
ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിച്ച സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വര്‍ണ മുത്തമിട്ട് തിരുവനന്തപുരം. നീന്തലിലും ഗെയിംസിലും കിരീടം ചൂടിയാണ് ആതിഥേയർ 117.5 പവന്റെ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. മറ്റു ജില്ലകളെ ബഹുദൂരം പിന്നിലാക്കി 1825 എന്ന പോയിന്റ് നേടിയാണ് പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി തിരുവനന്തപുരം നേടിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ചാമ്പ്യന്മാര്‍ക്ക് സ്വര്‍ണക്കപ്പ് സമ്മാനിച്ചു. ഗെയിംസ്, അക്വാട്ടിക്സ് ഇനങ്ങളിലെ ആധിപത്യമാണ് തിരുവനന്തപുരത്തിന്റെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടത്തിലേക്ക് എത്തിച്ചത്. ഗെയിംസില്‍ 1107 പോയിന്റും അക്വാട്ടിക്‌സില്‍ 649 പോയിന്റുകളുമാണ് നേടാനായത്.
203 സ്വര്‍ണവും 147 വെള്ളിയും 171 വെള്ളിയുമാണ് ആകെ ലഭിച്ചത്. ഇതില്‍ 122 സ്വര്‍ണവും 77 വെള്ളിയും 120 വെങ്കലവും ഗെയിംസിലും 73 സ്വര്‍ണവും 63 വെള്ളിയും 46 വെങ്കലവും അക്വാട്ടിക്‌സിലും നേട്ടമായി. തൃശൂര്‍ രണ്ടാം സ്ഥാനവും കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. തൃശൂരിന് 892 പോയിന്റും കണ്ണൂരിന് 859 പോയിന്റുമാണ് ലഭിച്ചത്. 91 സ്വര്‍ണവും 56 വെള്ളിയും 109 വെങ്കലവും തൃശൂരിന് ലഭിച്ചപ്പോള്‍ 82 സ്വര്‍ണവും 77 വെള്ളിയും 87 വെങ്കലവും കണ്ണൂരിനും നേടാനായി. അക്വാട്ടിക്‌സില്‍ 149 പോയിന്റുമായി തൃശൂര്‍ രണ്ടാമതും 133 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തേക്കും നീന്തിക്കയറി. ഗെയിംസില്‍ രണ്ടാംസ്ഥാനത്തുള്ള കണ്ണൂരിന് 798 പോയിന്റും തൊട്ടുപിന്നിലുള്ള തൃശൂര്‍ 695 പോയിന്റുമാണുള്ളത്.
അത്‌ലറ്റിക്‌സില്‍ ആദ്യ ദിനങ്ങളില്‍ ആധിപത്യം ഉണ്ടായിരുന്ന പാലക്കാടിന് തിങ്കളാഴ്ച ട്രാക്കില്‍ കാലിടറി. 247 പോയിന്റുമായി മലപ്പുറം കിരീടമണിഞ്ഞു. 22 സ്വര്‍ണവും 29 വെള്ളിയും 24 വെങ്കലവുമാണ് മലപ്പുറം നേടിയത്. 26 സ്വര്‍ണവും 15 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ 212 പോയിന്റുമായി പാലക്കാട് രണ്ടാമതും 10 സ്വര്‍ണവും 10 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ കോഴിക്കോട് മൂന്നാമതും എത്തി. അത്‌ലറ്റിക്‌സില്‍ 20 റെക്കോഡുകളാണ് പിറന്നത്. അതില്‍ ആറ് എണ്ണം റിലേയിലും രണ്ടെണ്ണം ത്രോ ഇനങ്ങളിലുമാണ്. സ്‌കൂളുകളില്‍ അത്‌ലറ്റിക്സില്‍ നാലാംവട്ടവും 78 പോയിന്റുകളുമായി ഐഡിയല്‍ എച്ച്എസ്എസ് കടകശേരി സ്‌കൂള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ 57 പോയിന്റുമായി തിരുവനന്തപുരം ജി വി രാജ താരപദവി നിലനിര്‍ത്തി. അക്വാട്ടിക്‌സില്‍ 118 പോയിന്റുമായി തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസാണ് ഒന്നാമത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.