കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചാരവിവാദത്തില്‍. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നതായി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ കമ്പനി പ്രതിപക്ഷ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഫോണിലൂടെ കൈമാറപ്പെടുന്ന വിവരങ്ങള്‍ നല്‍കുന്ന ആളിനും ലഭിക്കുന്നയാളിനും അപ്പുറം (എന്റ് ടു എന്റ്) മറ്റൊരാള്‍ക്കും ലഭിക്കില്ലെന്ന് ഐ ഫോണ്‍ അവകാശപ്പെടുന്നു.
എന്നാല്‍ തങ്ങളുടെ സാങ്കേതിക വിദ്യ മറികടക്കാന്‍ ഭരണകൂട പിന്തുണയോടെ ഹാക്കര്‍മാര്‍ ശ്രമം നടത്തുന്നുവെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ വന്‍തോതില്‍ പണം ചിലവഴിച്ച് അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ മുഖേന നീക്കം നടത്തുകയാണെന്ന ആശങ്ക ഇതിലൂടെ ശക്തിപ്പെട്ടു. എംപിമാരായ മഹുവ മൊയ്ത്ര, പ്രിയങ്ക ചതുര്‍വേദി, രാഘവ് ഛദ്ദ, ശശി തരൂര്‍, പവന്‍ ഖേര, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ദി വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, മാധ്യമപ്രവര്‍ത്തകരായ ശ്രീറാം കാരി, സമീര്‍ സരണ്‍ തുടങ്ങിയവര്‍ മുന്നറിയിപ്പ് ലഭിച്ചവരില്‍ ഉള്‍പ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സ്ഥിരം വിമര്‍ശനം ഉന്നയിക്കുന്ന നേതാക്കളെയാണ് ഹാക്കര്‍മാര്‍ കൂടുതലായി ലക്ഷ്യംവച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മൂന്നു ജീവനക്കാരുടെ ഫോണുകളും ചോര്‍ത്തി. ഹാക്ക് ചെയ്താല്‍ ഫോണിലെ നിര്‍ണായക വിവരങ്ങളും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പിള്‍ അയച്ച ഇ‑മെയില്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കര്‍മാരാണ് ചോര്‍ത്തലിന് പിന്നിലെന്ന് തങ്ങളുടെ മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന് ആപ്പിള്‍ പിന്നീട് വിശദീകരിച്ചു. നോട്ടിഫിക്കേഷന്‍ തെറ്റായ മുന്നറിയിപ്പാകാമെന്ന സൂചനയും ആപ്പിള്‍ നല്‍കി. ഹാക്കര്‍മാര്‍ രീതി മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആപ്പിള്‍ വ്യക്തമാക്കുന്നു.
നേരത്തെ ഇസ്രയേലി ചാര സോഫ്‌റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന വിവാദം പാര്‍ലമെന്റില്‍ വിവാദമായതിന് പുറമേ സുപ്രീം കോടതി വരെ എത്തിയിരുന്നു. ആപ്പിളിന്റെ പുതിയ മുന്നറിയിപ്പോടെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തെത്തി. അതേസമയം ആപ്പിള്‍ ഇത്തരമൊരു മുന്നറിയിപ്പു സന്ദേശം 150 രാജ്യങ്ങളില്‍ നല്‍കിയിട്ടുണ്ടെന്നും ഇതിന് പിന്നില്‍ തെറ്റായ വിവരങ്ങളോ ബോധ്യപ്പെടലുകളോ ആകാമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കമ്പനിയോടും സന്ദേശം ലഭിച്ചവരോടും അന്വേഷണവുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചതായും മന്ത്രി പറഞ്ഞു.
English Summary: central government tried to hack phones India opposition members
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.