28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 28, 2025
April 27, 2025
April 26, 2025
April 25, 2025
April 14, 2025
April 12, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025

പാര്‍ലമെന്റിലെ ജനാധിപത്യ ഹത്യ

Janayugom Webdesk
March 17, 2023 5:00 am

മൂന്നു ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ പിരിയുന്ന സ്ഥിതിയാണ്. സമ്മേളനം തടസപ്പെടുത്തുന്നതിന് മുഖ്യ കാരണക്കാര്‍ ഭരണപക്ഷക്കാരാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഫെബ്രുവരിയില്‍ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിപക്ഷം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട വിഷയം അഡാനിയുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയത് വ്യാജമായാണ് എന്ന് വ്യക്തമാക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടായിരുന്നു. ഇരുസഭകളിലും ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയില്ല എന്നുമാത്രമല്ല പ്രധാനമന്ത്രി സംസാരിച്ചപ്പോള്‍ അതുസംബന്ധിച്ച് മിണ്ടിയതുപോലുമില്ല. പ്രതിപക്ഷം പ്രസ്തുത വിഷയത്തെക്കുറിച്ച് സംസാരിച്ചതും നടത്തിയ പരാമര്‍ശങ്ങളും രേഖയില്‍ നിന്ന് നീക്കുന്ന സമീപനവും സഭാധ്യക്ഷന്മാര്‍ സ്വീകരിച്ചു. രാജ്യസഭാ അധ്യക്ഷന്‍ ജഗ്‌ദീപ് ധന്‍ഖര്‍ ഒരു പടികൂടി കടന്ന് അഡാനിയെന്ന പേരുച്ചരിക്കുന്നതുപോലും അവകാശലംഘനമായി പ്രഖ്യാപിച്ചു. അങ്ങനെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിലാണ് ആദ്യഘട്ടം അവസാനിച്ചത്. എന്നാല്‍ രണ്ടാം ഘട്ടം ആരംഭിച്ചതു മുതല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് ചോദിക്കണമെന്ന ആവശ്യമുന്നയിച്ച് ഭരണപക്ഷം തന്നെ എല്ലാ ദിവസവും ബഹളമുണ്ടാക്കുകയും നടപടികള്‍ തടസപ്പെടുത്തുകയും ചെയ്യുകയുമാണ്.

മന്ത്രിമാര്‍ തന്നെയാണ് ഇതിന് നേതൃത്വം നല്കുന്നത്. കഴിഞ്ഞ സഭാ സമ്മേളനത്തിന് ശേഷം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യവിരുദ്ധമാണെന്ന് പറഞ്ഞാണ് മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചതായിരുന്നു രാഹുലിന്റെ പരാ‍മര്‍ശങ്ങളില്‍ പ്രധാനം. പെഗാസസിനെ കുറിച്ചും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് ബിജെപി അനുവദിച്ചിരുന്നില്ല. എന്തെങ്കിലും വിശദീകരണം ഔദ്യോഗികമായി നല്കാനും തയ്യാറായില്ല. ഇന്ത്യയുടെ മതേതരത്വം തകര്‍ക്കപ്പെടുന്നതും അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുള്‍പ്പെടെയുള്ള പങ്കുമായിരുന്നു രാഹുല്‍ പരാമര്‍ശിച്ച മറ്റൊരു വിഷയം. മതന്യൂനപക്ഷങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടെ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നങ്ങളും പരാമര്‍ശ വിഷയങ്ങളായി. ഇന്നലെ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ വിദേശ വിദ്യാര്‍ത്ഥികളോടും മാധ്യമങ്ങളോടും എന്താണ് പറഞ്ഞതെന്ന് രാഹുല്‍ ഒരിക്കല്‍കൂടി വ്യക്തമാക്കിയിട്ടുണ്ട്. “ഇന്ത്യൻ ജനാധിപത്യം സമ്മർദത്തിലാണെന്നും ആക്രമണത്തിനിരയായെന്നും നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ഈ രാജ്യത്തെ ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ അത്തരം വിഷയങ്ങള്‍ ഉന്നയിക്കുകയെന്നത് ചുമതലയാണ്. ജനാധിപത്യത്തിന്റെ നടത്തിപ്പിന് ആവശ്യമായ സ്ഥാപനപരമായ ചട്ടക്കൂട് പാർലമെന്റ്, സ്വതന്ത്ര മാധ്യമങ്ങൾ, ജുഡീഷ്യറി തുടങ്ങിയവയാണ്. അവയെല്ലാം വെല്ലുവിളികള്‍ നേരിടുകയാണ്.


ഇതുകൂടി വായിക്കൂ: നിയമസഭയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കം അപലപനീയം


ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് നേരെയുള്ള ആക്രമണം നേരിടുന്നുവെന്നാണ് അതില്‍ നിന്ന് മനസിലാക്കേണ്ടത്.” എന്നാണ് രാഹുല്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളെ വിശദീകരിച്ചത്. ഇന്ത്യയിലുള്ള പ്രതിപക്ഷ നേതാക്കള്‍ മാത്രമല്ല സാര്‍വദേശീയ മാധ്യമങ്ങളും ഉന്നയിക്കുന്നവയാണ് ഈ വിഷയങ്ങള്‍ എല്ലാം. ആഗോളതലത്തില്‍ നടന്ന എത്രയോ സര്‍വേകളില്‍ അഭിപ്രായ സ്വാതന്ത്ര്യം, ന്യൂനപക്ഷ സുരക്ഷ, ജനാധിപത്യ സംവിധാനം എന്നിവയിലെല്ലാം വെല്ലുവിളികള്‍ നേരിടുന്ന രാജ്യമായാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനാധിപത്യം നിലവിലുള്ള സ്വേച്ഛാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന വിലയിരുത്തല്‍ പോലും ആഗോള ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഈയൊരു പശ്ചാത്തലമുള്ളപ്പോള്‍ രാഹുല്‍ പറഞ്ഞതിലെ ദേശവിരുദ്ധതയെന്താണെന്ന് വ്യക്തമാക്കേണ്ടത് ബിജെപിയാണ്. അതിനവര്‍ തയ്യാറാകുന്നില്ല. എന്നുമാത്രമല്ല ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിളിക്കുന്ന പാര്‍ലമെന്റിനെ ഓരോ ഘട്ടത്തിലും നോക്കുകുത്തിയാക്കുകയുമാണ് അവര്‍.

ഇപ്പോള്‍ രാഹുലിനോട് മാപ്പ് പറയാനാവശ്യപ്പെട്ട് സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്ന ഭരണ കക്ഷിയുടെ നടപടി ഉന്നത ജനാധിപത്യവേദിയോടുള്ള അവരുടെ സമീപനം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല അഡാനി — മോഡി ബന്ധവും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ലമെന്റ് അംഗങ്ങള്‍ നടത്തിയ ഇഡി ഓഫിസ് മാര്‍ച്ചിനോട് സ്വീകരിച്ച സമീപനവും ജനാധിപത്യപരമായ പ്രതിഷേധത്തെ പോലും അംഗീകരിക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാടാണ് വ്യക്തമാക്കുന്നത്. അഡാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ആസ്ഥാനത്തേക്കുള്ള മാര്‍ച്ച് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും ആരംഭിക്കുമ്പോള്‍ വന്‍ പൊലീസ് സന്നാഹം ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. സാധാരണ നിലയില്‍ മാര്‍ച്ച് സ്ഥാപനത്തിന്റെ അരികിലെത്തുമ്പോള്‍ നിശ്ചിത അകലത്തില്‍ തടയുകയാണ് പതിവ്. എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തിനു ചുറ്റും നിരോധനാജ്ഞ നിലനില്‍ക്കുന്നു എന്ന കാരണത്താല്‍ മാര്‍ച്ച് നടത്താന്‍ അനുവദിക്കാനാകില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. ഓരോ ദിവസവും ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന നിലപാടുകള്‍ പാര്‍ലമെന്റില്‍ പോലും അനുവര്‍ത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.