രാജ്യത്തെ മുന്‍നിര നഗരങ്ങളിലുള്ളവര്‍ നിക്ഷേപത്തിനായി ഇന്നും കൂടുതല്‍ ആശ്രയിക്കുന്നത് സ്വര്‍ണത്തെയാണെന്ന് പഠനം. വിശ്വാസ്യതയുള്ള നിക്ഷേപമെന്ന നിലയില്‍ ഭൂരിഭാഗം പേരും പരിഗണിക്കുന്നത് സ്വര്‍ണത്തെയാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
പ്രമുഖ ഉപഭോക്തൃ ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ ആക്സിസ് മൈ ഇന്ത്യ പുറത്തിറക്കിയ നിക്ഷേപശീല റിപ്പോർട്ട് പ്രകാരം വന്‍ നഗരങ്ങളിലെ 50 ശതമാനം നിക്ഷേപകരും സ്വർണത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളവരാണ്. ഇവരിൽ 36 ശതമാനം പേർ ധരിക്കുവാനുള്ള ആഭരണമെന്നതിനേക്കാൾ നിക്ഷേപ ആസ്തിയെന്ന നിലയിലാണ് സ്വർണത്തെ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് റിപ്പോർട്ടില്‍ പറയുന്നു. സ്ത്രീകളിൽ 65 ശതമാനവും നിക്ഷേപത്തിനായി സ്വർണം തിരഞ്ഞെടുക്കുമ്പോൾ 41 ശതമാനം പുരുഷന്മാരാണ് സ്വർണം വാങ്ങുന്നത്.
രാജ്യത്തെ ജനസംഖ്യയിൽ 65 ശതമാനം നിക്ഷേപം നടത്തുന്നവരാണ്. മെട്രോയില്‍ 74 ശതമാനം പേരും ഒന്നാം നിര നഗരങ്ങളിൽ 66 ശതമാനവും രണ്ടാംനിര നഗരങ്ങളിൽ 51 ശതമാനവും ഏതെങ്കിലും ആസ്തിയിൽ നിക്ഷേപം നടത്തുന്നവരാണ്. കുടുംബത്തിന്റെയും കുട്ടികളുടേയും സുരക്ഷിതത്വമെന്ന ലക്ഷ്യമാണ് നിക്ഷേപത്തിന്റെ ലക്ഷ്യം. മെട്രോയിൽ ഇത് 58 ശതമാനവും ഒന്നും രണ്ടും നിര നഗരങ്ങളിൽ 40 ശതമാനം വീതവുമാണ്. ലാഭത്തിനു രണ്ടാം സ്ഥാനമേ അവർ നൽകുന്നുള്ളു. മെട്രോ നഗരങ്ങളിലെ 53 ശതമാനം സ്വർണത്തിന് നിക്ഷേപത്തിൽ ആദ്യ സ്ഥാനം നൽകുന്നു. രണ്ടാം സ്ഥാനം മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനാണ്. 41 ശതമാനം. ഒന്നാം നിര നഗരങ്ങളിൽ 50 ശതമാനത്തിനും സ്വർണനിക്ഷേപമുണ്ട്. മ്യൂച്വൽ ഫണ്ടിൽ 46 ശതമാനവും സ്ഥിരനിക്ഷേപത്തിൽ 37 ശതമാനവും നിക്ഷേപം നടത്തിയിരിക്കുന്നു.
ഡിജിറ്റൽ രീതിയിലുള്ള നിക്ഷേപം ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തെ 24 ശതമാനം പേർ ഏതെങ്കിലും രീതിയിലുള്ള ഡിജിറ്റൽ നിക്ഷേപം നടത്തിയിട്ടുള്ളവരാണ്. ഡിജിറ്റൽ നിക്ഷേപത്തിൽ 50 ശതമാനവും മ്യൂച്വൽ ഫണ്ടിലാണ്. ഓഹരിയിൽ 40 ശതമാനവും 35 ശതമാനം സ്വർണത്തിലുമാണ്. ക്രിപ്റ്റോ കറൻസിയിൽ 10 ശതമാനം നിക്ഷേപമുണ്ട്. പുരുഷന്മാരാണ് ഡിജിറ്റൽ നിക്ഷേപം കൂടുതലായി നടത്തുന്നത്. 28 ശതമാനം. സ്ത്രീ നിക്ഷേപകരിൽ 19 ശതമാനം ഡിജിറ്റൽ രീതിയിൽ നിക്ഷേപം നടത്തുന്നു.
ഡിജിറ്റൽ രീതിയിലുള്ള സ്വർണനിക്ഷേപത്തോടും താല്പര്യം വർധിച്ചുവരികയാണെന്ന് റിപ്പോർട്ട് പറയുന്നു. 35–44 വയസിനിടയിലുള്ള നിക്ഷേപകരിൽ 46 ശതമാനവും ഡിജിറ്റൽ രീതിയിലാണ് സ്വർണത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
ബംഗളുരു, ഹൈദരാബാദ്, പൂന, അഹമ്മദാബാദ്, നോയിഡ, ജയ്‍പൂർ എന്നീ ഒന്നാം നിര നഗരങ്ങളും മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നീ മെട്രോനഗരങ്ങളും ചണ്ഡീഗഢ്, വിശാഖപട്ടണം, കോയമ്പത്തൂർ, ഗുർഗോൺ ലുധിയാന എന്നീ രണ്ടാം നിര നഗരങ്ങളുമാണ് സർവേയ്ക്കായി തിരഞ്ഞെടുത്തത്.
English Summary: Gold itself as a reliable investment: study
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.