15 April 2025, Tuesday
KSFE Galaxy Chits Banner 2

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം

Janayugom Webdesk
തിരുവനന്തപുരം
April 5, 2025 10:23 pm

സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങൾക്കുള്ള തുക ഇനിമുതല്‍ ഡിജിറ്റലായി അടയ്ക്കാം. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ കഴിയുന്ന സംവിധാനം സജ്ജമായി. ബാക്കിയുള്ള ആശുപത്രികളിൽ ഒരു മാസത്തിനകം സൗകര്യം ഒരുക്കും. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ (ഗൂഗിൾ പേ, ഫോൺ പേ) മുതലായവ വഴി പണമടയ്ക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓൺലൈൻ ഒപി ടിക്കറ്റ്, എംഇ ഹെൽത്ത് ആപ്പ്, സ്കാൻ എൻ ബുക്ക് സംവിധാനങ്ങൾ എന്നിവയുടെ ഉദ്ഘാടനം നാളെ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള പിഒഎസ് ഉപകരണങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവയാണ് ലഭ്യമാക്കിയത്. 

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിൽ വരുന്ന എല്ലാ മോഡേൺ മെഡിസിൻ ആശുപത്രികളിലും ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതിന് മുൻകൂറായി ഒപി ടിക്കറ്റ് ഓൺലൈനായി എടുക്കാം. ഇതിന്റെ ആദ്യഘട്ടത്തിൽ ഇ‑ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള 687 ആശുപത്രികളും ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെയുള്ള 80 ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, അക്ഷയ കേന്ദ്രം എന്നിവ മുഖേന പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഒരു വ്യക്തിക്ക് യുഎച്ച്ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് തന്റെയും കുടുംബത്തിലെ അംഗങ്ങളുടേയും ചികിത്സാ വിവരങ്ങൾ, മരുന്ന് കുറിപ്പടികൾ, ലാബ് ടെസ്റ്റ് റിപ്പോർട്ടുകൾ മുതലായ ഡിജിറ്റൽ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുന്നതാണ് എംഇ ഹെൽത്ത് ആപ്പ്. ആൻഡ്രോയിഡ് ഫോണിൽ ഈ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഈ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് മുൻകൂറായി ഒപി ടിക്കറ്റ് എടുക്കാനുമാകും. സ്കാൻ എൻ ബുക്ക് സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് മുൻകൂറായി ടോക്കൺ എടുക്കാതെ വരുന്ന രോഗികൾക്ക് ക്യൂ ഇല്ലാതെ ടോക്കൺ എടുക്കാൻ കഴിയുന്നതാണ് സ്കാൻ എൻ ബുക്ക് സംവിധാനം. ആശുപത്രിയിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യുആർ കോഡ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഒപി ടിക്കറ്റ് ഓൺലൈനായെടുക്കാൻ ഇതിലൂടെ സാധിക്കും. ഇതുവഴി റിസപ്ഷനിൽ ക്യൂ നിൽക്കാതെ ഡോക്ടറുടെ സേവനവും തേടാം. 

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.