25 December 2024, Wednesday
KSFE Galaxy Chits Banner 2

സ്വർണവില ഉയരങ്ങളില്‍

ബേബി ആലുവ
കൊച്ചി
December 28, 2023 10:44 pm

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സംസ്ഥാനത്തെ സ്വർണ വിപണി കുതിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 40,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിലയെങ്കിൽ ഇന്നലത്തെ വില 47,000 ത്തിനും മുകളിലാണ്. ഒരു വർഷത്തിനുള്ളിൽ വർധിച്ചത് 7,000 ത്തിലധികം രൂപ. വൈകാതെ ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷം രൂപയിലെത്തുമെന്നാണ് സൂചന. വിവാഹ സീസണിലേക്ക് കടക്കുന്ന സാഹചര്യത്തിൽ സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

വില ഉയർന്നതോടെ ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും ജിഎസ‌്ടിയും എച്ച്‌യുഐഡി നിരക്കും ഉൾപ്പെടെ ചുരുങ്ങിയത് 50,100 രൂപയ്ക്കു മേൽ നിലവിൽത്തന്നെയുണ്ട്. പണിക്കൂലി കൂടിയവയ്ക്ക് വില ഇതിലും കൂടും. ഇന്നലത്തെ വില ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5850 രൂപയും ഒരു ഗ്രാം 24 കാരറ്റിന് 6382 രൂപയുമാണ്. വില വൻതോതിൽ ഉയരാൻ തുടങ്ങിയതോടെ വില്പനയിലും മന്ദത ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പല ഘടകങ്ങൾ കൂടിച്ചേർന്ന് ആഗോള വിപണിയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ചാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരുന്നത്. പ്രധാന കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം ഇടിഞ്ഞതും വൻകിട നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാതെ തുടരുന്നതുമാണ് മുഖ്യ കാരണങ്ങൾ.

ഇസ്രായേൽ — ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം ഉയർന്നിരുന്നു. 2008 മുതലാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിയാൻ തുടങ്ങുന്നത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാവുകയില്ല എന്ന വിശ്വാസം ഇതിന് ആക്കം കൂട്ടി. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധന ഉണ്ടായി. 118 ശതമാനമാണ് വർധന. 2017 ജനുവരി ഒന്നിന് ഗ്രാമിന് 2645 രൂപയും, പവന് 21,160 രൂപയുമായിരുന്നു വില. 2023 ഡിസംബറിൽ 27ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5850 രൂപയായും പവന്റേത് 46,800 രൂപയായും ഉയർന്നു. 3205 രൂപ ഗ്രാമിനും, 25,640 രൂപ പവനും വില വർധിച്ചു. ഒരു വർഷത്തിനിടെ ഒരു ഗ്രാമിന് 830 രൂപയും പവന് 6,640 രൂപയും വര്‍ധിച്ചിട്ടുണ്ട്.

നിക്ഷേപമെന്നാല്‍ സ്വര്‍ണം തന്നെ

ന്യൂഡല്‍ഹി: സ്വർണത്തോടും ബാങ്ക് നിക്ഷേപങ്ങളോടുമുള്ള ഇന്ത്യന്‍ കുടുംബങ്ങളുടെ അടുപ്പം ശക്തമായി തുടരുന്നതായി സര്‍വേ. രാജ്യത്തെ 77 ശതമാനം കുടുംബങ്ങളും സ്വര്‍ണം വാങ്ങിയും ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തിയുമാണ് തങ്ങളുടെ സമ്പാദ്യം സംരക്ഷിക്കുന്നതെന്ന് മണി9 നടത്തിയ സര്‍വേയില്‍ പറയുന്നു. സ്വര്‍ണ ഇറക്കുമതിയില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ. 2023 സാമ്പത്തിക വർഷത്തിൽ 2.8 ലക്ഷം കോടി രൂപയുടെ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം 18 ശതമാനം കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: gold rate
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.