22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 7, 2024
July 1, 2024
May 30, 2024
May 30, 2024
April 23, 2024
February 18, 2024
October 11, 2023
October 11, 2023
August 24, 2023
August 11, 2023

സ്വര്‍ണക്കടത്ത് റെക്കോഡുകൾ ഭേദിക്കുന്നു: നെടുമ്പാശേരിയില്‍ ഈ വര്‍ഷം പിടിച്ചത് 90 കിലോ സ്വര്‍ണം

Janayugom Webdesk
നെടുമ്പാശേരി
October 28, 2022 11:07 pm

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗവും, ഡിആർഐയും ചേർന്ന് ഈ വർഷം പിടികൂടിയത് 90 കിലോയോളം സ്വർണം. സ്വർണം കടത്തുന്നതിന് പുതു വഴികൾ തേടി സ്വർണ കടത്ത് നടത്തുമ്പോഴാണ് ഇത്രയേറെ സ്വർണം പിടികൂടുന്നത്.
പരിശോധനകൾ ശക്തമായതോടെ ഈ വർഷം നടത്തിയ സ്വര്‍ണ വേട്ട മുൻകാല റെക്കോഡുകൾ ഭേദിച്ചു. കേരളത്തിന്റെ ഏത് ഭാഗത്തും അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്ന സ്വര്‍ണം എളുപ്പത്തിൽ എത്തിക്കുവാൻ കഴിയുമെന്നുള്ളതുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ കള്ളക്കടത്ത് സജീവമാണന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് കസ്റ്റംസ് പരിശോധന ശക്തമാക്കിയത്. ഇത് മൂലം സ്വര്‍ണ കള്ളക്കടത്ത് സംഘം പഴയ രീതികൾ മാറ്റി പുതിയ രീതികൾ അവലംബിച്ചിട്ടും കൊച്ചി വഴി അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്ന സ്വര്‍ണം പിടിക്കപ്പെടുകയാണ്.
കോവിഡ് വ്യാപനത്തിന്റെ കാലയളവിൽ അന്താരാഷ്ട്ര വിമാനങ്ങൾ നാമമാത്രമായിരുന്നതിനാൽ കള്ളക്കടത്തും കുറവായിരുന്നു. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവീസുകൾ വൻതോതിൽ കൂടിയതോടെ സ്വര്‍ണ കള്ളക്കടത്തിന് കേട്ടുകേൾവി പോലുമില്ലാത്ത പുതിയ രീതികൾ പരീക്ഷിക്കുന്നു. സ്വര്‍ണ കള്ളക്കടത്തിന്റെ സ്രോതസ് ഗൾഫ് രാജ്യങ്ങളാണ്. 2022 ജനുവരി ഒന്നാം തീയതി മുതൽ ഇതുവരെ 90 കിലോയോളം സ്വര്‍ണമാണ് കസ്റ്റംസും ഡിആർഐയും പിടികൂടിയത്. ആഭ്യന്തര വിപണി വിലയിൽ 40 കോടി രൂപക്ക് മുകളിൽ ഇതിന് വിലയുണ്ട്.
ബുധനാഴ്ച രാത്രി ഏഴ് കിലോ സ്വര്‍ണമാണ് ഡിആർഐ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സ്വര്‍ണം മിശ്രിതമാക്കി കവറിൽ പൊതിഞ്ഞ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കൊച്ചിയിൽ എത്തിയ ഈ വിമാനം ഡൽഹിക്കാണ് പോകേണ്ടിയിരുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തുന്ന വിമാനം കൊച്ചിയിൽ എത്തി അവിടെ നിന്നും ആഭ്യന്തര സർവീസ് ആയി മാറും. കൊച്ചിയിൽ നിന്ന് ആഭ്യന്തര യാത്രക്കാരായി കയറുന്നവർ ഈ സ്വര്‍ണം മറ്റ് വിമാനത്താവളങ്ങളിലൂടെ പുറത്തെത്തിക്കും. ഈ കാലയളവിൽ സ്വര്‍ണം കൊണ്ടു വന്നിട്ടുള്ള രീതികൾ തികച്ചും വ്യത്യസ്തമാണ്. കൂടുതലും സ്വര്‍ണ മിശ്രിതങ്ങളും സ്വര്‍ണ ലായനിയുമാണ് പിടിക്കപ്പെട്ടിട്ടുള്ളത്.
മുൻ കാലങ്ങളിൽ കള്ളക്കടത്തിൽ പിടിച്ചവയിൽ 90 ശതമാനവും സ്വര്‍ണ ബിസ്ക്കറ്റുകളായിരുന്നു. തൊട്ടടുത്ത ദിവസം നെടുമ്പാശേരിയിൽ സ്വര്‍ണപാദുകമായിട്ടാണ് ഒരു യാത്രക്കാരൻ കള്ളക്കടത്തിന് ശ്രമിച്ചത്. കാൽപാദത്തിന് അടിയിൽ സ്വര്‍ണം ഒട്ടിച്ച് അതിന് മുകളിൽ ടേപ്പു കൊണ്ട് പൊതിഞ്ഞ് സോക്സും ഷൂവും ധരിച്ചിരിക്കുകയായിരുന്നു. ഇതുവരെ കേരളത്തിലെ ഒരു വിമാനത്താവളത്തിലും ഈ വിധം കൊണ്ടുവന്ന സ്വര്‍ണം പിടിച്ചിട്ടില്ല. സ്വര്‍ണത്തിന്റെ പൊടി കലക്കിയ ലായനിയിൽ മുക്കിയെടുത്ത തോർത്താണ് കള്ളക്കടത്തിന് ഉപയോഗിച്ച മറ്റൊരു തന്ത്രം. നിരവധി തോർത്തു മുണ്ടുകൾ ഈ വിധം മുക്കിയെടുത്ത് മടക്കി സാധാരണ തുണി പോലെ പാക്ക് ചെയ്തിരിക്കുകയായിരുന്നു.
സ്വര്‍ണ കള്ളക്കടത്തുകാരും അവരുടെ കാരിയർമാരും പുതിയ തന്ത്രങ്ങളുമായി സദാ സമയവും സജീവമാണ്. ഒരോ ദിവസവും പുത്തൻ രീതികൾ സ്വീകരിക്കുന്ന കള്ളക്കടത്ത് സംഘം പ്രത്യേക പരിശീലനം നൽകിയാണ് സ്വര്‍ണം കടത്തുവാൻ ശ്രമിക്കുന്നത്.

Eng­lish Sum­ma­ry: Gold smug­gling breaks records: 90 kg gold seized in Nedum­bassery this year

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.