യമിനിറ്റില്‍ തന്നെ സന്ദര്‍ശകര്‍ നയം വ്യക്തമാക്കി. ഗോളെന്ന് ഉറച്ച അവസരം പക്ഷെ സച്ചിന്‍ സുരേഷ് ഏറെ പണിപ്പെട്ടാണ് തട്ടിയകറ്റിയത്. കളിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കാത്ത ജിമിനെസിനെ പിന്‍വലിച്ച് ക്വാമി പെപ്രയെ രണ്ടാം പകുതിയില്‍ ഇറക്കി ബ്ലാസ്റ്റേഴ്‌സ് മറുപടി ഗോളിനായുള്ള പണി തുടങ്ങി. മുന്നേറ്റനിരയ്ക്ക് അല്പം ജീവന്‍വച്ചത് പെപ്രയുടെ വരവോടെയാണ്. നോവ സദോയിയെ കൂട്ടുപിടിച്ച് പെപ്ര ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്ന് നിന്നു. മറുവശത്ത് ഗോവയുടെ പ്രത്യാക്രമണങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖം വിറച്ചെങ്കിലും സച്ചിന്‍ സുരേഷിന്റെ സംയോജിത ഇടപെല്‍ അപകടമൊഴിവാക്കുകയായിരുന്നു. കളിയുടെ അവസാന സമയത്ത് ബോക്‌സിന് പുറത്ത് നിന്ന് കിട്ടിയ ഫ്രീകിക്ക് കൂടി പാഴായതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ദിവസം അല്ലെന്ന് ആശ്വസിക്കാനായിരുന്നു ആരാധകരുടെ വിധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.