കരിപ്പൂർ വിമാനത്താവളത്തിൽ സൈക്കിളിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. വലിയ പെട്ടിയിൽ കൊണ്ടുവന്ന സൈക്കിളിന്റെ ലോഹഭാഗത്തിന്റെ രൂപത്തിൽ അതിവിദഗ്ധമായി കടത്തിയ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശി അബ്ദുൽ ഷെരീഫിൽ (25) നിന്നാണ് 52.78 ലക്ഷം രൂപയുടെ സ്വർണം പിടിച്ചത്. കസ്റ്റംസിന്റെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് തന്ത്രപരമായി ഒളിപ്പിച്ച സ്വർണം പിടികൂടാൻ സാധിച്ചത്. ഇയാൾ കൊണ്ടുവന്ന സൈക്കിളിന്റെ ലോഹഭാഗങ്ങളിൽനിന്ന് 1037 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. അടുത്തകാലത്ത് നടത്തിയ ഏറ്റവും ശ്രമകരമായ ദൗത്യമാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. അൽഐനിൽനിന്നാണ് ഷെരീഫ് കരിപ്പൂരിൽ എത്തിയത്.
സൈക്കിളിന്റെ ഭാഗങ്ങൾ വെവ്വേറെയായി പെട്ടിയിലാക്കിയിരുന്നു. ഇതിന്റെ ഭാരക്കൂടുതൽ ശ്രദ്ധയിൽപെട്ടതോടെയാണ് പരിശോധിച്ചത്. ആദ്യഘട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല. വിശദമായി പരിശോധിച്ചതോടെയാണ് സീറ്റുറപ്പിക്കുന്ന ലോഹഭാഗത്തുനിന്ന് സ്വർണം കണ്ടെടുത്തത്. ഈ ലോഹഭാഗത്തിന്റെ 81 ശതമാനവും സ്വർണമായിരുന്നുവെന്നും കൂടാതെ സിങ്ക്, നിക്കൽ, വെള്ളി തുടങ്ങിയവയും ഇതിലുണ്ടായിരുന്നുവെന്നും എട്ടുമണിക്കൂർ സമയമെടുത്താണ് ലോഹഭാഗത്തുനിന്ന് സ്വർണം വേർതിരിച്ചെടുത്തതെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. സീറ്റിന്റെ ഉയരം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഭാഗത്ത് അസ്വാഭാവികത തോന്നിയതോടെയാണ് അവിടെ മാത്രം വിശദ പരിശോധന നടത്തിയത്. സ്വർണപ്പണിക്കാരന്റെ അടുത്ത് പോയി മുറിച്ചു പരിശോധിച്ചപ്പോൾ അകത്തുള്ള ക്രോസ് സെക്ഷൻ വെള്ളി നിറമായിരുന്നു. സാധാരണ സ്വർണം ഉള്ളിൽ ഉരുക്കി ഒഴിച്ചിട്ടുണ്ടെങ്കിൽ ക്രോസ് സെക്ഷൻ ചെയ്തു നോക്കുമ്പോൾ അകത്തെ സ്വർണം കാണും. ഇവിടെ ലോഹത്തിന്റെ നിറം പൂർണമായി വെള്ളിയായിരുന്നു. സംശയത്തെ തുടർന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്താനായത്.
English Summary: Gold smuggling in Karipur
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.