22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 24, 2024

മഹാരാഷ്ട്രയിലും ഗവര്‍ണര്‍ പ്രതിസന്ധി

ഛത്രപതി ശിവജിയെക്കുറിച്ചുള്ള പ്രസ്താവന തിരിച്ചടിച്ചു
കോഷിയാരിയെ മാറ്റണമെന്ന് ഷിന്‍ഡേ വിഭാഗവും
Janayugom Webdesk
മുംബൈ
November 21, 2022 9:01 pm

മഹാരാഷ്ട്രയിലും ഗവര്‍ണര്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വിഭാഗം രംഗത്തുവന്നു. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങളാണ് സഖ്യ സര്‍ക്കാരിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഗവർണറെ സംസ്ഥാനത്തുനിന്നും പുറത്തേക്ക് മാറ്റണമെന്ന് ഷിന്‍ഡെ പക്ഷത്തുള്ള ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്‌ക്‌വാദ് പറഞ്ഞു. മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയെക്കുറിച്ച് നേരത്തെയും ഗവര്‍ണര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ബുല്‍ധാന മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഗെയ്‌ക്‌വാദ് ചൂണ്ടിക്കാട്ടി.

ശിവാജിയുടെ ആദർശങ്ങൾക്ക് ഒരിക്കലും പ്രായമില്ലെന്നും ലോകത്തെ മറ്റൊരു മഹാനായ വ്യക്തിയുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്താനാവില്ലെന്നും ഗവർണർ മനസിലാക്കണം. സംസ്ഥാനത്തിന്റെ ചരിത്രവും അതിന്റെ പ്രവർത്തനരീതിയും അറിയാത്ത ഒരാളെ മറ്റെവിടെയെങ്കിലും അയയ്ക്കണമെന്നാണ് കേന്ദ്രത്തിലിരിക്കുന്ന ബിജെപി നേതാക്കളോടുള്ള അഭ്യര്‍ത്ഥനയെന്നും എംഎല്‍എ പറഞ്ഞു.
ഔറംഗാബാദില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും ഡി ലിറ്റ് ബിരുദം നൽകിയ ശേഷം ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിലേക്ക് നയിച്ചത്. ഛത്രപതി ശിവാജി മഹാരാജ് പഴയ കാലത്തിന്റെ ആദർശമാണ്, ഇപ്പോൾ നിതിൻ ഗഡ്കരിയാണ് ആദർശം എന്നായിരുന്നു കോഷിയാരിയുടെ പരാമര്‍ശം.

ഗവര്‍ണറുടെ പരമാര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ എന്‍സിപി സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ നടത്തിവരികയാണ്. പൂനെയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം ഉയര്‍ത്തി മുണ്ട് അഴിച്ചുമാറ്റി പ്രതിഷേധ പ്രകടനം നടത്തി. ഗവര്‍ണറെ രണ്ട് ദിവസത്തിനകം മാറ്റിയില്ലെങ്കില്‍ അദ്ദേഹം എത്തുന്ന എല്ലാവേദികളിലും പ്രതിഷേധിക്കുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം മുന്നറിയിപ്പ് നല്‍കി. ഗുജറാത്തികളെയും രാജസ്ഥാനികളെയും പുറത്താക്കിയാൽ മഹാരാഷ്ട്രയ്ക്ക് സാമ്പത്തിക മൂലധനം ഉണ്ടാകില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന നേരത്തെ വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്തെത്തി.

ശിവജി മാപ്പപേക്ഷയുടെചക്രവര്‍ത്തി: ബിജെപി

മുംബൈ: ശിവജി അഞ്ചുതവണ ഔറംഗസേബിനോട് മാപ്പുപറഞ്ഞുവെന്ന് ബിജെപി ദേശീയ വക്താവ് സുധാന്‍ഷു ത്രിവേദി. ഗവര്‍ണര്‍ കോഷിയാരിയുടെ പ്രസ്താവന വിവാദമായതിനോടുള്ള നേതാവിന്റെ പ്രതികരണം സംസ്ഥാന രാഷ്ട്രീയത്തില്‍ മറ്റൊരു കൊടുങ്കാറ്റായി മാറിയിട്ടുണ്ട്. ബിജെപി മുന്‍ എംപിയും ശിവജിയുടെ പിന്മുറക്കാരനുമായ ഛത്രപതി സാംഭാജിരാജെ ഉള്‍പ്പെടെയുള്ളവര്‍ ത്രിവേദിക്കെതിരെ രംഗത്തെത്തി. അതേസമയം പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. സൂര്യനും ചന്ദ്രനുമുള്ളിടത്തോളം ശിവജി മറാത്തയുടെ ആരാധനാപുരുഷനാണെന്ന് ഫഡ്നാവിസ് പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും ശിവസേന ഷിന്‍ഡേ പക്ഷം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തൃപ്തരായിട്ടില്ലെന്നാണ് സൂചന.

Eng­lish Sum­ma­ry: Gov­er­nor cri­sis in Maha­rash­tra too
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.