26 October 2024, Saturday
KSFE Galaxy Chits Banner 2

സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 16, 2022 10:52 pm

ഭൂമി സംബന്ധമായ സേവനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിനായി റവന്യു വകുപ്പ് നടപ്പിലാക്കുന്ന ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റവന്യു വകുപ്പിന്റെ പ്രവർത്തനത്തിലെ ചെറിയ മാറ്റങ്ങൾപോലും ജനങ്ങൾക്കിടയിൽ വലിയ തോതിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ വകുപ്പിനെ നവീകരിക്കുകയെന്നത് സർക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമാക്കുന്ന നടപടികൾക്ക് പ്രാധാന്യം നൽകണം. മതിയായ ഭൂരേഖകൾ ലഭ്യമാകാത്തതിനാൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കണം. കൈവശാവകാശ രേഖകൾ കൃത്യതയോടെയും സുതാര്യതയോടെയും ലഭ്യമാക്കണം. ഭൂമി തരംമാറ്റുന്നതു സംബന്ധിച്ച കാലതാമസം ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരമായി തരംമാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനാക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ഭൂരേഖ ലഭ്യമാക്കുന്നതു സംബന്ധിച്ച് നിലവിലുള്ള പ്രശ്നങ്ങൾ ഇത്തരം ഇടപെടലുകളിലൂടെ പരിഹരിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്കു മതിയായ രേഖകളില്ലാത്തവരെ കണ്ടെത്താനും ഭൂരേഖ ലഭ്യമാക്കാനുമാണ് സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനായി. നാല് വർഷംകൊണ്ട് കേരളത്തിൽ സമ്പൂർണ ഡിജിറ്റൽ ഭൂസർവേ നടപടികൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആദ്യ യുണീക് തണ്ടപ്പേർ രസീത് ഗതാഗത മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയായി.

ഭൂരേഖകൾ കൃത്യവും സുരക്ഷിതവുമാകും

ഭൂരേഖകൾ കൃത്യവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാൻ ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ സഹായിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കർഷകർക്ക് വിള ഇൻഷുറൻസ്, കാർഷിക സബ്സിഡികൾ തുടങ്ങിയവ ലഭിക്കുന്നതിന് ഉണ്ടാകുന്ന തടസങ്ങൾ പരിഹരിക്കാൻ കഴിയും.

Eng­lish summary;Government ser­vices will be improved with the help of tech­nol­o­gy: CM

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.