ഐലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ് സിക്ക് തിളക്കമാർന്ന വിജയം. റിയൽ കശ്മീരിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മലബാറിയൻസ് വീഴ്ത്തിയത്. ഗോകുലത്തിനായി മലയാളിതാരങ്ങളായ താഹിർസമാൻ(35), പകരക്കാരനായി ഇറങ്ങിയ ജോബി ജസ്റ്റിൻ(86) എന്നിവർ ഗോൾ നേടി.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മലയാളി വിങ്ങർ താഹിർ സമാനിലൂടെയാണ് ഗോകുലം കേരള മത്സരത്തിൽ ലീഡ് എടുക്കുന്നത്. കശ്മീർ പ്രതിരോധത്തിലെ പിഴവിൽ നിന്ന് കിട്ടിയ പന്തുമായി മുന്നേറിയ ശ്രീകുട്ടൻ ബോക്സിന് പുറത്തുനിന്ന് നൽകിയ ക്രോസ് ഹെഡ്ഡ് ചെയ്ത് താഹിർ സമാൻ ഹോം ഗ്രൗണ്ടിൽ ആദ്യ ഗോൾനേടി.
86ാം മിനിറ്റിൽ സ്പാനിഷ് താരം ജൂലിയൻ ഒമർ റാമോസിന്റെ കോർണർ കിക്ക് ഡൈവ് ഡെഡ്ഡറിലൂടെ ജോബിജസ്റ്റിൻ ഗോകുലത്തിനായി ഗോളാക്കി മാറ്റി. ഗോകുലത്തിനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾനേടുന്ന താരമെന്ന നേട്ടവും 29 കാരൻ സ്വന്തമാക്കി. ഇന്ത്യയുടെ മുൻ നിര ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിന് വേണ്ടിയും എടികെ മോഹൻ ബഗാന് വേണ്ടിയും ചെന്നൈയിൻ എഫ്സിക്ക് വേണ്ടിയും ബൂട്ട് കെട്ടിയ താരത്തെ ഈ വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ഗോകുലം സൈൻ ചെയ്യുന്നത്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ട്രാവു എഫ്. സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയം രുചിച്ച ഗോകുലം കേരള എഫ്. സിക്ക് ഈ വിജയം ആത്മവിശ്വാസം കൂട്ടും. ഇന്നത്തെ വിജയത്തോടുകൂടി 21 പോയിന്റുകളുമായി ക്ലബ് ഐ ലീഗിന്റെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ശ്രീനിധി ഡെക്കാൻ എഫ്സിയുമായി കേവലം 4 പോയിന്റ് വ്യത്യാസം മാത്രമാണ് ഗോകുലത്തിനുള്ളത്. 29ന് കെൻക്രെ എഫ് സിയ്ക്കെതിരെയാണ് അടുത്ത ഹോം മത്സരം.
English Summary:Gokulam Kerala FC wins in the I‑League
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.