25 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

ഗോപാലൻ കുട്ടി മേനോൻ; അസാധാരണമായൊരു പോരാട്ട ജീവിതം

കെ കെ ജയേഷ്
കോഴിക്കോട്
April 16, 2023 11:20 pm

കേരളത്തിലെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായിട്ടാണ് മഹാത്മാഗാന്ധി 1934 ൽ പയ്യോളിയിലെത്തിയത്. ഇതേ ദിവസം ഗാന്ധിയ്ക്ക് കൊയിലാണ്ടി ഹൈസ്കൂൾ മൈതാനിയിൽ സ്വീകരണം ഏർപ്പാടാക്കിയിരുന്നു. ഉച്ചയ്ക്ക് നടക്കുന്ന സ്വീകരണ ചടങ്ങിന് ശേഷമാണ് ഗാന്ധിയ്ക്ക് പയ്യോളിയിലേക്ക് പോവേണ്ടത്. ആ ഭാഗത്തേക്ക് പിന്നെ വണ്ടിയുള്ളത് വൈകീട്ട് മാത്രം. അത്രയും സമയം അന്നത്തെ പന്തലായനി റെയിൽവേ സ്റ്റേഷനിലെ സെക്കന്റ് ക്ലാസ് വിശ്രമ മുറിയിൽ ഗാന്ധിജിയ്ക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കി. കെ കേളപ്പന്റെ നേതൃത്വത്തിലുള്ള സംഘാടകർ ഗാന്ധിയുടെ ശുശ്രൂഷയ്ക്ക് നിയോഗിച്ചത് എ ഗോപാലൻകുട്ടി മേനോൻ ഉൾപ്പെടെ മൂന്നു പേരെയായിരുന്നു. ലോകം ആദരിക്കുന്ന മഹാത്മാവിനൊപ്പം കുറേ മണിക്കൂറുകൾ ചെലവഴിക്കാനുള്ള അവസരം. കൈകാലുകൾ ഉഴിഞ്ഞുകൊടുത്തും പച്ചോല കൊണ്ടുള്ള വിശറി വീശിയും മേനോനും സുഹൃത്തുക്കളും ഗാന്ധിജിയെ പരിചരിച്ചു. സത്യസന്ധരായി ജീവിക്കാനും ഹിന്ദി പഠിക്കാനുമായിരുന്നു ഗാന്ധിജി അവരെ ഉപദേശിച്ചത്. ഈ സംഭവമാണ് ഗോപാലൻ കുട്ടി മേനോന്റെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവായത്. ഗാന്ധിജിയുടെ എളിമ നിറഞ്ഞ ജീവിതം മോനോൻ ജീവിതത്തിൽ പകർത്തി. ഒരിക്കലും കളവ് പറയില്ലെന്ന് തീർച്ചപ്പെടുത്തി. അധികാര സ്ഥാനങ്ങൾ മോഹിക്കാതെ, ത്യാഗ നിർഭരമായ ജീവിതം നയിച്ച് അദ്ദേഹം ഗാന്ധിയൻ കമ്മ്യൂണിസ്റ്റായി ജീവിതം നയിച്ചു.
തരിശുഭൂമി കൃഷിയ്ക്ക് കൊടുക്കുക എന്ന മുദ്രാവാക്യമുയർത്തി വടകര, കൊയിലാണ്ടി താലൂക്കുകൾ ഉൾപ്പെട്ട പഴയ കുറുമ്പ്രനാട് താലൂക്കിലെ കൃഷിക്കാർ സമരം ആരംഭിച്ചു. പേരാമ്പ്രയിലെ മുപ്പതിനായിരം ഏക്കർ വരുന്ന കൂത്താളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിൽ ആയിരുന്നു. ഇതിൽ ഇരുപതിനായിരം ഏക്കർ പുനം കൃഷിയ്ക്ക് യോജിച്ച സ്ഥലമായിരുന്നു. കൃഷി ഭൂമിയ്ക്കായി കർഷകർ സബ് കളക്ടർ ഓഫീസിലേക്ക് ജാഥ നടത്തി നിവേദനം സമർപ്പിച്ചു. പക്ഷെ നടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് കർഷകർ സർക്കാർ വക ഭൂമി കയ്യേറി. അതോടെ കർഷകരും പൊലീസും തമ്മിൽ വലിയ ഏറ്റുമുട്ടലുകളുണ്ടായി. 1947 ൽ 1500 ഏക്കർ സ്ഥലം കൃഷിയ്ക്കായി വിട്ടുകൊടുക്കാൻ സർക്കാർ തയ്യാറായെങ്കിലും സമരം തുടർന്നു. സമര നേതാവായിരുന്ന കെ ചോയി കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രശ്നം രൂക്ഷമായി. 55 ൽ 66 ദിവസം നീണ്ടു നിന്ന സമരത്തിന് ശേഷം കർഷകരുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയായിരുന്നു. എ കെ ജി, സി എച്ച് കണാരൻ, കെ എ കേരളീയൻ, എ വി കുഞ്ഞമ്പു, കേളു ഏട്ടൻ തുടങ്ങിയ മഹാരഥൻമാർ അണി നിരന്ന ഐതിഹാസിക സമരത്തിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തി അദ്ദേഹത്തിന്റെ മനസ്സിൽ എന്നുമുണ്ടായിരുന്നു. കൂത്താളി സമരത്തിൽ മാത്രമല്ല കുറുമ്പ്രനാട് താലൂക്കിലെ നിരവധി കാർഷിക സമരങ്ങളിലും ഭക്ഷ്യക്ഷാമത്തിനെതിരെയും അയിത്തത്തിനെതിരെയും നടന്ന പ്രക്ഷോഭങ്ങളിലും മേനോൻ മുന്നണിപ്പോരാളിയായിരുന്നു. നാട്ടിൽ പടർന്നു പിടിച്ച കോളറയെ നേരിടുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കൾ പ്രവർത്തിച്ചപ്പോൾ അവരുടെ മുൻനിരയിൽ ഗോപാലൻകുട്ടി മേനോനുമുണ്ടായിരുന്നു.
കേരള ചരിത്രത്തിൽ ചോരയിൽ മുങ്ങിയ ഇതിഹാസമാണ് 1948 ലെ ഒഞ്ചിയം. ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെയുള്ള പോരാട്ടത്തിൽ എട്ടു ധീര സഖാക്കളാണ് ഒഞ്ചിയത്ത് ധീര രക്തസാക്ഷിത്വം വരിച്ചത്. പിന്നീടു നടന്ന ക്രൂര മർദ്ദനത്തിൽ രണ്ടുപേരും മരണപ്പെട്ടു. ‘കൽക്കത്താ കോൺഗ്രസി‘ന്റെ വിശദീകരണത്തിനായി കമ്മ്യൂണിസ്റ്റുകാർ തിരഞ്ഞെടുത്ത യോഗസ്ഥലം ഒഞ്ചിയമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാൻ തീരുമാനിച്ചു. വിവരമറിഞ്ഞ പൊലീസ് നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്യാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു. പാർട്ടിയുടെ താലൂക്ക് കമ്മിറ്റി സെക്രട്ടറി എം കുമാരൻമാസ്റ്റർ ആയിരുന്നു. പി ആർ നമ്പ്യാരായിരുന്നു പാർട്ടി കോൺഗ്രസ്സ് തീരുമാനം റിപ്പോർട്ടുചെയ്യാൻ എത്തിയത്. ഏപ്രിൽ 30‑ന് അതിരാവിലെ ഏതാനും എം എസ് പിക്കാരോടുകൂടി പൊലീസ് മേധാവികൾ ഒഞ്ചിയത്തേക്ക് പുറപ്പെട്ടു. ക്രൂരമായ മർദ്ദനങ്ങളാണ് പിന്നീട് അരങ്ങേറിയത്. ധീരരായ നിരവധി സഖാക്കൾ കൊല്ലപ്പെട്ടു. അതുവരെ പ്രദേശത്തുണ്ടായിരുന്ന ഗോപാലൻ കുട്ടി മേനോനെ ഒരു സന്ദേശമറിയിക്കാൻ കേളു ഏട്ടൻ കൊയിലാണ്ടിയിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. ചോരയിൽ മുങ്ങിയ ഒഞ്ചിയം ഗോപാലൻകുട്ടി മോനോന്റെ നെഞ്ചിലൊരു വിങ്ങലായി. വെടിവെയ്പിന് ശേഷം മെയ് ദിനത്തിൽ കൊയിലാണ്ടി അങ്ങാടിയിലെ മൈതാനിയിൽ പാർട്ടി കൊടി ഉയർത്തി പ്രസംഗിച്ചതിന് അദ്ദേഹത്തിന് ക്രൂര മർദ്ദനം ഏൽക്കേണ്ടിവന്നു.
1940 സപ്തംബറിലാണ് ഇരുപത്തൊന്നാം വയസ്സിലാണ് മേനോൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കോൺഗ്രസ്സിലും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നുവെങ്കിലും കേരളത്തിന്റെ മാറ്റത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ പാർട്ടിയോടടുപ്പിച്ചത്. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി പലപ്പോഴും ഒളിവിൽ കഴിയേണ്ടിവന്നു. വ്യാജ പേരുകളിൽ സന്ദേശവാഹകനായി ഒളി സങ്കേതങ്ങളിലേക്ക് നടത്തിയ യാത്രകൾ ത്രസിപ്പിക്കുന്ന ഓർമ്മകളായി അദ്ദേഹത്തിന്റെ മനസിൽ എന്നുമുണ്ടായിരുന്നു. 1943 കാലഘട്ടത്തിലാണ് ഗോപാലൻകുട്ടി മേനോൻ കമ്മ്യൂൺ ലൈഫ് ആരംഭിച്ചത്. അന്നത്തെ വടകര താലൂക്ക് കുറുമ്പ്രനാട് കമ്മ്യൂണിൽ 28 പേരാണ് ഉണ്ടായിരുന്നത്. ഒന്നിച്ച് താമസിച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തനം നടത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. താമസം, ഭക്ഷണം പാകം ചെയ്യൽ, പ്രവർത്തനങ്ങൾക്ക് പോകൽ, ചർച്ചകൾ നടത്തൽ എല്ലാം ഒരുമിച്ച്. ഈ സംഘത്തിൽ രണ്ടു പേർ സ്ത്രീകളായിരുന്നു. പ്രിയദത്താ കല്ലാട്ടിന്റെ ജ്യേഷ്ഠത്തി ഉമാ അന്തർജ്ജനം, കെ പി ആർ ഗോപാലന് അഭയം കൊടുത്തതിന്റെ പേരിൽ വേട്ടയാടപ്പെട്ട മിസ്സിസ് ആരോൺ എന്നിവരായിരുന്നു കമ്മ്യൂണിലെ രണ്ട് സ്ത്രീകൾ. ഒ ജെ ജോസഫ്, കെ ജി വാര്യർ, കേളുഏട്ടൻ തുടങ്ങിയവരും കമ്മ്യൂണിൽ അംഗങ്ങളായിരുന്നു.
1945 ആയപ്പോൾ പാർട്ടിയിൽ ഇത്തരത്തിൽ മുഴുവൻ സമയ പ്രവർത്തനം ആവശ്യമില്ലെന്ന് കാട്ടി കമ്മ്യൂൺ പിരിച്ചുവിട്ടു. അതോടെ എല്ലാവരും പലവഴിക്ക് പിരിഞ്ഞെങ്കിലും പാർട്ടി പ്രവർത്തനം തുടർന്നു. പാർട്ടി പിളർപ്പിനെത്തുടർന്ന് അദ്ദേഹം സി പി ഐയിൽ ഉറച്ചുനിന്ന മേനോൻ ജനയുഗം മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. രോഗബാധിതനായതോടെ സജീവ പാർട്ടി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചെങ്കിലും അവസാന നിമിഷം വരെ പാർട്ടിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത്. മേനോന്റെ മരണത്തോടെ സംഭവബഹുലമായ, പോരാട്ട വീര്യം നിറഞ്ഞ ഒരു ജീവിതമാണ് അവസാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.