23 January 2026, Friday

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന്‍ ലക്ഷത്തിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
December 15, 2025 9:46 pm

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ രണ്ടുതവണ വിലകൂടിയതോടെ പവന് ഒരു ലക്ഷത്തിന് തൊട്ടരികിലെത്തി. രാവിലെ റെക്കോഡ് ഭേദിച്ച വില ഉച്ചക്ക് വീണ്ടും കൂടി. ഇതോടെ 22 കാരറ്റ് സ്വര്‍ണം പവന് വില 99,280 രൂപ എന്ന റെക്കോർഡ് നിലയിലെത്തി. ഇതോടൊപ്പം വെള്ളിവിലയും മുകളിൽ തുടരുകയാണ്. രാവിലെ സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചിരുന്നു. ഉച്ചയ്ക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്റെ വില രാവിലെ 600 രൂപ വര്‍ധിച്ച് 98,800 രൂപയായിരുന്നു. ഇതിന് മുമ്പ് ഡിസംബര്‍ 12നായിരുന്നു സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില. ശനിയാഴ്ച നേരിയ ഇടിവാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 25 രൂപയുടെ കുറവ് ഉണ്ടായിരുന്നു. 12,275 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. പവന് 200 രൂപയും കുറഞ്ഞിരുന്നു. 

ഡോളറിന്റെ കരുത്ത് കുറയുന്നതും യുഎസ് ട്രഷറി വരുമാനം ഇടിയുന്നതുമാണ് സ്വര്‍ണവില ഉയരുന്നതിനുളള പ്രധാനകാരണം. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. ഈ മാസം അവസാനിക്കുന്നതിനു മുൻപു തന്നെ ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടക്കുമെന്നാണ് വിലയിരുത്തല്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.