
ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിളിന് ഇന്ന് 27-ാം പിറന്നാൾ. വാടകയ്ക്കെടുത്ത ഒരു ഗാരേജിൽനിന്ന് ലാരി പേജും സെർഗെ ബ്രിനും ചേർന്ന് തുടങ്ങിയ ഈ സംരംഭം ഇന്ന് ലോകത്തെ വിവരശേഖരണത്തിന്റെ മുഖമായി മാറിക്കഴിഞ്ഞു. സ്റ്റാൻഫോർഡ് സർവകലാശാലയിലെ പിഎച്ച്‌ഡി ഗവേഷകരായിരുന്ന ലാരി പേജും സെർഗെ ബ്രിനും ചേർന്ന് ആദ്യം ഇതിന് നൽകിയ പേര് ‘ബാക്ക്‌റബ്’ (BackRub) എന്നായിരുന്നു. എന്നാൽ, അസംഖ്യം വിവരങ്ങൾ ലഭ്യമാകുന്ന ഇടത്തിന് ആ പേര് പോരെന്ന് തോന്നിയപ്പോൾ, വലിയ സംഖ്യ എന്നർത്ഥം വരുന്ന ‘googol’ എന്ന വാക്ക് പേരായി നിശ്ചയിച്ചു. എഴുതിയപ്പോൾ അക്ഷരത്തെറ്റ് സംഭവിച്ചാണ് ‘google’ എന്ന പേര് പിറന്നത്.
ഗൂഗിളിന്റെ ജന്മദിനം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലവിലുണ്ട്. 1998 സെപ്റ്റംബർ 4നാണ് ഗൂഗിൾ രജിസ്റ്റർ ചെയ്തത്. വെബ്സൈറ്റ് പ്രവർത്തനം തുടങ്ങിയത് സെപ്റ്റംബർ 15നാണ്. എന്നാൽ, സെപ്റ്റംബർ 27നാണ് ഗൂഗിൾ വെബിൽ ഇൻഡെക്സ് ചെയ്യപ്പെടുന്നത്. 2006 മുതലാണ് ഗൂഗിൾ സെപ്റ്റംബർ 27ന് സ്ഥിരമായി ജന്മദിനം ആഘോഷിക്കാൻ തുടങ്ങിയത്. മുമ്പ് 2003ൽ സെപ്റ്റംബർ 8നും 2004ൽ സെപ്റ്റംബർ 7നുമായിരുന്നു ആഘോഷം.
ഇത്തവണത്തെ പിറന്നാൾ ആഘോഷത്തിനായി ഗൂഗിൾ വെബിൽ നൽകിയിരിക്കുന്നത് 1998ൽ രൂപകൽപ്പന ചെയ്ത വിന്റേജ് ലോഗോ ഡൂഡിലാണ്. ഈ ഡൂഡിലിന് പിന്നിലുമുണ്ട് ഒരു ചരിത്രം. 1998ൽ ബേണിംഗ് മാൻ ഫെസ്റ്റിവലിന് പോകുന്നതിനാൽ ഓഫീസിൽ ഉണ്ടാവില്ലെന്ന് ആളുകളെ അറിയിക്കാൻ വേണ്ടിയാണ് പേജും സെർഗെ ബ്രിനും ചേർന്ന് ആദ്യമായി ഡൂഡിൽ ചെയ്തിട്ടത്. ഇന്ന് പലവിധ ആഘോഷങ്ങൾക്കും ചരിത്ര സംഭവങ്ങൾക്കും പ്രഗത്ഭർക്കുമെല്ലാം ഡൂഡിലിൽ ഇടം ലഭിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.