22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 7, 2024
July 1, 2024
May 30, 2024
May 30, 2024
April 23, 2024
February 18, 2024
October 11, 2023
October 11, 2023
August 24, 2023
August 11, 2023

സ്വര്‍ണക്കടത്ത്: അന്വേഷണ ഏജന്‍സികള്‍ തുറന്നപോരിലേക്ക്

ബേബി ആലുവ
കൊച്ചി
August 19, 2022 8:41 pm

വിമാനത്താവളങ്ങളിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും രഹസ്യാന്വേഷണ വിഭാഗങ്ങളും തുറന്നപോരിലേക്ക്. കള്ളക്കടത്ത് തടയാനുള്ള നടപടികൾക്ക് വിമാനത്താവളങ്ങളിൽ കസ്റ്റംസിന്റെ പൂർണ സഹകരണം കിട്ടുന്നില്ലെന്ന ഗൗരവതരമായ കുറ്റപ്പെടുത്തലാണ് ഇതര വിഭാഗങ്ങളിൽ നിന്നുണ്ടായിരിക്കുന്നത്. കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയാലുടൻ വിവരം രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് കൈമാറണമെന്നുണ്ടെങ്കിലും അത് പാലിക്കുന്നില്ല എന്നാണ് പരാതി. വിവരം കൃത്യസമയത്ത് ലഭിച്ചാലേ, വിമാനത്തിൽ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ഏറ്റുവാങ്ങാനായി എത്തിയിട്ടുള്ളവരെ കസ്റ്റഡിയിലെടുക്കാൻ കഴിയൂ. ഇതിനായി സംസ്ഥാന പൊലീസ് വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ചുമതലപ്പെട്ടവർ അത് നിർവഹിക്കാത്തതിനാൽ പൊലീസ് ഒരുക്കിയ സംവിധാനങ്ങൾ ഫലപ്രദമാകുന്നില്ല.

സ്വര്‍ണം വിമാനത്തിൽ കടത്തിക്കൊണ്ടുവരുന്ന വ്യക്തികളുടെ ചിത്രം, സ്വര്‍ണം ഏറ്റുവാങ്ങാനായി നിയോഗിക്കപ്പെട്ടവർക്കും തിരിച്ച് അവരുടെ ചിത്രം വിമാനത്തിൽ വരുന്നയാൾക്കും കൈമാറുകയാണ് സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ രീതി. സ്വര്‍ണവും കൊണ്ടുവരുന്നയാളും പിടിയിലായാൽ ഏറ്റുവാങ്ങാനെത്തുന്നവർ തത്സമയം വിമാനത്താവളത്തിൽ നിന്ന് മുങ്ങും. പിടിയിലായ വിവരം സംഘങ്ങൾക്ക് ചോർന്നു കിട്ടുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെയും പൊലീസിന്റെയും പരാതി. ഇങ്ങനെ ചോർന്നുപോകുന്നത് പരിശോധനയ്ക്ക് നിയുക്തരായ വിഭാഗത്തിൽ നിന്നാണെന്ന ആരോപണമാണ് അവർ ഉയർത്തുന്നത്. വിമാനത്താവളങ്ങളിൽ കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിനു പുറമെ പൊലീസിന്റെ സംസ്ഥാന — ജില്ല രഹസ്യന്വേഷണ വിഭാഗങ്ങളും, കസ്റ്റംസ്, സിഐഎസ്എഫ്, നികുതി വകുപ്പ് എന്നിവയുടെ ഇന്റലിജൻസ് വിഭാഗങ്ങളുമുണ്ട്.

സ്വര്‍ണവുമായി വരുന്നവർ കസ്റ്റംസിന്റെ പരിശോധനയിൽ നിന്ന് ഊരിപ്പോരുകയും ഏറ്റുവാങ്ങാനെത്തുന്ന വ്യക്തിയെ സ്വര്‍ണം ഏൽപ്പിക്കാതെ മുങ്ങുന്നവരെയും സ്വര്‍ണം ഏറ്റുവാങ്ങി പോകുന്നവരെയും ഗുണ്ടാ സംഘങ്ങൾ തട്ടിക്കൊണ്ടുപോകുന്നതും പതിവാണ്. അതിന്റെ പേരിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും വരെ അരങ്ങേറുന്നുണ്ട്. ഇതിന്റെ പിന്നിലും സംശയാസ്പദമായി പലതുമുണ്ടെന്ന ആക്ഷേപവുമുണ്ട്.

കരിപ്പൂരിൽ സ്വര്‍ണം കടത്തുന്ന സംഘങ്ങൾക്ക് ഒത്താശ ചെയ്തുവെന്ന കേസിൽ സിബിഐ അന്വേഷണം നേരിടുന്ന 10 കസ്റ്റംസ് ഉദ്യോഗസ്ഥരെ, കൊച്ചി വിമാനത്താവളത്തിൽ സ്വര്‍ണം-ഡോളർ കടത്ത് കേസുകളുടെ അഡ്ജുഡീക്കേഷൻ ചുമതല നൽകി നിയമിച്ചത് വിവാദമായിരിക്കുകയാണ്. വിചാരണയ്ക്കു മുമ്പ്, പ്രതിഭാഗത്തിനു ബോധിപ്പിക്കാനുള്ളതു കൂടി കേട്ട് രേഖപ്പെടുത്തുന്നതിനുള്ള ചുമതലയാണ് അഡ്ജുഡീക്കേഷന്റേത്. കഴിഞ്ഞ വർഷം ജനുവരിയിൽ, കരിപ്പൂരിൽ കസ്റ്റംസ് പരിശോധന നടത്താതെ സ്വര്‍ണം പുറത്തു കടത്തിയത് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 10 ഉദ്യോഗസ്ഥർക്ക് ഒരു വർഷത്തെ സസ്പെൻഷനും കിട്ടി. അതിനു ശേഷമാണ് പുനർ നിയമനം. ഇവരെ കസ്റ്റംസിന്റെ പ്രധാന വിഭാഗങ്ങളിൽ നിയമിക്കാൻ പറ്റില്ല എന്നതിനാലാണ് അഡ് ജുഡീക്കേഷനിൽ നിയമിച്ചിരിക്കുന്നതെന്നും മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വിഭാഗം അത്ര പ്രാധാന്യമുള്ളതല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

Eng­lish Sumam­ry: Gold smuggling

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.