1 January 2026, Thursday

Related news

December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
August 26, 2025
August 5, 2025
August 1, 2025

അങ്ങനെ കഴുതകളും ഉന്നതപദവിയിലെത്തി!

ദേവിക
വാതിൽപ്പഴുതിലൂടെ
November 13, 2023 4:45 am

ഈ കഥ കേള്‍ക്കുന്നവര്‍ അത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചാണെന്ന് തെറ്റിദ്ധരിക്കരുത്. കഥയിങ്ങനെ: ഭരിച്ചു ബോറടിച്ചപ്പോള്‍ ഇനി തെല്ല് വിനോദമാകാമെന്ന് രാജാവിന് തോന്നി. മീന്‍പിടിത്തം തന്നെയാകട്ടെയെന്ന് രാജ്ഞി. തെളിനീരില്‍ തുള്ളിക്കളിക്കുന്ന മത്സ്യങ്ങള്‍. തെളിഞ്ഞ കാലാവസ്ഥ. എന്നാലും ആസ്ഥാന കാലാവസ്ഥാ ശാസ്ത്രജ്ഞനോടുകൂടി ഒന്നു ചോദിച്ചുകളയാം. നല്ല കാലാവസ്ഥയായിരിക്കും. മീനുകള്‍ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും കാല്‍ക്കല്‍ വന്നുവീഴും. അടിച്ചുപൊളിച്ചാലും തിരുമേനീ എന്ന് വിദഗ്ധന്റെ പ്രവചനം. പക്ഷെ രാജാവ് പരിവാരസമേതം നദീതീരത്തെത്തിയപ്പോള്‍ തലയറഞ്ഞു പെയ്യുന്ന മഴ. ഇടിയും മിന്നലും. ഭയന്നുവിറച്ച രാജാവും രാജ്ഞിയും ഒരുവിധം കൊട്ടാരത്തിലെത്തി. തലയൊന്നു തോര്‍ത്താതെ ആദ്യം ചെയ്ത പണി ആസ്ഥാന കാലാവസ്ഥാ ശാസ്ത്രജ്ഞനെ പിരിച്ചുവിടലായിരുന്നു. മഴയ്ക്കു മുമ്പുതന്നെ പണി മതിയാക്കി കഴുതപ്പുറത്ത് വീടണയുന്ന ഒരു മുക്കുവനെ രാജാവ് കണ്ടിരുന്നു. രാജാവ് അയാളെ ദൂതന്മാരെ അയച്ച് വിളിച്ചുവരുത്തി ആസ്ഥാന കാലാവസ്ഥാ ശാസ്ത്രജ്ഞനായി നിയമിച്ചു. മുക്കുവന്‍ രാജാവിനോട് താണുകേണു പറഞ്ഞു, തമ്പുരാനെ എനിക്ക് കാലാവസ്ഥയെക്കുറിച്ച് ഒരു ചുക്കുമറിയില്ല. എന്റെ കഴുതയാണ് എനിക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നത്. ഇവന്‍ കാതുകള്‍ താഴ്ത്തിയാല്‍ മഴയെത്താന്‍ പോകുന്നുവെന്ന മുന്നറിയിപ്പായി. ചെവികള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ പ്രസന്നമായ കാലാവസ്ഥയെന്ന് ഉറപ്പാക്കാം.

സംപ്രീതനായ രാജാവ് അനന്തരം ഗര്‍ദഭത്തെ തന്റെ ആസ്ഥാന കാലാവസ്ഥാശാസ്ത്രജ്ഞനായി ഭാരിച്ച ശമ്പളത്തില്‍ നിയമിച്ചുവെന്നാണ് കഥ. അന്നുമുതലാണ് കഴുതകളെ ഉന്നതപദവികളില്‍ നിയമിച്ചതെന്നാണ് നാട്ടായ്മ. ഇക്കഥ കേട്ടാണ് നമ്മുടെ ഗവര്‍ണറെയും ഉന്നതപദവിയില്‍ ചെല്ലും ചെലവും നല്‍കി നിയമിച്ചതെന്ന് തെറ്റദ്ധരിക്കരുത്. മിനിഞ്ഞാന്നല്ലേ അദ്ദേഹം പറഞ്ഞത് കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ധൂര്‍ത്തിന് ഒരു കുറവുമില്ലെന്ന്. ഇന്നലെ ഗവര്‍ണര്‍ സാഹിബ് സര്‍ക്കാരിന് നല്‍കിയ കത്താകട്ടെ ധൂര്‍ത്തിന്റെ ഒരു ധവളപത്രവും. അതിഥി സല്‍ക്കാരത്തിന് ഇപ്പോഴുള്ള തുകയുടെ മുപ്പത്താറിരട്ടി അനുവദിക്കണം. തന്റെ സ്ഥിരം സഞ്ചാരങ്ങള്‍ക്ക് നൂറിരട്ടി തുക വേണം. രാജ്‌ഭവനിലെ തന്റെയും പരിവാരങ്ങളുടെയും ഭക്ഷണത്തിന് പത്തിരട്ടി പെെസ വേണം. ഈ കണക്കുകള്‍ കേട്ടാല്‍ തോന്നും രാജ്ഭവന്റെ മുന്നിലൂടെ പോകുന്നവരെയെല്ലാം കവാടത്തിലിറങ്ങി നിന്ന് വാ, ഉണ്ടിട്ട് പോകാമെന്ന് ഗവര്‍ണര്‍ ക്ഷണിക്കുന്നുവെന്ന്. നാല് മണിയാകുമ്പോള്‍ കവടിയാറിലെത്തി ആള്‍ക്കാരെ ക്ഷണിക്കും. വാ, ഒരു ചായയും കടിയും കഴിച്ചിട്ട് പോകാമെന്ന്. പിന്നെയും എന്തെല്ലാം സല്‍ക്കാര ചെലവുകള്‍. ഗാന്ധിജിയുടെയും അയ്യന്‍കാളിയുടെയും പട്ടം താണുപിള്ളയുടെയും അക്കാമ്മ ചെറിയാന്റെയും വയലാറിന്റെയും ജി ദേവരാജന്റെയും മഹാകവി ഉള്ളൂരിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും വേലുത്തമ്പിദളവയുടെയും മാധവരായരുടെയും പ്രതിമകള്‍ക്കു മുന്നില്‍ എല്ലാ ദിവസവും രാവിലെ മട്ടനും ചപ്പാത്തിയും ഉച്ചയ്ക്ക് ഇലയിട്ട് ഊണും നല്‍കുന്നതിന് ചെലവില്ലേ എന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്. ഇതിന്റെയെല്ലാം ചെലവ് വെയ്‌‌ രാജാ വെയ് എന്നാണ് കത്ത്. ഇല്ലെങ്കില്‍ ബില്ലുകളില്‍ ഒപ്പിടില്ലത്രെ. എന്നുവച്ച് ഗവര്‍ണര്‍ തമ്പുരാന്‍ ഈ പദവിയിലെത്തിയത് കഥയിലെ കഴുതയെപ്പോലെയാണെന്ന് ആരും ധരിച്ചുകളയരുതേ.


ഇതുകൂടി വായിക്കൂ:ഇല്ലാത്ത അധികാരം കൈയാളുന്നവര്‍ 


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊഴികെ ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും കയറിയിറങ്ങി ഭാഗ്യം പരീക്ഷിച്ച അധ്വാനശാലിയാണ്. അണുഗുണ്ട് മിഠായിക്കു വേണ്ടിപ്പോലും മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ക്കുന്ന വഴക്കാളി. ഇത്രയേറെ ഗുണഗണങ്ങളുള്ള ‘സര്‍വാദരണീയ’നായ ഗവര്‍ണറെ എങ്ങനെ കഥയിലെ കഴുതയോട് ഉപമിക്കാനാവും. കഴിഞ്ഞ ദിവസം ഒരു പുരാരേഖ കാണാനിടയായി. അഭയാര്‍ത്ഥിയായി പലസ്തീനിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് യഹൂദരിലൊരാള്‍ക്ക് 1923ല്‍ അഭയം നല്‍കിയ രേഖ. പലസ്തീനെ മാന്തിമാന്തി അവര്‍ ഇസ്രയേല്‍ എന്ന വാഗ്ദത്ത ഭൂമിയുണ്ടാക്കി; സ്വന്തം രാജ്യമാക്കി. അഭയം നല്‍കിയ പലസ്തീനികളെ ഇന്ന് അഭയാര്‍ത്ഥികളാക്കി അടിച്ചോടിക്കുകയാണ് യഹൂദരും ഇസ്രയേലും. കൂടാരത്തില്‍ മഴനനയാതെ തെല്ല് ഇടം നല്‍കിയ‍ അറബിയെ ചവിട്ടിപ്പുറത്താക്കിയ ഒട്ടകത്തെപ്പോലെയായി ഇസ്രയേല്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇസ്രയേലി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത് 4412 പിഞ്ചുകുഞ്ഞുങ്ങള്‍. ഓരോ പത്ത് മിനിറ്റിലും ഓരോ കുഞ്ഞുങ്ങളെ ഇസ്രയേല്‍ അരുംകൊല ചെയ്യുന്നു. പിറന്നുവീണ കുഞ്ഞുങ്ങളെ ആശുപത്രി വളപ്പുകളില്‍ വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന ഉള്ളു നടുക്കുന്ന ദൃശ്യങ്ങള്‍; ‘ഓരോ ശിശുരോദനത്തിലും കേള്‍പ്പുനാം ഒരു കോടി ഈശ്വര വിലാപം.’ യഹൂദര്‍പോലും ഇസ്രയേലിന്റെ കൊടിയ വംശഹത്യക്കെതിരെ പ്രതിഷേധജ്വലകള്‍ സംഘടിപ്പിക്കുന്നു. മനുഷ്യരാശിക്കെതിരായ ഈ കൊടുംക്രൂരതയ്ക്കെതിരെ ലോകമനഃസാക്ഷിയുടെ രോഷമിരമ്പുമ്പോള്‍ നമുക്കുമാത്രം എന്തേ പലസ്തീന്‍ ഒരു രാഷ്ട്രീയ വിഷയമായി ചുരുങ്ങിപ്പോകുന്നത്? ‘കാറ്റുള്ളപ്പോള്‍ തൂറ്റുക’ എന്ന ചൊല്ലിനനുസരിച്ച് ജീവിക്കണമെന്നാണല്ലോ ചൊല്ല്. ഇന്ത്യയുടെ മീഡിയം ഫാസ്റ്റ് ബൗളിങ് ഇതിഹാസമായി മാറിക്കൊണ്ടിരിക്കുന്ന മുഹമ്മദ് ഷമിയാണ് ഇത്തവണത്തെ ലോകക്രിക്കറ്റ് മാമാങ്കത്തിലെ താരോദയം. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഷമി. ഇതു കണ്ടതോടെ ബോളിവുഡ് നടി പായല്‍ ഘോഷിന് ഒരു മോഹം. ഷമിയെ നിക്കാഹ് കഴിക്കണം.

രാംദാസ് അത്താവാലയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് പായല്‍. ഷമിയിലൊന്ന് പായല്‍ പോലെ പിടിക്കാന്‍ പായലിനിത് ഒത്ത സമയം. ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായിട്ട് കുറേക്കാലമായി. ഷമിയും ഭാര്യയും വെവ്വേറെ വസതികളിലാണിപ്പോള്‍ താമസം. ഏകമകള്‍ മാതാവിനൊപ്പം. ഭാര്യ വിവാഹമോചനത്തിന് വക്കീല്‍ നോട്ടീസും നല്‍കിയിരിക്കുന്നു. ആകെ ജഗപൊഗ. ഈ കലാപത്തിനിടെ നുഴഞ്ഞുകയറി ഷമിയെ ഭര്‍ത്താവാക്കാന്‍ ആഞ്ഞുപിടിക്കുകയാണ് പായല്‍. ഇതേപോലെ കാറ്റത്ത് തൂറ്റാന്‍ ശ്രമിച്ച ഉത്തരേന്ത്യയിലെ ഒരു പ്രശസ്ത സര്‍വകലാശാലയിലെ വനിതാ പ്രൊഫസറെ ഡല്‍ഹി ഹെെക്കോടതി കഴിഞ്ഞ ദിവസം നിര്‍ത്തിപ്പൊരിച്ചു. അവര്‍ നല്‍കിയ വഞ്ചനാക്കേസ് തള്ളുകയും ചെയ്തു. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ പ്രൊഫസര്‍ക്ക് കിട്ടിയത് ശിഷ്യന്‍. ഗുരുവിന് പ്രായം 38. ശിഷ്യന് പ്രായം 20. ഇരുവരും ലെെംഗികവേഴ്ചയിലായി. രണ്ടുതവണ ഗര്‍ഭം ധരിച്ചു. ആദ്യത്തേത് അലസിപ്പിച്ചു. രണ്ടാമതും ഗര്‍ഭിണിയായതോടെ ചെക്കന്‍ കൂളായി മുങ്ങി. പയ്യന്‍ തന്നെ വഞ്ചിച്ചുവെന്ന പരാതി കേട്ടതോടെ, ലെെംഗികവേഴ്ചയിലായാല്‍ ഗര്‍ഭിണിയാകുമെന്ന് മനസിലാക്കാന്‍ പ്രൊഫസര്‍ പദവിയൊന്നും വേണ്ട എന്ന് കോടതി. കേസും തള്ളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.