24 September 2024, Tuesday
KSFE Galaxy Chits Banner 2

ഇരട്ടവീടുകൾ ഒറ്റ വീടാക്കൽ പദ്ധതി ആരംഭിച്ചു; സ്വന്തം വീടെന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് ഒപ്പമാണ് സർക്കാർ: മന്ത്രി

Janayugom Webdesk
തൃശൂർ
May 14, 2022 8:55 pm

സ്വന്തമായി വീടെന്ന ഓരോ സാധാരണക്കാരന്റെയും സ്വപ്ന സാക്ഷാത്കരണത്തിന് കൂടെ നിൽക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. മുഴുവൻ കുടുംബത്തിനും സ്വന്തമായി വീടുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. എം എൻ ലക്ഷം വീട് ഇരട്ടവീടുകൾ ഒറ്റ വീടാക്കൽ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മാടക്കത്തറ, മാറ്റാംപുറത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. മനസോടിത്തിരി മണ്ണ് പദ്ധതി പ്രകാരം ഭൂമി നൽകിയാൽ ഭൂരഹിതർക്ക് സ്വന്തമായി ഭൂമിയും വീടും എന്ന ലക്ഷ്യം നിറവേറ്റാനാകുമെന്നും മന്ത്രി പറഞ്ഞു.

ഇരട്ടവീടുകൾ ഒറ്റ വീടാക്കി നൽകാമെന്ന മാറ്റാംപുറം ലക്ഷംവീട് കോളനിയിലെ കുടുംബങ്ങൾക്ക് നൽകിയ വാക്ക് സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ നടപ്പിലാക്കാൻ കഴിഞ്ഞതായും പദ്ധതിക്ക് അമ്പതുവര്‍ഷം തികയുന്ന ദിനത്തില്‍ ഇതിന് തുടക്കംകുറിക്കാന്‍ കഴിഞ്ഞതിനാല്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 165 കുടുംബങ്ങളുടെ സ്വപ്നമാണ് എം എൻ ഭവന നിർമ്മാണ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്. കാലങ്ങളായി ഒരു ഭിത്തിക്ക് അപ്പുറവും ഇപ്പുറവുമായി കഴിഞ്ഞിരുന്ന ലക്ഷംവീട് കോളനി കുടുംബങ്ങൾക്ക് എം എൻ ഭവന നിർമ്മാണ പദ്ധതിയിലൂടെ പുതിയമുഖം. പദ്ധതി പ്രകാരം ജില്ലയിൽ 99 ഒറ്റവീടുകളാണ് പുനർനിർമ്മിക്കുന്നത്.

കാലപ്പഴക്കവും അസൗകര്യവും കൊണ്ട് ദുരിതത്തിലായ കുടുംബങ്ങൾക്കാണ് ഒറ്റവീട് പദ്ധതി ആശ്വാസമാകുന്നത്.

കാസർകോട്-16, കണ്ണൂർ‑26, മലപ്പുറം-10, പത്തനംതിട്ട‑14 വീതം ഒറ്റവീടുകളാണ് നിർമ്മിക്കുന്നത്. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് സ്പെഷ്യൽ ബംബർ ലോട്ടറി നടത്തി സമാഹരിച്ച 6,16,63,260 രൂപ വിനിയോഗിച്ചാണ് വീടുകളുടെ പുനർനിർമ്മാണവും ഇരട്ടവീടുകൾ ഒറ്റവീടാക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നത്. ഗുണഭോക്താക്കൾക്ക് നാല് ഗഡുക്കളായി 4 ലക്ഷം രൂപ വീതം നൽകും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ ഹരിത വി കുമാർ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ, ഭവന നിർമ്മാണ ബോർഡ് മെമ്പർ ഗീത ഗോപി, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Gov­ern­ment is with the dream of the com­mon man to have his own home: Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.