18 January 2026, Sunday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

ഗൂഗിൾ കുത്തക ചോദ്യംചെയ്യപ്പെടുന്നു

Janayugom Webdesk
August 8, 2024 5:00 am

ഗോള സാങ്കേതിക ഭീമൻ ഗൂഗിളിനെതിരെ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഏതാണ്ട് ഒരു വർഷമായി തുടർന്നുവരുന്ന ‘ആന്റി ട്രസ്റ്റ്’ കേസിൽ, ഗൂഗിൾ നീതിരഹിത മാർഗങ്ങളിലൂടെയാണ് വെബ് സെർച്ച്, പരസ്യം തുടങ്ങിയ രംഗങ്ങളിൽ കുത്തക ആധിപത്യം സ്ഥാപിച്ചതെന്ന് കൊളംബിയ ഡിസ്‌ട്രിക്ടിലെ യുഎസ് ജില്ലാക്കോടതി ജഡ്ജി അമിത് മേത്ത ഓഗസ്റ്റ് അഞ്ചിന് വിധിച്ചു. ഗൂഗിളിനെതിരെ പിഴയടക്കമുള്ള ശിക്ഷയെപ്പറ്റി അടുത്തമാസം ആരംഭിക്കുന്ന കോടതി നടപടിക്രമങ്ങളായിരിക്കും തീരുമാനിക്കുക. ഗൂഗിൾ സെർച്ച് എന്‍ജിന്റെ വിപണിയിലെ ആധിപത്യം കമ്പനിയുടെ മേന്മകൊണ്ടോ അതോ അധാർമ്മികമായ വിപണി തന്ത്രങ്ങൾ വഴി ആർജിച്ചതാണോ എന്ന വിചാരണവേളയിലെ വാദപ്രതിവാദങ്ങള്‍ ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല തുടങ്ങിയവരുടെ പങ്കാളിത്തംകൊണ്ട് ലോകശ്രദ്ധ ആകർഷിച്ചിരുന്നു. കമ്പനിയുടെയും ഉല്പന്നത്തിന്റെയും മികവാണ് തങ്ങൾക്ക് വിപണി ആധിപത്യം നേടിത്തന്നതെന്ന ഗൂഗിളിന്റെ വാദം, ഉല്പന്നത്തിന്റെ മികവ് അംഗീകരിച്ചുകൊണ്ടുതന്നെ തിരസ്കരിക്കപ്പെട്ടു. വെബ് സെർച്ചിൽ ഗൂഗിളിന്റെ ആധിപത്യം മറ്റ് സേവനദാതാക്കളെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള വിതരണക്കരാറുകളോ ഡിഫോൾട്ട് വിതരണംവഴിയോ കൈവരിച്ചതാണെന്ന് വിധിപ്രസ്താവം വിലയിരുത്തുന്നു. ബ്രൗസർ ഡെവലപർമാർ, മൊബൈൽ ഉപകരണ നിർമ്മാതാക്കൾ, വയർലെസ് ഉപകരണ നിർമ്മാതാക്കൾ എന്നിവരുമായി ഉണ്ടാക്കിയ ആദായകരമായ കരാറാണ് ഗൂഗിളിന് വിപണി ആധിപത്യം നേടിക്കൊടുത്തതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ, വിധി സ്ഥാപിക്കുന്നു. ഈ കരാറുകൾ വഴിയാണ് ഗൂഗിൾ മൊബൈൽ ഫോണുകളടക്കം ഉപഭോക്താക്കളുടെ പ്രഥമ അഥവാ ഡിഫോൾട്ട് സെർച്ച് എന്‍ജിനായി അടിച്ചേല്പിക്കപ്പെടുന്നത്. സെർച്ച് എന്‍ജിൻ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും സേവനദാതാക്കളുടെ ഇച്ഛയ്ക്ക് വഴങ്ങുകയാണ് ഉപഭോക്താക്കൾ ഏറെയും. ഉപഭോക്താക്കളെ തങ്ങളുടെ വരുതിയിലാക്കുന്ന ഇത്തരം അധാർമ്മിക കരാറുകൾക്കായി ഗൂഗിൾ 2021ൽ മാത്രം 2,600 കോടി യുഎസ് ഡോളർ വിവിധ കമ്പനികൾക്ക് പ്രതിഫലമായി നൽകിയതായി കോടതി കണ്ടെത്തി.


ഇതുകൂടി വായിക്കു; വില ഉയര്‍ന്നപ്പോള്‍ കാഴ്ചക്കാരായി റബര്‍ കര്‍ഷകര്‍


ഗൂഗിളിന്റെ വിപണി കുത്തക അനുവദിക്കുന്നതിൽ യുഎസ് ആസ്ഥാനമായുള്ള വമ്പൻ ആഗോള ടെക് കമ്പനികൾ മിക്കവയും പങ്കാളികളാണെന്ന ആരോപണം 2023 സെപ്റ്റംബറിൽ ആന്റി ട്രസ്റ്റ് കേസ് ആരംഭിക്കുംമുമ്പുതന്നെ പുറത്തുവന്നിരുന്നു. സെർച്ച് എന്‍ജിൻ ഉപയോഗംവഴി ഗൂഗിളിന് ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനവും ഐഫോൺ, ഐപാഡ് ഉപയോക്താക്കളിൽനിന്നുമാണ്. ഗൂഗിൾ വെബ് സെർച്ച്, ആപ്പിൾ ഉപകരണങ്ങളിൽ ഡിഫോൾട്ട് സെർച്ച് എന്‍ജിനായി ഉപയോഗിക്കുന്നതിന് ഇരുകമ്പനികളും ഉണ്ടാക്കിയ രഹസ്യ കരാറിന് 2014ൽ ഗൂഗിൾ ആപ്പിളിന് 100 കോടി യുഎസ് ഡോളർ പ്രതിഫലമായി നൽകിയിരുന്നു. ഇപ്പോൾ ആപ്പിൾ 800‑1200 കോടി ഡോളർ പ്രതിഫലം പറ്റുന്നതായാണ് കണക്കാക്കപ്പെടുന്നത്. ആപ്പിളിന്റെ വാർഷിക മൊത്തവരുമാനത്തിന്റെ ഒമ്പത് ശതമാനം വരും ഇത്. ഗൂഗിളിന് ബദലായി മറ്റൊരു സെർച്ച് എന്‍ജിൻ വികസിപ്പിക്കാൻ എല്ലാത്തരത്തിലും പ്രാപ്തിയുള്ള ആഗോള ഭീമനാണ് ആപ്പിൾ. എന്നിട്ടും പ്രയോജനപ്രദമായേക്കാവുന്ന, ആരോഗ്യകരമായ മത്സരം ഒഴിവാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള പദ്ധതിയിൽ കൈകോർക്കുകയാണ് ഈ ആഗോള ഭീമന്മാർ. കൊളംബിയ ജില്ലാ കോടതിയുടെ നടപടിക്രമങ്ങളും വിധിയും യുഎസിലെ ഇതര ടെക് ഭീമന്മാരുടെ ഉറക്കംകെടുത്തുക സ്വാഭാവികമാണ്. മെറ്റാ, ആമസോൺ തുടങ്ങിയ ആഗോള കുത്തകകളും സമാനമായ ആന്റി ട്രസ്റ്റ് ആരോപണങ്ങൾ നേരിടുന്നവയാണ്. അധാർമ്മിക മാർഗങ്ങളിലൂടെ, ന്യായവും ഉപഭോക്താക്കൾക്ക് ഗുണകരവുമായ മത്സരം അമർച്ചചെയ്തതിന്‌ ആന്റി ട്രസ്റ്റ് കേസ് യുഎസിൽ ഇത് ആദ്യമാണെങ്കിലും ഗൂഗിളിന് ഇത് ഏറെ പുതുമയുള്ള വിഷയമല്ല. സെർച്ച് ഫലങ്ങളിൽ അനർഹമായ പക്ഷപാതം തെളിയിക്കപ്പെട്ടതിനെ തുടർന്ന് 2017ൽ യൂറോപ്യൻ യൂണിയൻ ഗൂഗിളിനുമേൽ 270 കോടി യുഎസ് ഡോളർ പിഴ ചുമത്തിയിരുന്നു. മൂന്ന് ആന്റി ട്രസ്റ്റ് അന്വേഷണങ്ങളിലായി ഇതുവരെ 825 കോടി യൂറോ ഗൂഗിളിൽ നിന്നും ഇയു പിഴ ഈടാക്കിയിട്ടുണ്ട്. മെറ്റാ, ആമസോൺ തുടങ്ങിയ ഭീമന്മാർക്കെതിരെയും ഇയു സമാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രണ്ടുപതിറ്റാണ്ടിലേറെക്കാലം ആധുനിക സാങ്കേതികവിദ്യ ആയുധമാക്കി ലോകമെമ്പാടും ജനതകളെയും രാഷ്ട്രങ്ങളെയും കൊള്ളയടിച്ച് ഭരണകൂടങ്ങളെപ്പോലും നിഷ്‌പ്രഭമാക്കിയ ആഗോള ടെക് ഭീമന്മാർക്കെതിരെ യുഎസ് നീതിന്യായവ്യവസ്ഥ നിയമനടപടികൾക്ക് മുതിർന്നിരിക്കുന്നുവെന്നത് സമകാലിക ആഗോള സാമ്പത്തിക, രാഷ്ട്രീയ വ്യവഹാരത്തിലെ നിർണായക സംഭവവികാസങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടേണ്ടതാണ്.


ഇതുകൂടി വായിക്കു; പ്രകൃതി ദത്ത റബര്‍ വിപണിയില്‍ മാന്ദ്യം തുടരുന്നു


യുഎസിലെയും ലോകത്തെയും രാഷ്ട്രീയ, സാമ്പത്തിക ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ ആഗോള ടെക് ഭീമന്മാർക്ക് നിർണായക പങ്കാണുള്ളത്. രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിക്കാൻ നിർലോഭം പണമൊഴുക്കുന്നവരാണ് അവർ. അവർ നിയന്ത്രിക്കുന്ന നവമാധ്യമങ്ങൾ രാഷ്ട്രീയത്തിൽ ചെലുത്തുന്ന ദുഃസ്വാധീനത്തെപ്പറ്റി ഇന്ത്യക്കാർക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഗൂഗിളടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾവഴി സമാഹരിക്കുന്ന വ്യക്തിഗത വിവരങ്ങൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല സങ്കല്പാതീത കൊള്ളലാഭത്തിന്റെ വിശാലമായ കവാടങ്ങൾ കൂടിയാണ് അവർക്കുമുന്നിൽ തുറന്നിടുന്നത്. അത് പുതുതലമുറയുടെ മാനസികാരോഗ്യത്തിനും സമൂഹങ്ങളുടെ കെട്ടുറപ്പിനും ചെറുസംരംഭങ്ങളുടെ നിലനില്പിനും നേരെ ഉയർത്തുന്ന വെല്ലുവിളികൾ അവഗണിക്കാൻ കഴിയാത്തവിധം സമസ്ത സീമകളും ലംഘിക്കുന്നു. യുഎസ് നീതിന്യായ വ്യവസ്ഥയ്ക്കും ഭരണകൂടത്തിനും ഈ ആഗോള ഭീമന്മാർക്കെതിരെ എത്രദൂരം മുന്നോട്ട് പോകാനാവുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നവ സാങ്കേതികവിദ്യയുടെ ലോകത്തെ ഏറ്റവും വലിയ ഉപഭോക്താവായി ഉയർന്നുവരുന്ന ഇന്ത്യക്ക് യുഎസിൽനിന്നും യൂറോപ്പിൽനിന്നും പാഠം ഉൾക്കൊള്ളാനാവണം. ലോകത്തെ ഏറ്റവുംവലിയ ജനസഞ്ചയത്തെ സാങ്കേതികവിദ്യാ ചൂഷണത്തിന്റെ ഇരകളാക്കിമാറ്റാൻ അനുവദിച്ചുകൂടാ. അധാർമ്മിക കുത്തകവൽക്കരണത്തിനെതിരായ ഇന്ത്യയുടെ കോമ്പറ്റീഷൻ കമ്മിഷൻ സുഷുപ്തിയിൽനിന്നും ഉണർന്നെണീക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് യുഎസ് നൽകുന്ന സന്ദേശം. അതിനുള്ള നട്ടെല്ല് നമ്മുടെ നീതിന്യായ സംവിധാനത്തിനും കേന്ദ്ര ഭരണകൂടത്തിനും ഉണ്ടോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.